June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 27, 2022

അഴിമതിക്കാർക്കെതിരെ കർശന നടപടിയുണ്ടാവണം

By Janayugom Webdesk
February 17, 2020

മുൻ യുഡിഎഫ് മന്ത്രിസഭയിലുണ്ടായിരുന്ന മറ്റൊരു മുൻ മന്ത്രിക്കെതിരെ കൂടി വിജിലൻസ് അന്വേഷണത്തിന് ഉത്തരവായിരിക്കുന്നു. അഴിമതിക്കേസിൽ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്ത അതേദിവസമാണ് ശിവകുമാറിനെതിരായ ഉത്തരവുമുണ്ടായിരിക്കുന്നത്. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന മുൻ യുഡിഎഫ് മന്ത്രിസഭയിലെ എട്ടാമത്തെയാൾക്കെതിരെയുള്ള വിജിലൻസ് അന്വേഷണമാണിത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ നിയമസഭയിൽ നല്കിയ മറുപടി പ്രകാരം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻമന്ത്രിമാരായ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, കെ ബാബു, അടൂർ പ്രകാശ്, അനൂപ് ജേക്കബ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർക്കെതിരെ അന്വേഷണം നടക്കുകയാണ്. അതിന് പിന്നാലെയാണ് വി എസ് ശിവകുമാറിനെതിരായ അന്വേഷണത്തിന് ഉത്തരവുണ്ടായിരിക്കുന്നത്. അധികാരം സ്വത്തുസമ്പാദനത്തിനും സ്വജനപക്ഷപാതിത്തത്തിനുമുള്ള വഴിയായുപയോഗിച്ചതാണ് എല്ലാവർക്കുമെതിരായ അന്വേഷണത്തിന്റെ പ്രധാനകാരണം.

ഉദ്യോഗസ്ഥ സ്ഥാനക്കയറ്റത്തിൽ ഇടപെട്ടു, സ്വകാര്യ വിനോദ സഞ്ചാര സംരംഭത്തിന് അനധികൃതമായി സർക്കാർ ഭൂമി നൽകുന്നതിൽ ഇടപെട്ടു തുടങ്ങിയ ആരോപണങ്ങളാണ് രമേശ് ചെന്നിത്തലയ്ക്കെതിരെയുള്ളത്. സഹമന്ത്രിമാരുടെ സ്വജന പക്ഷപാതത്തിനും അഴിമതിക്കും കൂട്ടുനിന്നുവെന്നതിനൊപ്പം കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് ഉമ്മൻചാണ്ടിക്കെതിരെയുള്ളത്. ബാർകോഴക്കേസിന് പുറമേ അനധികൃത സ്വത്തു സമ്പാദനവും കെ ബാബുവിന് മേൽ ആരോപിക്കപ്പെട്ടിട്ടുണ്ട്. എറണാകുളത്തെ 127 ഏക്കർ തണ്ണീർത്തടം നിയമവിരുദ്ധമായി നികത്തുന്നതിന് കൂട്ടുനിന്നുവെന്നതാണ് അടൂർ പ്രകാശ്, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരായ അന്വേഷണ കാരണമെങ്കിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പിൽ അനധികൃത വില്പനയാണ് അനൂപ് ജേക്കബ്ബിനെ പ്രതിസ്ഥാനത്തു നിർത്തുന്നത്. തങ്ങളുടെ വകുപ്പുകൾ ഉപയോഗിച്ച് നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തുകയും വൻകിടക്കാരായ പലർക്കും വഴിവിട്ട് സഹായം ചെയ്യുകയും ചെയ്തുവെന്നതിനൊപ്പം തന്നെ അനധികൃത സ്വത്തുസമ്പാദനവും ഇവരുടെയെല്ലാം പേരിലുണ്ട് എന്നത് ഗൗരവതരമാണ്. മന്ത്രിയായിരിക്കെ ശിവകുമാർ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നുവെന്ന് നിരവധി പരാതികൾ വിജിലൻസിന് ലഭിച്ചിരുന്നു.

തിരുവനന്തപുരത്ത് ആശുപത്രി വാങ്ങിയതും അനധികൃതമായി വിദേശയാത്രകൾ നടത്തിയതും ബിനാമി പേരിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയതുമടക്കമുള്ള ആരോപണങ്ങളാണ് ശിവകുമാറിനെതിരെ ഉയർന്നിരുന്നത്. സുഹൃത്തുക്കൾ, പേഴ്‍സണൽ സ്റ്റാഫ് അംഗങ്ങൾ, കുടുംബാംഗങ്ങൾ എന്നിവരുടെ പേരിലെല്ലാം ശിവകുമാർ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. പരാതി അനുസരിച്ച് ശിവകുമാറുമായി ബന്ധമുള്ള ഏഴ് പേരുടെ സ്വത്തുവിവരങ്ങള്‍ വിജിലന്‍സ് പരിശോധിച്ചതിൽ ശിവകുമാര്‍ മന്ത്രിയായിരുന്നപ്പോള്‍ ഇവരുടെയെല്ലാം സ്വത്തില്‍ ഇരട്ടി വര്‍ധന ഉണ്ടായെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. വി കെ ഇബ്രാഹിംകുഞ്ഞ് ചോദ്യം ചെയ്യപ്പെട്ട പാലാരിവട്ടം പാലം അഴിമതിക്കേസ് യുഡിഎഫ് ഭരണകാലത്തുനടന്ന നാണം കെട്ട അഴിമതിയാണ് പുറത്തുകൊണ്ടുവരുന്നത്.

കൊച്ചിപോലെ പ്രധാനപ്പെട്ട നഗരത്തിന്റെ ഭാഗമായ പാലാരിവട്ടത്ത് പാലം പണിയുന്നതിൽ നടന്ന ഞെട്ടിക്കുന്ന അഴിമതിയിൽ മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിന്റെ പങ്കാണ് അന്വേഷണ വിധേയമായത്. നിലവാരമില്ലാത്ത സിമന്റിന്റെ ഉപയോഗം, ആവശ്യമായത്ര കമ്പി ഉപയോഗിച്ചില്ല. പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയതിലും ക്രമക്കേട്‌ നടന്നു. പാലത്തിൽ വിള്ളലുണ്ടായി. യാത്രചെയ്യാനാവാത്തവിധം അപകടനിലയിലുമായി. മന്ത്രിമാർക്കെതിരെ അഴിമതി ആരോപണവും അന്വേഷണവും പുതിയ കാര്യമല്ലെങ്കിലും മുൻ യുഡിഎഫ് മന്ത്രിമാർക്കെതിരെ ഉണ്ടായിരിക്കുന്ന അഴിമതിക്കേസുകൾ ഗുരുതരവും അപൂർവ്വവിചിത്രവുമാണ്. ആരോഗ്യമന്ത്രിയായിരിക്കേ സ്വകാര്യ ആശുപത്രിതന്നെ സ്വന്തം പേരിൽ പതിച്ചുവാങ്ങിയ മന്ത്രി എവിടെയെങ്കിലുമുണ്ടാകുമെന്ന് തോന്നുന്നില്ല. അതുപോലെതന്നെ മന്ത്രിയുടെ നേരിട്ടുള്ള കാർമ്മികത്വത്തിൽ നടന്ന അഴിമതിയെ തുടർന്ന് നിർമ്മിച്ച പാലം പൊളിച്ചുപണിയേണ്ടി വരുമെന്ന സാഹചര്യമുണ്ടായ അഴിമതിക്കേസും അപൂർവ്വമായിരിക്കും. സോളാർകേസിന്റെ കാര്യത്തിലും ഇതേ സമാനതകൾ നിലനില്ക്കുന്നുണ്ട്.

അപൂർവ്വവും വിചിത്രവുമാണ് ആ കേസും. അങ്ങനെ അഴിമതി നടത്തുന്നതിൽ ജ്ഞാനപീഠം കയറിയവരെന്നപോലെ സംസ്ഥാന ഖജനാവ് കുത്തിത്തുറന്ന് നേട്ടമുണ്ടാക്കിയവരാണ് ഈ അഴിമതിക്കഥയിലെ നായകരെന്നാണ് പ്രാഥമികാന്വേഷണവും തുടരന്വേഷണങ്ങളും വ്യക്തമാക്കുന്നത്. സർക്കാരിന്റെ അവസാനകാലത്ത് കരിമ്പിൻതോട്ടത്തിൽ ആനക്കൂട്ടം കയറിയെന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ അഴിമതി ഉത്തരവുകൾ പുറപ്പെടുവിച്ചതും ഇതോട് കൂട്ടിവായിക്കണം. ആയിരക്കണക്കിന് ഏക്കർ നെൽവയലുകളും തണ്ണീർത്തടങ്ങളും ഇല്ലാതാക്കിയേക്കാവുന്ന നികത്തലിനുള്ളത്, തോട്ടങ്ങൾ കയ്യേറ്റക്കാർക്ക് നിയമനവിരുദ്ധമായി പതിച്ചുനൽകുന്നതിന് എന്നിങ്ങനെ ഉത്തരവുകളുടെ പെരുമഴയായിരുന്നു 2016ൽ അധികാരത്തിൽ നിന്ന് പുറത്തുപോകുന്നതിന് തൊട്ടുമുമ്പുള്ള യുഡിഎഫിന്റെ ഭരണമാസം. ഇതെല്ലാംകൊണ്ടുതന്നെ സൂക്ഷ്മവും സമഗ്രവുമായ അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുന്നതിനുള്ള നടപടികൾ അനിവാര്യമാണ്. അത് രാഷ്ട്രീയത്തിന്റെ വിശുദ്ധിയെക്കുറിച്ചുള്ള സംശയദൂരീകരണത്തിനും അത്യാവശ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.