രാജ്യവ്യാപകമായി കോവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളവും നിയന്ത്രണങ്ങൾ കടുപ്പിക്കും. കോവിഡ് രണ്ടാം തരംഗം തുടങ്ങുന്നത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര നിർദ്ദേശാനുസരണം കേരളവും നിയന്ത്രണം കർശനമാക്കുന്നത്.
കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കുന്നതിന് ചീഫ് സെക്രട്ടറി വി പി ജോയിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. കോവിഡ് കേസുകള്‍ വര്‍ധിക്കുകയും നിയമസഭ തെരഞ്ഞെടുപ്പു അവസാനിക്കുകയും മാറ്റിവച്ച എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ആരംഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, പോളിങ് ഏജന്റുമാര്‍, തെരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ സജീവമായി പങ്കെടുത്തവര്‍ എന്നിവര്‍ വളരെയേറെ ശ്രദ്ധിക്കണമെന്നും യോഗം നിർദ്ദേശിച്ചു. എന്തെങ്കിലും കോവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം നിരീക്ഷണത്തില്‍ കഴിയേണ്ടതും കോവിഡ് പരിശോധന നടത്തേണ്ടതുമാണ്. 45 വയസ് കഴിഞ്ഞവര്‍ എത്രയും വേഗം കോവിഡ് വാക്സിനെടുക്കണം. ഇതിനായി www.cowin.gov.in എന്ന വെബ്സൈറ്റില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
കണ്ണി പൊട്ടിക്കൽ (ബ്രേക് ദ ചെയിൻ) ക്യാമ്പയിൻ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്നു ഉറപ്പു വരുത്താൻ പൊലീസിനു ഡിജിപി നിർദ്ദേശം നൽകി. മാസ്ക് കൃത്യമായി ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ പൊലീസ് നടപടിയുണ്ടാകും. ഇതിനായി ക്രമസമാധാന വിഭാഗം എഡിജിപി, മേഖല ഐജിമാർ, ഡിഐജിമാർ എന്നിവർക്കു പുറമേ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ, സബ്ഡിവിഷണൽ ഓഫീസർമാർ, ജില്ല പൊലീസ് മേധാവികൾ എന്നിവരെ ഡിജിപി ചുമതലപ്പെടുത്തി. നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനുള്ള നോഡൽ ഓഫീസറായി ക്രമസമാധാന വിഭാഗം എഡിജിപി വിജയ് എസ് സാഖറെയെ നിയോഗിക്കുകയും ചെയ്തു.
ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിക്കുാൻ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കു ഒരാഴ്ച ക്വാറന്റൈൻ നിർബന്ധമാക്കും. കോവിഡ് 19 പരിശോധനകളുടെ എണ്ണം വർധിപ്പിക്കും. നിലവിൽ അറുപതിനായിരത്തോളം സാമ്പിളുകൾ പരിശോധിച്ചുവരുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത മുഴുവൻ ആളുകളും ആർടിപിസിആർ പരിശോധന നടത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ജനങ്ങൾ ബ്രേക് ദ ചെയിൻ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും പ്രായമായവരും കുട്ടികളും അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാവൂ എന്നും നിർദ്ദേശത്തിലുണ്ട്.
നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 42 പേർക്കെതിരെ കേസെടുത്തു. 21 പേർ അറസ്റ്റിലായി. ഒരു വാഹനവും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 88 സംഭവങ്ങളും ക്വാറന്റൈൻ ലംഘിച്ച ഒരു കേസും റിപ്പോർട്ടുചെയ്തു.
English summary: strict covid restrictions in Kerala from Today
You may also like this video: