Tuesday
19 Mar 2019

വന്‍കിടക്കാര്‍ക്കെതിരെയാണ് കര്‍ശന നടപടി വേണ്ടത്

By: Web Desk | Monday 7 January 2019 9:43 PM IST


 

prof. aravindakshan

മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കിട്ടാക്കട പ്രശ്‌നം കര്‍ശനമായി നേരിടുമെന്ന് പലകുറി പ്രഖ്യാപനങ്ങള്‍ ഉണ്ടായി എന്നതൊഴിച്ചാല്‍, യാതൊന്നും സംഭവിച്ചില്ല. സര്‍ക്കാരിന്റെ നിസംഗതാ മനോഭാവത്തിനെതിരായി വിമര്‍ശനം കടുത്തപ്പോള്‍, സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ (സിഐസി) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)ക്ക് ഒരു കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിനു കാരണം എന്തായിരുന്നു എന്നോ? വില്‍ഫുള്‍ ഡിഫാള്‍ട്ടേഴ്‌സിന്റെ പട്ടിക പുറത്തുവിടാനുള്ള സുപ്രിംകോടതിയുടെ ഓര്‍ഡര്‍ മാനിക്കാതിരുന്നതിനും ഇക്കാര്യം മുന്‍നിര്‍ത്തിതന്നെ സിഐസി നല്‍കിയ നിര്‍ദേശം നടപ്പാക്കാതിരുന്നതിനുമായിരുന്നു ഈ നോട്ടീസ്. ഡോ. രഘുരാംരാജന്‍, ആര്‍ബിഐ ഗവര്‍ണറായിരിക്കെ കണ്ടെത്തിയ വില്‍ഫുള്‍ ഡിഫാള്‍ട്ടേഴ്‌സിന്റെ ലിസ്റ്റ് പ്രധാനമന്ത്രിയുടെ ഓഫീസിന് അദ്ദേഹം അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. മോഡിയുടെ ശ്രദ്ധയില്‍ ഈ ലിസ്റ്റ് സംബന്ധമായ വിവരങ്ങള്‍ നിശ്ചയമായും പെട്ടിട്ടുണ്ടാകും. അദ്ദേഹം അറിയാതെ പിഎംഒ യില്‍ ഒരു ഈച്ച പോലും അനങ്ങില്ലെന്നത് പരസ്യമായൊരു കാര്യമാണ്. അതേസമയം, ഇതുപോലൊരു ലിസ്റ്റ് തയാറാക്കി കിട്ടാക്കടം തിരികെ കിട്ടാന്‍ കര്‍ശനമായ നടപടികള്‍ അനിവാര്യമാണെന്ന് വരുത്തിത്തീര്‍ത്ത ഡോ. രഘുറാം രാജന്‍ മോഡിക്ക് അനഭിമതനായി എന്നുമാത്രം. 2016ല്‍ ആര്‍ബിഐ ഗവര്‍ണറായിരുന്ന ഡോ. രാജന്‍ മുദ്രവച്ച കവറില്‍ വന്‍കിട കോര്‍പ്പറേറ്റ് ഡിഫാള്‍ട്ടേഴ്‌സിന്റെ ലിസ്റ്റ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിരുന്നതാണ്. ഇതോടൊപ്പമുണ്ടായിരുന്ന കുറിപ്പില്‍ ഡോ. രാജന്‍ ഒരു മുന്നറിയിപ്പുകൂടി നല്‍കിയിരുന്നു. വില്‍ഫുള്‍ ഡിഫാള്‍ട്ടേഴ്‌സ് പട്ടികയില്‍ പേരുകളുള്ളവരില്‍ ആരെങ്കിലും യഥാര്‍ഥത്തില്‍ പ്രസ്തുത വിഭാഗത്തില്‍ പെടുന്നവരല്ലെന്നു വരുന്നപക്ഷം അത് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ സാമ്പത്തികാരോഗ്യം വീണ്ടെടുക്കുന്നതിന് ഗുരുതരമായ പ്രതിബന്ധം സൃഷ്ടിക്കുകയായിരിക്കും ചെയ്യുക. അതായത് വായ്പാ തിരിച്ചടവ് വീഴ്ച വരുത്തിയവരുടെ ആസ്തി ബാധ്യതകളും മാനേജ്‌മെന്റും വിശദമായ പരിശോധനക്ക് വിധേയമാക്കുക എന്നതായിരിക്കും നല്ലത്. ഇതിന്റെ അര്‍ഥം, വീഴ്ച വരുത്തിയവരില്‍ മനഃപൂര്‍വം തിരിച്ചടവ് വീഴ്ച വരുത്തിയവര്‍ ഇല്ല എന്നല്ല എന്നുകൂടി നാം മനസിലാക്കേണ്ടതാണ്.
സുപ്രിംകോടതിയുടെ ഇടപെടലിലേക്ക് നയിച്ച ഈ കേസിന്റെ ഉത്ഭവം 2003ല്‍ സമര്‍പ്പിക്കപ്പെട്ട ഒരു പൊതുതാല്‍പര്യ ഹര്‍ജി (പിഐഎല്‍)യായിരുന്നു. ഇതിനാധാരമായ സംഭവം, സ്റ്റേറ്റ് ഉടമസ്ഥതയിലുള്ള ഹൗസിങ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ഹഡ്‌കൊ) ഏതാനും ചില കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച വായ്പകളുമായി ബന്ധപ്പെട്ടതായിരുന്നു. ഹഡ്‌കോയുടേത് സമാനമായ സംഭവപരമ്പരകളില്‍ ഒന്നു മാത്രമേ ആകുന്നുള്ളു. ഈ കേസ് ഇപ്പോള്‍ ഏത് ഘട്ടത്തിലെത്തി നില്‍ക്കുന്നു എന്ന് ഇനിയും വ്യക്തമായിട്ടില്ല. മാധ്യമങ്ങളിലൊന്നും തന്നെ ഇതേപ്പറ്റി പരാമര്‍ശങ്ങളും നടന്നു കാണുന്നില്ല. തല്‍പരകക്ഷികളോ, അനൗദ്യോഗിക അനേ്വഷണ ഏജന്‍സികളോ, എന്‍ജിഒകളോ ഇത് കുത്തിപ്പൊക്കി എടുക്കേണ്ടതായും വന്നേക്കാം. അത് അവിടെ നില്‍ക്കട്ടെ.
തൊണ്ണൂറുകളുടെ മധ്യത്തില്‍ ഇന്ത്യന്‍ ബാങ്കിങ് വ്യവസ്ഥയുടെ സാങ്കേതികവിദ്യയില്‍ പറയത്തക്ക മേന്‍മയൊന്നും ഇല്ലാതിരുന്നതിനാല്‍ അനഭിലഷണീയമായി നടന്നുവന്നിരുന്ന ബാങ്കിങ് ഇടപാടുകള്‍ കണ്ടുപിടിക്കപ്പെട്ടിരുന്നില്ല. ഈ ബലഹീനത പരമാവധി മുതലാക്കാന്‍ ബാങ്ക് വായ്പാ വെട്ടിപ്പുകാര്‍ പരിശ്രമിച്ചുവരുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ഒരേസമയം ഒന്നിലധികം ബാങ്കുകളില്‍ നിന്നെടുത്തിരുന്ന വായ്പകളുടെ തിരിച്ചടവു വീഴ്ചകള്‍ രഹസ്യമായി സൂക്ഷിക്കാനും കിട്ടാക്കടങ്ങള്‍ പെരുകാനും സൗകര്യങ്ങള്‍ ഏറെ ഉണ്ടായിരുന്നതുമാണ്. ഇന്നിപ്പോള്‍ ഈ വിധത്തിലുള്ള തിരിച്ചറിവുകള്‍ നടക്കുന്നത് എളുപ്പമല്ല. തുടക്കത്തില്‍ ആര്‍ബിഐ തന്നെ ഡിഫാള്‍ട്ടേഴ്‌സിന്റെ പട്ടിക തയാറെടുക്കുകയും അതെല്ലാം ഫ്‌ളോപ്പി ഡിസ്‌കുകളിലാക്കി വിവിധ ബാങ്കുകളില്‍ എത്തിക്കുകയുമാണ് ചെയ്തിരുന്നത്. തുടര്‍ന്നുള്ള കാലയളവില്‍ നിരവധി ക്രെഡിറ്റ് ബ്യൂറോകളും ഏജന്‍സികളും രംഗത്ത് വന്നിട്ടുണ്ട്. ഏജന്‍സികള്‍ വായ്പ വാങ്ങി തിരിച്ചടവു വീഴ്ച വരുത്തിയവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും അതെല്ലാം ബാങ്കിങ്-ധനകാര്യ മേഖലയിലാകെ പ്രവര്‍ത്തനം നടത്തിവരുന്ന വായ്പാ സ്ഥാപനങ്ങള്‍ക്ക് കൃത്യമായി ലഭ്യമാക്കുകയും ചെയ്തുവരുന്നുണ്ട്. ഇത്തരം സാഹചര്യത്തില്‍ ഒരു ഡിഫാള്‍ട്ടറിന്, പുതിയ വായ്പ മറ്റൊരു ബാങ്കില്‍ നിന്ന് സംഘടിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുകയാണ്. ഇതെല്ലാം നല്ല കാര്യം തന്നെ. സംശയമില്ല. എന്നാല്‍, ഇതുമാത്രം മതിയോ? വായ്പാദാതാക്കള്‍ക്ക് ഡിഫാള്‍ട്ടേഴ്‌സിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ കിട്ടിയ സ്ഥിതിക്ക് ഇതെപ്പറ്റി പൊതുജനങ്ങളെ അതെല്ലാം അറിയിക്കണമെന്നുണ്ടോ? ഇതുകൊണ്ടെന്തെങ്കിലും പ്രതേ്യക ഗുണമുണ്ടോ?
ഇത്തരം ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടിയും നിവര്‍ത്തിയും അനിവാര്യമാണെന്നതാണ് പൊതുജനാഭിപ്രായം. ഒന്നാമത് മൊത്തം ബാങ്കിങ് മേഖലാ ആസ്തികളുടെ 70 ശതമാനത്തോളവും പൊതുമേഖലാ ബാങ്കുകളുടേതാണ്. ഇത്രയും ആസ്തികള്‍, സ്ഥിരമായിതന്നെ സജീവമായി നിലനിര്‍ത്തുന്നത് നികുതിദായകരുടെ പണം ഉപയോഗിച്ചാണെന്ന് ഓര്‍ക്കുക. കിട്ടാക്കടങ്ങള്‍ തിരികെപിടിക്കാതെയും ഭാഗികമായി കടം വാങ്ങി വീഴ്ച വരുത്തിയ കോര്‍പ്പറേറ്റുകളുടെ കടബാധ്യത എഴുതിത്തള്ളിയും ബാങ്ക് മൂലധനം നിര്‍ജീവമാക്കുന്നത് കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ യുപിഎ, എന്‍ഡിഎ സര്‍ക്കാരുകള്‍ തുടര്‍ച്ചയായി സ്വീകരിച്ചു നടപ്പാക്കിവന്നിട്ടുള്ള പ്രക്രിയയുടെ ഫലമായിട്ടുമാണ്. പൊതുമുതല്‍ ധൂര്‍ത്തടിക്കുകയും ജനങ്ങളെ പാപ്പരാക്കുകയും ചെയ്യുന്ന ഈ പ്രക്രിയയെപ്പറ്റി കൃത്യമായി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ബാങ്കിങ് വ്യവസ്ഥയുടെ റെഗുലേറ്റര്‍ എന്ന പദവിയിലിരിക്കുന്ന ആര്‍ബിഐക്കും ആ രാജ്യഭരണം കയ്യാളുന്ന കേന്ദ്രഭരണകൂടങ്ങള്‍ക്കും ചില പരിമിതികളുണ്ട് എന്നതും ഒരു വസ്തുതയാണ്. കാരണം, വായ്പാദാതാവും വായ്പ വാങ്ങുന്നവനും തമ്മിലുള്ള കരാര്‍ വ്യവസ്ഥകള്‍ തന്നെയാണ് മുഖ്യപരിമിതി. ഇതിന്റെ പേരിലാണ് ബാങ്കിങ് റെഗുലേഷന്‍ ആക്റ്റ് കരാര്‍ വ്യവസ്ഥകള്‍ രഹസ്യമായി സൂക്ഷിക്കുക എന്ന ഏര്‍പ്പാട് കോട്ടം കൂടാതെ പിന്തുടര്‍ന്നു വരുന്നതും. കരാര്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കുന്ന വായ്പ വാങ്ങുന്നവരുടെ ഐഡന്റിറ്റി ഒരിക്കലും പൊതുജനശ്രദ്ധയില്‍ വരാന്‍ പാടില്ലെന്നതാണ് പൊതുധാരണ. ആഗോളതലത്തില്‍ തന്നെ പിന്തുടര്‍ന്നുവരുന്നൊരു മാതൃകയുമാണിത്. എന്നാല്‍, കടംവാങ്ങി മനഃപൂര്‍വം തിരിച്ചടവ് വീഴ്ച വരുത്തുന്നവരുടെ കാര്യത്തില്‍ ഈ വ്യവസ്ഥ പാലിക്കേണ്ട കാര്യവുമില്ല. അവര്‍ക്കെതിരെ നടപടികള്‍ പരസ്യമായിട്ടാണല്ലോ സ്വീകരിക്കപ്പെടുക. ഇതില്‍ അപാകതയൊന്നും ആരോപിക്കാനും കഴിയില്ല.
അതേസമയം, ആഗോളസ്ഥിതിയില്‍ നിന്നും വ്യത്യസ്തമായൊരു അനുഭവമാണ് ഇന്ത്യയിലേത്. ഇവിടെ മാത്രമാണത്രെ ‘വില്‍ഫുള്‍ ഡിഫാള്‍ട്ടേഴ്‌സ്’ എന്നൊരു പ്രതിഭാസമുള്ളത്. വായ്പാ തിരിച്ചടവ് ശേഷി വേണ്ടത്ര ഉണ്ടെങ്കില്‍ തന്നെയും വായ്പാ തിരിച്ചടവു വീഴ്ച വരുത്തുക എന്നതു ഒരു സ്ഥിരം ഏര്‍പ്പാടായി പിന്തുടര്‍ന്നുവരുന്നവരാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍. ഈ സ്ഥിതി വിശേഷം അഭംഗുരം തുടരുന്നു എന്നതില്‍ തെറ്റൊന്നും തന്നെ ഇവര്‍ കാണുന്നുമില്ല. കാലാകാലങ്ങളില്‍ റെഗുലേറ്റര്‍മാരോ, ഭരണകൂടങ്ങളോ, സമാനമായ മനോഭാവമാണ് പുലര്‍ത്തിവന്നിട്ടുള്ളത്. ഈ ഘട്ടത്തില്‍ ഉയരുന്ന പ്രസക്തമായ പ്രശ്‌നമെന്തെന്നോ? ഈ വായ്പാ വെട്ടിപ്പ് അനിശ്ചിതകാലത്തേക്ക് തുടരാന്‍ അനുവദിക്കുന്നത് ശരിയാണോ എന്നതാണിത്. ആര്‍ക്കാണ് ഇതിന് കൃത്യമായൊരു വിശദീകരണം നല്‍കാന്‍ കഴിയുക? അതോ, ഉത്തരവാദിത്തം ആര്‍ക്കാണെന്ന് കണ്ടെത്താന്‍ വല്ല മെഡിക്കല്‍ പരിശോധനയും ആവശ്യമായി വരുമോ? നിയമശാസ്ത്രപരമായൊരു മെഡിക്കല്‍ പരിശോധന (ഫോറന്‍സിക് ടെസ്റ്റ്) തന്നെ ഒരുപക്ഷെ വേണ്ടി വന്നേക്കാം. രാഷ്ട്രീയ പാര്‍ട്ടികളെയോ, അവര്‍ നേതൃത്വം നല്‍കുന്ന ഭരണകൂടങ്ങളെയോ, ഇക്കാര്യത്തില്‍ വിശ്വാസത്തിലെടുക്കാനാവില്ല. അങ്ങനെ ശാസ്ത്രീയമായൊരു പരിശോധനയ്ക്ക് ശേഷം വില്‍ഫുള്‍ ഡിഫാള്‍ട്ടറാണെന്ന് തെളിയിക്കപ്പെട്ടൊരു വ്യക്തിയൊ, സ്ഥാപനമോ തുടര്‍ന്നും തിരിച്ചടവ് കരാര്‍ ലംഘിക്കുന്ന പക്ഷം കരാറിന്റെ പവിത്രത മാനിക്കണമെന്നില്ല. ഒരുപക്ഷെ, ഇക്കൂട്ടത്തില്‍ ചില വ്യക്തികളും സ്ഥാപനങ്ങളും വില്‍ഫുള്‍ ഡിഫാള്‍ട്ടേഴ്‌സായി തുടരുന്നതിന് അവരുടെ നിയന്ത്രണങ്ങള്‍ക്കതീതമായ ബാഹ്യസാഹചര്യങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്നായിരിക്കാനും സാധ്യതയുണ്ട്. ഏതായാലും, ഒരു കാര്യത്തില്‍ കേന്ദ്രത്തിലെ മോഡി സര്‍ക്കാരും ആര്‍ബിഐയും കര്‍ശനമായൊരു നിലപാടും സമീപനവും സ്വീകരിച്ചേ മതിയാകൂ. വില്‍ഫുള്‍ ഡിഫാള്‍ട്ടേഴ്‌സിന്റെ പട്ടികയിലുള്ള മുഴുവന്‍ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരുവിവരങ്ങള്‍ താമസിയാതെ പൊതുജനശ്രദ്ധയിലെത്തിക്കുക എന്നതാണിത്. ഇക്കൂട്ടത്തില്‍ അദാനിമാരും അംബാനിമാരും മറ്റും ഉണ്ടായിരിക്കാം. ഇതില്‍ത്തന്നെ നിയന്ത്രണാതീതമായ കാരണങ്ങളാല്‍ തിരിച്ചടവ് വീഴ്ച വരുത്തിയവരെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതാണ് കരണീയം. മറ്റുള്ളവരെ തെമ്മാടികളും കൊള്ളക്കാരുമായി പരിഗണിക്കുകയാണ് വേണ്ടത്. എന്നാല്‍, ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ കോര്‍പ്പറേറ്റ് പ്രീണന സ്വഭാവം പരിഗണിക്കുന്ന പക്ഷം, ഇത്തരമൊരു നയസമീപനമോ നടപടിയോ സമീപകാലത്തൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
(അവസാനിച്ചു)

Related News