മിണ്ടാപ്രാണികളോടുള്ള ക്രൂരത തുടര്‍ന്നാല്‍ കര്‍ശന നടപടി: മന്ത്രി കെ രാജു

Web Desk
Posted on July 10, 2019, 9:04 pm

തിരുവനന്തപുരം: മിണ്ടാപ്രാണികളോടുള്ള ക്രൂരത തുടര്‍ന്നാല്‍ അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ രാജു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ ഗോശാല സന്ദര്‍ശിച്ച് പശുക്കളുടെ ദയനീയാവസ്ഥ നേരില്‍ കണ്ടതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോശാലയിലെ പശുക്കളുടെ ജീവന്‍ രക്ഷിക്കുന്നതിനായി അടിയന്തരമായി ഭക്ഷണമെത്തിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനുസരിച്ച് സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സില്‍ നിന്നും ആവശ്യമായ കാലിത്തീറ്റയും ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ പച്ചപ്പുല്ലും ഗോശാലയിലെത്തിച്ചു. ഡോക്ടര്‍മാരുടെ വിദഗ്ധസംഘം ഗോശാലയിലെത്തി പശുക്കളെ പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. അവരുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ചശേഷം ആവശ്യമെങ്കില്‍ ഗോശാല സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

മിണ്ടാ പ്രാണികളോട് കാണിക്കുന്ന ക്രൂരത വച്ചുപൊറുപ്പിക്കാന്‍ കഴിയില്ല. സമൂഹത്തിലെ പ്രമുഖര്‍ ഉള്‍പ്പെടുന്ന ട്രസ്റ്റ് ഗോശാല നടത്തിപ്പില്‍ കാണിക്കുന്ന കടുത്ത അനാസ്ഥയാണ് വെളിവാക്കപ്പെട്ടത്. മേല്‍ക്കൂരപോലുമില്ലാത്ത ഷെഡിലാണ് പശുക്കളെ പാര്‍പ്പിച്ചിരിക്കുന്നത്. അവയ്ക്ക് ഭക്ഷണം പോലും കൃത്യമായി കിട്ടുന്നില്ല. മിണ്ടാപ്രാണികളോട് ക്രൂരതകാട്ടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന താക്കീതുകൂടി നല്‍കിയാണ് മന്ത്രി മടങ്ങിയത്. മൃഗസംരക്ഷണ വകുപ്പിലെയും ക്ഷീരവികസന വകുപ്പിലെയും വിവിധ ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

ബിജെപി എംപി സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ അംഗമായുള്ള സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാലയിലെ പശുക്കളാണ് ദുരിതത്തിലായത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് പാല്‍ നല്‍കാനെന്ന പേരിലാണ് സ്വകാര്യ ട്രസ്റ്റ് ക്ഷേത്ര പരിസരത്ത് ഗോശാല ആരംഭിച്ചത്. കീറിയ ടാര്‍പോളിന്‍ കെട്ടിയ ഷെഡിലാണ് പശുക്കളെ കെട്ടിയിരിക്കുന്നത്. 19 പശുക്കളും 17 കിടാങ്ങളും അടക്കം 36 കാലികളാണ് ഗോശാലയിലുള്ളത്. ഗോശാലയെ കുറിച്ചുള്ള പരാതി ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്. ചൊവ്വാഴ്ച ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും ഗോശാല സന്ദര്‍ശിച്ചു.