ഭക്ഷ്യ‑കാലാവസ്ഥ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ഭൂമിയുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന് ഐക്യരാഷ്ട്രസഭ

Web Desk
Posted on August 08, 2019, 10:11 pm

ന്യൂയോര്‍ക്ക്: മനുഷ്യന്റെ ഭൗമോപഭോഗ ‑ആഹാര ശീലങ്ങളിള്‍ മാറ്റം വരുത്താതെ കാലാവസ്ഥ വ്യതിയാന പ്രതിസന്ധി തരണം ചെയ്യാനാകില്ലെന്ന് ഐക്യരാഷ്ട്രസഭ. സഭയുടെ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് പഠിച്ച ആഭ്യന്തര സമിതിയാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
നമ്മുടെ ആഹാര- ഭൗമോപയോഗ ശീലങ്ങള്‍ മാറ്റാതെ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം 2015ലെ പാരിസ് ഉടമ്പടി പ്രകാരം വെട്ടിക്കുറച്ചാലും കാാലവസ്ഥ വ്യതിയാനത്തെ നേരിടാനാകില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മഞ്ഞ് രഹിത ഭൂമിയുടെ എഴുപത് ശതമാനത്തിലും നേരിട്ട് മനുഷ്യ ഇടപെടല്‍ ഉണ്ടാകുന്നുണ്ട്. മൊത്ത ഹരിതഗേഹ വാതകങ്ങളുടെ പുറന്തള്ളലിന് മനുഷ്യരുടെ പ്രവര്‍ത്തനങ്ങളാണ് 23ശതമാനം കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 1961ന് ശേഷം സസ്യഎണ്ണയുടെയും മാസംത്തിന്റെയും പ്രതിശീര്‍ഷ വിതരണം ഇരട്ടിയായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യ വിഭവത്തിന്റെ മുപ്പത് ശതമാനവും പാഴാക്കുന്നുമുണ്ട്. ഈ വസ്തുതകളാണ് ഹരിതഗേഹ വാതകങ്ങളുടെ പുറന്തള്ളിന് സുപ്രധാന കാരണമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ആഗോള ജനത ഭൂമിയും ശുദ്ധജലവും മുന്‍പില്ലാത്ത വിധം കൂടുതല്‍ ഉപയോഗിക്കുന്നു. കാര്‍ഷികാവശ്യത്തിന് ശുദ്ധജലത്തിന്റെ എഴുപത് ശതമാനം ഉപയോഗിക്കുന്നു. ഇവയെല്ലാം സ്വഭാവിക പരിസ്ഥിതി സംവിധാനത്തെയും ജൈവവൈവിധ്യത്തെയും നഷ്ടപ്പെടുത്താന്‍ കാരണമാകുന്നു. ഭൂമിയുടെ ചോഷണത്തിനും മരുവത്ക്കരണത്തിനും ഇത് ആക്കം കൂട്ടുന്നു. കാലാവസ്ഥ വ്യതിയാനം മൂലം നേരത്തെ തന്നെ ഇവയെല്ലാം വര്‍ധിച്ചിരിക്കുകയാണ്.
മണ്ണുണ്ടാകുന്നതിനെക്കാള്‍ നൂറ് മടങ്ങ് അധിക നിരക്കിലാണ് മണ്ണ് ഇല്ലാതാകുന്നത്. കാലാവസ്ഥ വ്യതിയാനം ഭൂമിയുടെ നാശത്തിന് കൂടുതല്‍ കാരണമാകുന്നു. അതൊടൊപ്പം ഭൂമിയുടെ അധഃപതനം കൂടുതല്‍ കാലാവസ്ഥ വ്യതിയാനത്തിനും ഇടയാക്കുന്നു. ഭൂമിയുടെ ഘടനയ്ക്ക് മാറ്റം വരുന്നതോടെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ ആഗിരണം ചെയ്യാനുള്ള ഭൂമിയുടെ കഴിവ് നഷ്ടമാകുന്നു. ഇത് കാലാവസ്ഥ വ്യതിയാനത്തിന് കൂടുതല്‍ കാരണമാകുന്നു.
സുസ്ഥിരമല്ലാത്ത ഭൗമോപയോഗം കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌ക്കരമാക്കുന്നു. മനുഷ്യ നിര്‍മിതമായ ഹരിതഗേഹ വാതകങ്ങളുടെ പുറന്തള്ളല്‍ ആഗോളതാപനം ഉയര്‍ത്തുന്നു. കൃഷി, വനം, മൃഗങ്ങള്‍ എന്നിവയ്ക്ക് വേണ്ടി സുസ്ഥിരമല്ലാതെ ഭൂമി ഉപയോഗിക്കുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വനാവരണം നഷ്ടമാകുന്നതും പ്രതിസന്ധിയ്ക്ക് കാരണമാകുന്നുണ്ട്. വനം കാര്‍ബണിനെ അന്തരീക്ഷത്തില്‍ നിന്ന് തന്നെ വലിച്ചെടുക്കുന്നു. അത് കൊണ്ട് തന്നെ ആഗോളതാപനത്തിന് കാര്‍ബണ്‍ പുറന്തള്ളളിന്റെ പങ്ക് കുറയ്ക്കാന്‍ സാധിക്കും.
മാംസത്തിന്റെ വര്‍ധിച്ച ഉപഭോഗം പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. മൃഗങ്ങള്‍ക്ക് മേയാനും അവര്‍ക്ക് ഭക്ഷണം നല്‍കാനുമുള്ള ഭൂമിയെ ആശ്രയിച്ചാണ് മാംസ വിതരണം നിലനില്‍ക്കുന്നത്. ഇതിനായി കൂടുതല്‍ ഭൂമി ആവശ്യമായി വരുന്നതോടെ കൂടുതല്‍ കാടുകള്‍ വെട്ടിത്തളിക്കപ്പെടുന്നു. ഇതോടെ അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ വലിച്ചെടുക്കല്‍ കുറയുന്നു. ഇവ അന്തരീക്ഷത്തില്‍ തന്നെ നിലനില്‍ക്കുകയും ആഗോളതാപനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇതിന് പുറമെ മൃഗങ്ങള്‍ മീഥൈന്‍ എന്ന ഹരിതഗൃഹവാതകം പുറന്തള്ളുകയും ചെയ്യുനനു.
അത് കൊണ്ട് തന്നെ നമ്മുടെ ആഹാര ശീലങ്ങളില്‍ കാതലായ മാറ്റം വരുത്തണമെന്ന് ഐക്യരാഷ്ട്രസഭ ശുപാര്‍ശ ചെയ്യുന്നു. സസ്യ ആഹാരങ്ങള്‍ ശീലമാക്കുന്നതിലൂടെ ഹരിത ഗേഹ വാതകങ്ങളുടെ പുറന്തള്ളല്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും. ഇതിലൂടെ കാലാവസ്ഥ വ്യതിയാനം കുറയ്ക്കാനും കഴിയുമെന്ന് ഐപിസിസിയുടെ സഹഅധ്യക്ഷന്‍ ദേബ്ര റോബര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഭക്ഷ്യ വിഭവങ്ങള്‍ പാഴാക്കുന്നത് കുറയ്ക്കുന്നതിലൂടെ ഈ ഭുമി ഭക്ഷ്യ വിതരണ ആവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥ വ്യതിയാനത്തെ നേരിടാനുള്ള മറ്റ് മാര്‍ഗങ്ങള്‍ക്കും ഈ ഭൂമി ഉപയോഗിക്കാന്‍ സാധിക്കും.
കൂടുതല്‍ വനവത്ക്കരണം ഭൂമിയുടെ വളക്കൂറ് വര്‍ധിപ്പിക്കാനും സഹായിക്കും. ഭൂമിയില്‍ കൂടുതല്‍ കാര്‍ബണ്‍ സംഭരിച്ച് വയ്ക്കുന്നതിലൂടെ കാര്‍ഷികോത്പാദനം വര്‍ധിക്കുന്നു. ഇത് ഭക്ഷ്യ സുരക്ഷിതത്വത്തിനും സഹായകമാകുന്നു.
സുസ്ഥിര ഭൗമ വിനിയോഗം കൊണ്ട് മാത്രം കാലാവസ്ഥ വ്യതിയാനത്തെ നേരിടാനാകില്ലെന്നും റിപ്പോര്‍ട്ട് അടിവരയിട്ട് പറയുന്നുണ്ട്. ഇതിനൊപ്പം തന്നെ ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗവും കുറയ്‌ക്കേണ്ടത് സുപ്രധാനമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.