October 4, 2022 Tuesday

Related news

March 28, 2022
March 28, 2022
March 28, 2022
March 28, 2022
March 27, 2022
March 25, 2022
November 23, 2020
November 21, 2020
November 21, 2020
November 17, 2020

26 ന് പണിമുടക്ക്: രാജ്യം നിശ്ചലമാകും

സ്വന്തം ലേഖകൻ
ന്യൂഡൽഹി:
November 17, 2020 9:21 pm

സ്വന്തം ലേഖകൻ

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി, ജനവിരുദ്ധ നയങ്ങൾക്കും, നിയമങ്ങൾക്കും എതിരെ 26ന് നടക്കുന്ന തൊഴിലാളികളുടെയും, ജീവനക്കാരുടെയും പണിമുടക്കിൽ രാജ്യം നിശ്ചലമാകും. പണിമുടക്ക് തീരുമാനത്തിൽനിന്നും പിന്നോട്ടില്ലെന്ന് ഡൽഹിയിൽ ചേർന്ന കേന്ദ്ര ട്രേഡ് യൂണിയൻ യോഗം പ്രഖ്യാപിച്ചു. എഐടിയുസി, സിഐടിയു, ഐഎൻടിയുസി, എച്ച്‌എംഎസ്‌, എഐയുടിയുസി, എഐസിസിടിയു, ടിയുസിസി, സേവ , എൽപിഎഫ്‌, യുടിയുസി എന്നീ കേന്ദ്ര ട്രേഡ്‌ യൂണിയനുകളും ജീവനക്കാരുടെ ദേശീയ ഫെഡറേഷനുകളും അസോസിയേഷനുകളും പണിമുടക്കിൽ അണിചേരും. കർഷക വിരുദ്ധ നിയമങ്ങൾക്കെതിരായി കൃഷിക്കാർ 26, 27 തീയതികളിൽ നടത്തുന്ന ഡൽഹി ചലോ കർഷക മാർച്ചിന് പിന്തുണ പ്രഖ്യാപനം കൂടിയാണ് പണിമുടക്കെന്ന് കേന്ദ്ര തൊഴിലാളി സംഘടനകൾ അറിയിച്ചു. രാജ്യമെമ്പാടും പണിമുടക്ക് വിജയമാക്കുന്നതിനുള്ള പ്രചാരണപ്രവർത്തനങ്ങൾ നടന്നുവരുകയാണ്.

തിങ്കളാഴ്ച ഡൽഹിയിൽ ചേർന്ന യോഗം ഒരുക്കങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി. പണിമുടക്ക് ആഹ്വാനത്തോട് രാജ്യമെങ്ങുമുള്ള തൊഴിലാളികള്‍ ആവേശത്തോടെയാണ് പ്രതികരിച്ചിട്ടുള്ളത്. വിവിധ മേഖലകളിൽ ആഴ്ചതോറും തൊഴിലാളി പ്രകടനങ്ങളും ബഹുജന കൂട്ടായ്മകളും നടന്നുവരുകയാണ്. പോസ്റ്റർ, ലഘുലേഖ പ്രചാരണങ്ങളും ആവേശത്തോടെ മുന്നേറുകയാണ്. കോവിഡ് പ്രതിരോധ മാർഗനിർദ്ദേശങ്ങൾ പാലിച്ച് ചിട്ടയോടെയുള്ള പ്രവർത്തനങ്ങളാണ് തൊഴിലാളി സംഘടനകൾ സംയുക്തമായും തനിച്ചും നടത്തിക്കൊണ്ടിരിക്കുന്നത്. തൊഴിലാളികൾക്കും കർഷകർക്കും പുറമെ വിദ്യാർത്ഥികള്‍, യുവജനങ്ങൾ, വനിതകൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നും പണിമുടക്കിൽ അണിചേരും.

പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ സംഘടനകളും അധ്യാപക സർവീസ് സംഘടനകളും പണിമുടക്ക് നോട്ടീസ് നൽകിക്കഴിഞ്ഞു. ഓൾ ഇന്ത്യാ കിസാൻ സംഘര്‍ഷ് സംയുക്ത സമിതിയുടെ പണിമുടക്കിനുള്ള പിന്തുണയിൽ കേന്ദ്ര ട്രേഡ് യൂണിയൻ യോഗം നന്ദി രേഖപ്പെടുത്തി. സാധാരണക്കാർക്കും തൊഴിലാളികള്‍ക്കും ആശ്വാസകരമായ പദ്ധതികൾ പ്രഖ്യാപിക്കുന്നതിന് പകരം കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്ന കേന്ദ്ര സർക്കാരിനെതിരായ പോരാട്ടത്തിന് ഒരുമിച്ചുചേരണമെന്നും സംഘടനകൾ ആഹ്വാനം ചെയ്തു.

ഏഴിന ആവശ്യങ്ങള്‍

കർഷകദ്രോഹ നിയമങ്ങളും തൊഴിലാളി വിരുദ്ധ കോഡുകളും പിൻവലിക്കുക, പ്രധാന മേഖലകളിലെ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക, കേന്ദ്ര സർവീസ്–പൊതുമേഖലാ ജീവനക്കാരെ നിർബന്ധപൂർവം പിരിച്ചുവിടുന്നത്‌ അവസാനിപ്പിക്കുക, ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപ അക്കൗണ്ടിൽ നിക്ഷേപിക്കുക, ആവശ്യക്കാരായ എല്ലാവർക്കും പ്രതിമാസം 10 കിലോവീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകുക , വർഷം 200 തൊഴിൽദിനം വർധിപ്പിച്ച വേതനത്തിൽ ലഭ്യമാക്കാനായി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി വിപുലീകരിക്കുക, നഗരങ്ങളിലും പദ്ധതി നടപ്പാക്കുക, എല്ലാവർക്കും പെൻഷൻ നൽകുക, പുതിയ പെൻഷൻ പദ്ധതിക്കു പകരം മുൻ സംവിധാനം പുനഃസ്ഥാപിക്കുക, എംപ്ലോയീസ്‌ പെൻഷൻ പദ്ധതി-1995 മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

ENGLISH SUMMARY: Strike on the 26th: The coun­try will come to a standstill

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.