Janayugom Online
chandhra shekaran- janayugam

ഭൂമിയുടെ പേരിൽ അത്യാഗ്രഹത്തോടെ ചെയ്യുന്ന കാര്യങ്ങൾ നിയന്ത്രിക്കാൻ കർശന നടപടി: മന്ത്രി ഇ ചന്ദ്രശേഖരൻ

Web Desk
Posted on November 14, 2019, 9:56 pm

തിരുവനന്തപുരം: ഭൂമിയുടെ പേരിൽ അത്യാഗ്രഹത്തോടെ ചെയ്യുന്ന കാര്യങ്ങൾ നിയന്ത്രിക്കാൻ സർക്കാരിന്റെ ഭാഗത്തു നിന്നും കർശന നടപടി സ്വീകരിക്കുമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ. സംസ്ഥാനത്തെ പുറമ്പോക്ക് ഭൂമിയുടെ വിസ്തീർണം 22.63 ലക്ഷം ഏക്കറാണെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. ഉടമസ്ഥരില്ലാതെ കിടക്കുന്ന ഭൂമികൾ 1964ലെ നിയമപ്രകാരം സർക്കാരിലേക്ക് ഏറ്റെടുത്തിട്ടുണ്ട്. അപ്രകാരം 6282.67 ഏക്കറാണ് ഏറ്റെടുത്തത്. ഇത്തരത്തിൽ ഏറ്റെടുക്കുന്ന ഭൂമി സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും ഭൂരഹിതരായവർക്ക് കൃഷി ചെയ്യുന്നതിനും ഭവനരഹിതർക്ക് വീടുവച്ചു നൽകുന്നതിനും പതിച്ചു നൽകുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. റീ സർവെയുമായി ബന്ധപ്പെട്ട് നിലവിൽ പരാതികൾ ഉയർന്നിട്ടുണ്ട്. ഇവിടങ്ങളിൽ അഡീഷണൽ തഹസിൽദാറിന്റെ നേതൃത്വത്തിൽ പ്രശ്നപരിഹാരത്തിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ആകെയുള്ള 1664 വില്ലേജുകളിൽ 906 വില്ലേജുകളുടെ റീസർവേ നടപടികൾ പൂർത്തിയാക്കി റവന്യുവകുപ്പിന് കൈമാറിയിട്ടുണ്ട്. ശേഷിക്കുന്ന 30 വില്ലേജുകളുടെ റീ സർവെ നടപടികൾ നടന്നുവരികയാണ്. പാട്ടക്കുടിശിക വരുത്തിയ ക്ലബുകൾക്ക് പാട്ടക്കരാർ പുതുക്കാനും അല്ലാത്തവരുടെ ഭൂമി തിരിച്ച് ഏറ്റെടുക്കുവാനുമുള്ള നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. കടലുവച്ച ഭൂമി നിയമപരമായി ഭൂരഹിതർക്ക് പതിച്ചുകൊടുക്കൻ കഴിയില്ല. സംസ്ഥാനത്തെ സർവെയിൽ ഉൾപ്പെട്ടതല്ല ഇത്. ഇത്തരം ഭൂമി പതിച്ചുകൊടുക്കുന്നതിന് രേഖകളിൽ ഇല്ലാത്ത ഭൂമി നൽകുന്നതിനു തുല്യമാണ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കോടതികളിൽ നിലനിൽക്കുന്ന കേസുകളിൽ എത്രയും പെട്ടെന്ന് തീർപ്പാക്കുന്നതന് നടപടി സ്വീകരിക്കുമെന്ന് മുല്ലക്കര രത്നാകരൻ, കെ രാജൻ, ഗീതാഗോപി, ഇ ടി ടൈസൺ മാസ്റ്റർ, ആർ രാമചന്ദ്രൻ, ഇ എസ് ബിജിമോൾ എന്നിവരെ മന്ത്രി അറിയിച്ചു.

ആരാധനാലയങ്ങൾ അടക്കമുള്ള സ്ഥാപനങ്ങൾ അനധികൃതമായി കൈവശം വച്ചിരിക്കുന്ന സർക്കാർ ഭൂമി കണ്ടെത്തി താലൂക്ക് സർവെയർ മുഖാന്തരം അളന്നുതിരിച്ച് കേരള ഭൂസംരക്ഷണ നിയമപ്രകാരം സർക്കാരിലേക്ക് വീണ്ടെടുക്കുന്നതിന് നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് റവന്യുമന്ത്രി പറഞ്ഞു. അത്തരത്തിൽ ഏതാനും ഭൂമി കണ്ടെത്തിയിട്ടുണ്ട്. വർഷങ്ങളായി സ്ഥാപനങ്ങൾ കൈവശം വച്ച ഭൂമി വ്യവസ്ഥകൾക്ക് വിധേയമായി ഓരോ സ്ഥാപനത്തിന്റയും പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമായ ഭൂമി പാട്ടത്തിനോ അല്ലെങ്കിൽ അതിന്റെ കമ്പോള വില ഈടാക്കിയോ പതിച്ചുനൽകുന്നതിനുള്ള നിർദ്ദേശം പരിഗണിച്ചു വരുന്നതായി മന്ത്രി അറിയിച്ചു.

ഒരു വകുപ്പിൽ നിന്നും മറ്റ് വകുപ്പിലേക്ക് ഭൂമി കൈമാറ്റം ചെയ്യുന്നത് റവന്യുവകുപ്പ് മുഖേനയാണെങ്കിൽ നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ കഴിയും. റവന്യുവകുപ്പിൽ നിന്ന് മറ്റ് വകുപ്പിലേക്ക് ഭൂമി കൈമാറ്റം ചെയ്താൽ സങ്കീർണമായ നടപടിക്രമം ലഘൂകരിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.