Web Desk

തിരുവനന്തപുരം

May 04, 2021, 8:32 am

സംസ്ഥാനത്ത്‌ സമ്പൂർണ്ണ ലോക്ഡൗൺ ഉണ്ടാകുമോ? തീരുമാനം വെള്ളിയാഴ്ച, ഇന്നുമുതൽ ‘ടെസ്റ്റ്‌ ഡോസ്‌’

Janayugom Online

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ ഒമ്പത് വരെ സംസ്ഥാനത്ത് ലോക് ഡൗണിന് സമാനമായ കടുത്ത നിയന്ത്രണം. അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകൾ അനുവദിക്കില്ല. സ്വകാര്യസ്ഥാപനങ്ങളിൽ ജോലിക്ക് പോകുന്നവർ തിരിച്ചറിയൽ രേഖ കരുതണം. ദീർഘദൂര ബസ് സർവീസ്, ട്രെയിൻ, വിമാനസർവീസ് എന്നിവ അനുവദിക്കും. വിമാനത്താവളങ്ങൾ, റയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ആശുപത്രികൾ തുടങ്ങിയിടങ്ങളിലേക്കുള്ള പൊതുഗതാഗതം, ചരക്കുഗതാഗതം, സ്വകാര്യ വാഹനങ്ങൾ, ഓട്ടോറിക്ഷകൾ, ടാക്‌സികൾ എന്നിവയ്ക്കും അനുവാദമുണ്ട്. ഇങ്ങനെ യാത്രചെയ്യുന്നവർ കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുകയും ആവശ്യമായ യാത്രാരേഖകൾ കൈവശം വയ്ക്കുകയും വേണം.

മരുന്ന്, പഴം, പച്ചക്കറി, മത്സ്യം, പാല്‍, പലചരക്ക് തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും സര്‍വീസ് സെന്ററുകള്‍ എന്നിവയ്ക്കും പ്രവര്‍ത്തനാനുമതി ഉണ്ട്. റേഷൻ , സിവിൽ സപ്ലൈസ് ഷോപ്പുകൾ തുറക്കും. ഓക്സിജനും ആരോഗ്യമേഖലയ്ക്ക് വേണ്ട വസ്തുക്കളുടെയും നീക്കം തടസമില്ലാതെ അനുവദിക്കും. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാത്രി ഒമ്പത് മണിവരെ ഹോം ഡെലിവറിയും പാഴ്സലും മാത്രമാണ് അനുവദിച്ചിരിക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ അടിയന്തര സേവന മേഖലയിലുള്ള ഓഫീസുകള്‍ക്ക് മാത്രമേ ഈ ദിനങ്ങളില്‍ പ്രവര്‍ത്തനാനുമതിയുള്ളൂ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. ബാക്കിയുള്ള സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം അവശ്യസര്‍വീസുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും.

ബാങ്കുകളില്‍ പൊതുജനങ്ങള്‍ക്ക് ഒരു മണിവരെ മാത്രമായിരിക്കും പ്രവേശനം. ബാങ്കുകൾക്ക് അതിന്റെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഉച്ചയ്ക്ക് രണ്ടുമണിവരെ സമയമുണ്ടാകും. ടെലികോം, ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്‌സ്, പെട്രോനെറ്റ്, പെട്രോളിയം, പാചക വാതക യൂണിറ്റ് എന്നിവയുടെ വാഹനങ്ങള്‍ക്കും ജീവനക്കാര്‍ക്കും തടസ്സമില്ല. ഐടി അനുബന്ധ സ്ഥാപനങ്ങളില്‍ അത്യാവശ്യ ജീവനക്കാര്‍ക്കാർക്ക് മാത്രമാണ് അനുമതി. അതിഥി തൊഴിലാളികൾക്ക് അതാതിടത്ത് ജോലി ചെയ്യുന്നതിന് തടസ്സമില്ല. 24 മണിക്കൂറും പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Eng­lish sum­ma­ry: Strict covid Restric­tions in Kerala

You may also like this video: