Web Desk

March 21, 2020, 8:17 pm

അവശ്യവസ്തുക്കൾക്ക് അമിത വില ഈടാക്കുന്നവർക്കെതിരെ കർശന നടപടി

Janayugom Online

കൊറോണ വൈറസ് ബാധയുടെ മറവിൽ മുഖാവരണം, സാനിറ്റൈസർ, കുപ്പിവെള്ളം, തുടങ്ങിയവയ്ക്ക് അമിത വില ഈടാക്കിയ 38 വ്യാപാരികൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു. അവശ്യസാധന നിയമപ്രകാരം കുപ്പിവെള്ളത്തിന് പതിമൂന്ന് രൂപ വില നിശ്ചയിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ലംഘിച്ച് ഉയർന്ന വില ഈടാക്കിയ 28 പേർക്കെതിരെയും മുഖാവരണത്തിന് അമിത വില ഈടാക്കിയ 10 പേർക്കെതിരെയുമാണ് ഇന്നലെ നടത്തിയ പരിശോധനയിൽ കേസെടുത്തത്.

കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും വില ഏകീകരിച്ചുകൊണ്ട് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ മന്ത്രാലയം ഉത്തരവിറക്കി. രണ്ട് ലയർ ഉള്ള 2 പ്ലൈ മാസ്കിന് പരമാവധി 8 രൂപയും 3 ലയർ ഉള്ള 3‑പ്ലൈ മാസ്കിന് പരമാവധി 10 രൂപയും മാത്രമേ ഈടാക്കാൻ പാടുള്ളു. 200 മില്ലി ലിറ്റർ സാനിറ്റൈസറിന്റെ പരമാവധി വില 100 രൂപ ആയിരിക്കും. ജൂൺ 30വരെയാണ് ഉത്തരവ് പ്രാബല്യത്തിൽ ഉണ്ടാവുക.

കഴിഞ്ഞ ആഴ്ച 41 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾക്ക് അമിത വില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ലീഗൽ മെട്രോളജി കൺട്രോളർ വർഗ്ഗീസ് പണിക്കർ അറിയിച്ചു. വകുപ്പ്തല പരിശോധനകൾക്ക് പുറമേ, ജില്ലാ കളക്ടർമാർ സംഘടിപ്പിക്കുന്ന വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനാ സ്ക്വാഡുകളിലും ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പരിശോധനകൾ ഏകോപിപ്പിക്കുന്നതിന് കൺട്രോളർ ഓഫീസിലും മേഖലാ, ജില്ലാ ഓഫീസുകളിലും കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. 

ഉപഭോക്താക്കൾക്ക് 1800 425 4835 എന്ന ടോൾ ഫ്രീ നമ്പരിലും സുതാര്യം എന്ന മൊബൈൽ ആപ്ലിക്കേഷനിലും lmd.kerala.gov.in എന്ന വെബ് സൈറ്റിലും പരാതികൾ അറിയിക്കാവുന്നതാണ്.

you may also like this video;