ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്

Web Desk
Posted on October 21, 2019, 10:36 pm

ബാങ്കിംഗ് മേഖലയിലെ ജനവിരുദ്ധ പരിഷ്കരണങ്ങൾ അവസാനിപ്പിക്കണമെന്നും ബാങ്ക് ലയന തീരുമാനം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ ഇന്ന് ദേശവ്യാപകമായ പണിമുടക്കിലാണ്. രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക മാന്ദ്യത്തിന്റെ പരിഹാരമെന്ന നിലയിൽ പ്രഖ്യാപിച്ച പത്തോളം ബാങ്കുകളുടെ ലയനതീരുമാനമാണ് ജീവനക്കാരുടെ പണിമുടക്കിനുള്ള പ്രധാനകാരണമായത്. ഈ മേഖലയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങളും വിഷയങ്ങളും ഏറ്റവുമധികം ബാധിക്കുന്ന വിഭാഗമെന്ന നിലയിൽ അവയെല്ലാം പണിമുടക്കിൽ ഉന്നയിക്കപ്പെടുന്നുണ്ട്. ജനവിരുദ്ധമായ നിരവധി പരിഷ്കരണങ്ങളാണ് ഈ മേഖലയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി നടപ്പിലാക്കിവരുന്നത്. അതുകൊണ്ടുതന്നെ പൊതുമേഖലാ ബാങ്കുകളെന്ന സങ്കൽപ്പം തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. സാധാരണ ജനവിഭാഗങ്ങളുടെ പണമിടപാടുകളിലൂടെ ലാഭമുണ്ടാക്കുകയും അത് സ്വകാര്യ വ്യക്തികളുടെ സമ്പാദ്യത്തിലേയ്ക്ക് പോകുകയും ചെയ്തിരുന്ന സാഹചര്യത്തിലാണ് ബാങ്കുകളുടെ ദേശസാൽക്കരണമെന്ന ആവശ്യമുയരുന്നത്. ബാങ്ക് ജീവനക്കാരും പൊതു രാഷ്ട്രീയ പ്രസ്ഥാനങ്ങളും നടത്തിയ ദശകങ്ങൾ നീണ്ട സമരങ്ങളിലൂടെയാണ് ദേശസാൽക്കരണമെന്നത് യാഥാർഥ്യമായത്.

അമ്പതു വർഷങ്ങൾക്കു മുമ്പാണ് 14 സ്വകാര്യബാങ്കുകൾ ദേശസാൽക്കരിക്കുന്നതിനുള്ള ഓർഡിനൻസ് പുറപ്പെടുവിച്ചത്. അതിന് പിന്നീട് ബാങ്കിംഗ് വ്യവസായം രാജ്യത്തിന്റെ സമ്പദ്ഘടനയുടെയും ജനജീവിതത്തെ നിർണ്ണയിക്കുന്നതിന്റെയും അവിഭാജ്യഘടകമായി. ബാങ്കുകൾ ജനകീയ ബാങ്കുകളെന്ന പേരിൽ നാടിന്റെ വികസനത്തിന്റെയും ഭാഗമായി. കാർഷിക — വ്യാവസായിക മേഖലകളിൽ പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള വായ്പകളും അടിസ്ഥാന സൗകര്യങ്ങളും നൽകുന്നതിനും ലാഭമായി ലഭിക്കുന്ന തുക പൊതുഖജനാവിലേക്ക് എത്തുന്നതിലൂടെ വികസന പ്രക്രിയയ്ക്ക് ഉപയോഗിക്കപ്പെടുന്നതിനും ബാങ്കിംഗ് ദേശസാൽക്കരണം വഴിവച്ചു. എന്നാൽ ഇരുപത്തിയഞ്ച് വർഷങ്ങൾക്കു മുമ്പ് രാജ്യത്താരംഭിച്ച ഉദാരവൽക്കരണ നയങ്ങൾ ബാങ്കുകളുൾപ്പെടെയുള്ള പൊതുമേഖലയുടെ മരണമണി മുഴക്കിയാണ് സഞ്ചാരമാരംഭിച്ചത്. ഇതിന്റെ പേരിലുണ്ടായ പരിഷ്കരണങ്ങൾ ബാങ്കിംഗ് മേഖലയെ ജനകീയമെന്ന പദത്തിൽ നിന്ന് അകറ്റുകയും കോർപ്പറേറ്റുകളുടേയും വൻകിട സാമ്പത്തിക ശക്തികളുടേതുമാക്കി മാറ്റുകയും ചെയ്തു. അതിന്റെ ഫലമായുണ്ടായ പ്രതിസന്ധികളാണ് ഈ മേഖല പ്രധാനമായും ഇ­പ്പോൾ അഭിമുഖീകരിക്കുന്നത്. സാധാരണക്കാരുടെ കിട്ടാതാകുന്ന കുറഞ്ഞ തു­ക­യ്ക്കുള്ള വായ്പകൾ കർശന നടപടികളിലൂടെ തിരിച്ചുപിടിക്കുമ്പോൾ തന്നെ വ­ൻകിടക്കാരുടെ ഭീമമായതുകയ്ക്കുള്ള വായ്പകൾ എഴുതിത്തള്ളുകയും കിട്ടാക്കടങ്ങ­ൾ നിഷ്ക്രിയ ആസ്തികളാക്കി മാറ്റപ്പെടുകയും ചെയ്യുന്നു. ഇതുവഴി സാധാരണ നിലയിൽ ഓരോ വർഷവും പ്രവർത്തന ലാഭം നേ­ടുന്നുവെങ്കിലും യഥാർഥ ക­ണക്കിൽ ബാങ്കുകൾ നഷ്ടത്തിൽ പതിക്കുന്നു. പത്തു വർഷത്തിനിടെ കോർപ്പറേറ്റുകളുടെ 6, 19, 000 കോടി രൂപയുടെ വായ്പയാണ് എഴുതിത്തള്ളിയത്. ഇതിൽ 5, 13, 000 കോടി രൂപയും കഴിഞ്ഞ അഞ്ചുവർഷത്തിനിടെയായിരുന്നു. സാധാരണക്കാരിൽ നിന്ന് നിക്ഷേപമായി സ്വീകരിക്കുന്ന പണം പോലും കൊള്ളയടിക്കപ്പെടുന്നതിനാണ് ഇത് വഴിവയ്ക്കുന്നത്.

സാധാരണ നിക്ഷേപകരുടെ താൽപര്യങ്ങളും സംരക്ഷിക്കപ്പെടുന്നതിന് പകരം വൻകിടക്കാരുടെ ബോധപൂർവമായ വീഴ്ചകൾക്ക് സംരക്ഷണം നൽകുന്ന സമീപനമാണ് സർക്കാരിന്റെ ഒത്താശയോടെ ബാങ്കുകളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. മാത്രമല്ല ഇപ്പോഴുണ്ടായിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ പേരിൽ പ്രഖ്യാപിക്കുന്ന ഉത്തേജക പാക്കേജുകളിൽ ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ടവ സാധാരണ നിക്ഷേപകരെയല്ല വൻകിട വായ്പക്കാരെയാണ് സഹായിക്കുന്നതെന്നും മനസിലാക്കാവുന്നതാണ്. അതിൽ പ്രധാനം നിരക്കുകൾ കുറയ്ക്കുകയെന്ന റിസർവ് ബാങ്കിന്റെ തീരുമാനമാണ്. ഒറ്റനോട്ടത്തിൽ വായ്പകളുടെ പലിശ നിരക്കു കുറയുമെന്നാണ് തോന്നുകയെങ്കിലും സാധാരണക്കാർ അധ്വാനിച്ച് നിക്ഷേപിക്കുന്ന പണത്തിന്റെ പലിശ നിരക്കിലും കുറവുണ്ടാകുമെന്നതിനാൽ ഇത് കൂടുതൽ ബാധിക്കുക പാവപ്പെട്ടവരെയും അധ്വാനിക്കുന്നവരെയും ഇടത്തരക്കാരെയും തന്നെയായിരിക്കും. അതേസമയം കൂടുതൽ വായ്പകൾ സംഘടിപ്പിക്കുകയും ബോധപൂർവം വീഴ്ചവരുത്തുകയും ചെയ്യുന്നവർക്ക് സഹായകമാവുകയും ചെയ്യും. ഇതോടൊപ്പം തന്നെയാണ് ജീവനക്കാരുടെ ജോലിഭാരം വർധിപ്പിക്കുന്ന തസ്തികകൾ വെട്ടിക്കുറയ്ക്കുക, ശാഖകൾ അടച്ചുപൂട്ടുക തുടങ്ങിയ നടപടികളുമുണ്ടാകുന്നത്.

ആത്യന്തികമായി ഇത് ജീവനക്കാർക്ക് ദോഷകരമാണെന്ന് തോന്നാമെങ്കിലും ഇടപാടുകാർക്കും ഇതിന്റെ പ്രയാസങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ഏകദേശം ഒരുലക്ഷം തസ്തികകളാണ് ബാങ്കിംഗ് മേഖലയിൽ ഒഴിഞ്ഞുകിടക്കുന്നത്. മതിയായ ജീവനക്കാരില്ലാത്തതിനാൽ ഇടപാടുകാർക്ക് മെച്ചപ്പെട്ട സേവനം ലഭിക്കാത്ത സാഹചര്യമാണുണ്ടാകുന്നത്. ഇതിലൂടെ മറ്റൊരു അപകടം കൂടി സംഭവിക്കാവുന്നതാണ്. ചെറുകിടവായ്പ തേടിയെത്തുന്നവർക്ക് യഥാസമയം സേവനം ലഭ്യമാകാതെ വരുമ്പോൾ അവർക്ക് അനധികൃത — നിയമവിരുദ്ധ ഇടപാടുകാരെ സമീപിക്കേണ്ട സാഹചര്യവും സൃഷ്ടിക്കുന്നു. ബാങ്കുകളുടെ ലയനം നടക്കുമ്പോഴും ഇതേ പ്രയാസം തന്നെയാണ് ഉണ്ടാകുന്നത്. ശാഖകളുടെ എണ്ണം കുറയുകയും സേവനലഭ്യത പരിമിതപ്പെടുകയും ചെയ്യുന്നു. ബാങ്കിംഗ് മേഖലയുടെ ശാക്തീകരണത്തിന് കൂടുതൽ ഗ്രാമങ്ങളിലേക്ക് ബാങ്കിംഗ് സേവനം എത്തിക്കുകയാണ് വേണ്ടത്. അതിന് പകരം ശാഖകളുടെ അടച്ചുപൂട്ടലാണ് നടക്കുന്നത്. ഇതെല്ലാംതന്നെ പൊതുമേഖലാ ബാങ്കിംഗിന്റെ തകർച്ചയ്ക്കാണ് വഴിവയ്ക്കുക. അര നൂറ്റാണ്ടു മുമ്പ് എന്തിന് വേണ്ടിയാണോ ബാങ്കുകളുടെ ദേശസാൽക്കരണം നടന്നത് അതിന് വിപരീതമായ കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നർത്ഥം.