Saturday
23 Feb 2019

തോല്‍ക്കാന്‍ പാടില്ലാത്ത സമരങ്ങള്‍

By: Web Desk | Friday 14 September 2018 10:05 PM IST


farmer’s strike- janayuom

p a vasudevan

വീണ്ടും ഒരു മഹാ കര്‍ഷക മോര്‍ച്ച ഈയിടെ ഡല്‍ഹിയില്‍ നടന്നു. ഇതിനുമുമ്പ് ജന്തര്‍മന്ദിറിനെ അടിമുടി ഉലച്ച തെന്നിന്ത്യന്‍ കര്‍ഷക സംഘടനകള്‍ അരങ്ങേറിയ വമ്പന്‍ പ്രതിഷേധം ദിവസങ്ങളോളം ഡല്‍ഹിയെ സ്തംഭിച്ചിരുന്നു. വെറുതെ ശക്തി കാണിക്കാന്‍ ഒത്തുചേര്‍ന്നതായിരുന്നില്ല അവര്‍. മഴയും വെയിലും സഹിച്ച് ദൂരം താണ്ടി വന്ന് ഡല്‍ഹിയില്‍ ഭക്ഷണവും പ്രാഥമിക സൗകര്യങ്ങളും ത്യജിച്ച് ലക്ഷങ്ങള്‍ വന്നുചേര്‍ന്നത് അസഹനീയ സാഹചര്യത്തിലായിരുന്നു. ദുരിതക്കയത്തില്‍ പെട്ട കര്‍ഷകര്‍ തന്നെയായിരുന്നു ഹരിയാനയിലും രാജസ്ഥാനിലും പാതകള്‍ തടഞ്ഞ് കാര്‍ഷികോല്‍പന്നങ്ങള്‍ റോഡില്‍ വിതറി, പാല്‍ റോഡില്‍ ഒഴിച്ചുകളഞ്ഞ് അമര്‍ഷം പ്രകടിപ്പിച്ചത്.

എന്തിനാണ് കര്‍ഷകര്‍ ഇങ്ങനെ അത്യപൂര്‍വമാംവിധം കലാപ പാതയിലെത്തുന്നതെന്ന് ആരെങ്കിലും ചിന്തിച്ചുവോ? അവരുടെ അരികെ ചെന്ന് പരിഹാര നിര്‍ദേശത്തിനായി അനുഭാവപൂര്‍വം സര്‍ക്കാരുകള്‍ പരിശ്രമിച്ചുവോ. ഇല്ലെന്നതിന്റെ തെളിവാണ്, ഇതെഴുതുന്നതിന്റെ തലേന്നാള്‍ ഡല്‍ഹിയില്‍ മൂന്നരലക്ഷം കര്‍ഷകര്‍ ഒത്തുചേര്‍ന്ന് ആവശ്യങ്ങള്‍ക്കായി നഗരത്തെ സ്തംഭിപ്പിച്ചത്. ഇതൊരു സ്ഥിരം നാടകമാക്കാന്‍ പറ്റിയ കാര്യമല്ല. കര്‍ഷക സംഘടനകളുടെ മേലും അതുണ്ടാക്കുന്ന സമ്മര്‍ദം ചെറുതല്ല. കര്‍ഷകരുടെ പേരില്‍ നടത്തുന്ന തട്ടിപ്പുകള്‍ കുറച്ചും ചെറുതുമല്ല. വന്‍ നഗരമായ മുംബൈയില്‍ എസ്ബിഐ മൂന്ന് അക്കൗണ്ടുകളിലായി 29.95 കോടി രൂപ വായ്പ നല്‍കിയതായി കാണുന്നു. അവിടെ ഏഴ് അക്കൗണ്ടുകളിലായി 27 കോടി കാര്‍ഷിക വായ്പയായി നല്‍കിയത്രെ. എന്തു കൃഷിയാണവിടെ നടക്കുന്നത്. കൃഷിയുമായി ഒരു ബന്ധവുമില്ലാത്തവരുടെ പേരിലാണ് കാര്‍ഷിക വായ്പാ ഫണ്ട് നല്‍കിയത്.

ഇടത്തട്ടുകാരും വമ്പന്‍ വ്യവസായികളും ഒത്താശയായിട്ടാണ് കര്‍ഷകരുടെ പേരിലുള്ള ഫണ്ട് അട്ടിമറിച്ച് സ്വന്തമാക്കുന്നത്. കൃഷിയുമായി യാതൊരു ബന്ധമില്ലാത്തവര്‍ക്കു പോലും എവിടെയോ കിടക്കുന്ന ഇതുവരെ കൃഷിയിറക്കാത്ത ഭൂമിയുടെ പേരില്‍ വന്‍ വായ്പകള്‍ നല്‍കി കര്‍ഷകര്‍ക്കുള്ള അവസരം നിഷേധിക്കുന്നു. ബാങ്കുദേ്യാഗസ്ഥരും ഇതിന് കൂട്ടുണ്ട്. ഇതിന്‍മേലുള്ള വളരെ താഴ്ന്ന പലിശ കാരണം പണം സ്വന്തമാക്കി കച്ചവടാവശ്യങ്ങള്‍ക്കുപയോഗിക്കുന്നു. കര്‍ഷകര്‍ക്ക് വേണ്ട സമയത്ത് ഫണ്ട് ഇല്ലെന്ന വിവരമാണ് കിട്ടുന്നത്. പൊതുപണം അര്‍ഹതയില്ലാത്ത അതിസമ്പന്നര്‍ക്ക് മറിച്ചുനല്‍കുമ്പോള്‍ നിഷേധിക്കപ്പെടുന്നത് കര്‍ഷകരുടെ അവസരവും നിലനില്‍പ്പുമാണ്. ഇതിനൊക്കെ എതിരായാണ് നിരന്തരമായ സമരങ്ങള്‍ക്ക് കര്‍ഷകര്‍ നിര്‍ബന്ധിതരാവുന്നത്. കാലാകാലങ്ങളിലായി കര്‍ഷകര്‍ നടത്തിവന്ന പ്രക്ഷോഭങ്ങള്‍ സഹിക്കാന്‍ വയ്യാത്ത ദുരിതങ്ങളുടെ ഫലമാണെന്ന് കഴിഞ്ഞ കുറേ കര്‍ഷകസമരങ്ങളുടെ സ്വഭാവം പരിശോധിച്ചാലറിയാം. ഇതെക്കുറിച്ച് നടത്തിയ ഒരു ഗവേഷണ പഠനപ്രകാരം ഗ്രാമീണ കാര്‍ഷിക പ്രതിസന്ധി നഗരങ്ങളിലെ പുരോഗതിയുടെ നൈഷ്ഫല്യം എന്നീ പ്രധാന കാരണങ്ങളാണ് കര്‍ഷക പ്രക്ഷോഭങ്ങളുടെ അടിത്തറയായി വര്‍ത്തിക്കുന്നത്. 1990കളില്‍ ആരംഭിച്ച സാമ്പത്തിക രാഷ്ട്രീയ ഘടനയിലെ മാറ്റമാണ് കാര്‍ഷികരംഗത്തെ ഏറ്റവുമധികം കുഴപ്പത്തിലാക്കിത്. സര്‍ക്കാരിന്റെ കോര്‍പറേറ്റ് അനുകൂല പോളിസികള്‍ കൃഷിയുടെ സകലരംഗങ്ങളെയും തളര്‍ത്തി. മധ്യപ്രദേശിലെ മന്‍സൂറില്‍ കടം എഴുതിത്തള്ളണമെന്നും യുക്തിസഹ താങ്ങുവില നിശ്ചയിക്കണമെന്നും കാണിച്ച് കര്‍ഷകര്‍ തുടങ്ങിയ സമരം യുപി, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് വ്യാപിക്കുകയും മാസങ്ങളോളം നീണ്ടുനില്‍ക്കുകയും ചെയ്തു. അത് അമര്‍ച്ച ചെയ്യാനുള്ള ശ്രമത്തില്‍ നൂറു കൃഷിക്കാര്‍ വെടിയേറ്റ് മരിച്ചു.

സമരം പടരുകയായിരുന്നു. അതേ സമയത്താണ് എല്ലും തലയോട്ടിയും ചത്ത എലികളുമായി തമിഴ്‌നാട്ടില്‍ നിന്നെത്തിയ ആയിരക്കണക്കിന് കര്‍ഷകര്‍ ജന്തര്‍മന്ദിര്‍ സ്തംഭിപ്പിച്ചത്. വീണ്ടും അതേ സമയത്തുതന്നെ സിക്കാര്‍ ജില്ലയിലെ കര്‍ഷകര്‍ സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് ജില്ല സ്തംഭിപ്പിച്ചു. കര്‍ഷകര്‍ക്കനുഭാവമായി മറ്റ് തുറകളിലുള്ള തൊഴിലാളികളും തെരുവിലിറങ്ങി. അവസാനം ഒറ്റയൊറ്റ സമരങ്ങള്‍ 180 കര്‍ഷക പ്രസ്ഥാനങ്ങളുടെ കൂട്ടായ ഒരു പ്ലാറ്റ്‌ഫോറത്തിലെത്തി- ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓഡിനേഷന്‍ കമ്മിറ്റി. അതിന്റെ നേതൃത്വത്തില്‍ 2017 നവംബര്‍ 20-21 തീയതികളില്‍ ആയിരങ്ങള്‍ പങ്കെടുത്ത ‘കിസാന്‍ സന്‍സദ്’ ഡല്‍ഹിയില്‍ നടന്നു. അടുത്തതായിരുന്നു 50000 പേര്‍ പങ്കെടുത്ത നാഷിക്-മുംബൈ മാര്‍ച്ച്.
സുസംഘടിതവും സമാധാനപരവുമായ ഈ വമ്പന്‍ മാര്‍ച്ച് ലോകത്തിലെ തന്നെ അത്യപൂര്‍വമായ അനുഭവമായിരുന്നു. അവരില്‍ വിവിധ സാമൂഹിക-സാമുദായിക ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നു. തീര്‍ത്തും പുതിയ കാഴ്ചപ്പാടോടെ ഒത്തുകൂടിയ അവരുടെ അജന്‍ഡയും പ്രവര്‍ത്തനശൈലിയും വ്യത്യസ്തങ്ങളായിരുന്നു. കര്‍ഷകസമരങ്ങള്‍ക്ക് ഒരു പുതിയ മുഖഛായ ഉണ്ടാവുകയായിരുന്നു.
സംഘടിത രാഷ്ട്രീയഗ്രൂപ്പുകളും സ്ത്രീസംഘടനകളും ഈ പ്രതിഷേധത്തിന്റെ ഭാഗമായി. ഒരു പ്രൊഫഷണല്‍ നേതൃത്വനിര കര്‍ഷകരെ സഹായിക്കാനെത്തിയിരുന്നു. ദേശീയ പത്രങ്ങള്‍ ഇതിനെ ‘കര്‍ഷക കലാപം’ എന്നാണ് വിശേഷിപ്പിച്ചത്. എങ്ങനെ വിശേഷിപ്പിച്ചാലും രാഷ്ട്രീയ-സാമൂഹിക മുന്നേറ്റങ്ങളില്‍ ഒരു ഗുണപരമായ മാറ്റമാണ് കര്‍ഷകസമരങ്ങള്‍ സൃഷ്ടിച്ചത്. ഇത് ആശാവഹമായൊരു തുടക്കമാണ്. ഒരുപക്ഷെ ഇനി വരാന്‍ പോകുന്ന കര്‍ഷകസമരങ്ങള്‍ ചെറുതും ഒറ്റപ്പെട്ടതും പരാജയപ്പെടാനുള്ളതുമാവില്ല. അതായത് സര്‍ക്കാരുകള്‍ക്ക് ഇനി കര്‍ഷക ഡിമാന്റുകളെ പഴയപോലെ അവഗണിക്കാനാവില്ല. ജോധ്കയുടെ വിശേഷണത്തില്‍ ഇത് ‘എമേര്‍ജന്റ് റൂറാലിറ്റീസ് ആണ്. ഈ റൂറാലിറ്റി പഴയ ഗ്രാമീണ സമൂഹങ്ങളുടെ സ്വഭാവമുള്ളതാവില്ല. കൃഷിയെ പാടെ പാര്‍ശ്വവല്‍ക്കരിച്ച സാമ്പത്തിക നയത്തിന്റെ അടിസ്ഥാനത്തെപോലും നിരാകരിക്കുന്ന ഒരു ഘടനയാവും നിലവില്‍ വരിക. അത് ഉയര്‍ത്തുന്ന സമരങ്ങള്‍ നിഷേധിക്കുക എളുപ്പമാവില്ല.

പാര്‍ശ്വവല്‍കൃത സാമൂഹികവിഭാഗത്തെ ശക്തമായൊരു രാഷ്ട്രീയ അജന്‍ഡയിലേക്ക് ചേര്‍ത്തുവയ്ക്കാനുള്ള ദേശീയ നീക്കമാണ് സംഭവിക്കുന്നത്. ഭൂരഹിത കര്‍ഷകര്‍, ഹരിതവിപ്ലവത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍, കോര്‍പറേറ്റ് കൃഷിയില്‍ തകര്‍ന്നുപോയ ചെറുകിട കര്‍ഷകര്‍, തൊഴിലില്ലാതായ കര്‍ഷകത്തൊഴിലാളികള്‍ ഇവരുടെയൊക്കെ പ്രശ്‌നങ്ങള്‍ സജീവരാഷ്ട്രീയ കാര്യപരിപാടിയില്‍ നിന്ന് വിട്ടുപോയതായാണ് അനുഭവം. അതുകൊണ്ട് കഴിയുന്നത്ര കൃഷിയില്‍ നിന്നു വിട്ടുനില്‍ക്കാനും ചെറിയ ചെറിയ ജോലികള്‍ പോലും സ്വീകരിച്ച് നഗരങ്ങളിലേക്ക് നീങ്ങാനും കര്‍ഷകര്‍ ശ്രമിച്ചു. ഇതൊക്കെയാണ് ഇനി വരുന്ന കാലത്തെ രാഷട്രീയ അജന്‍ഡയുടെയും കര്‍ഷക സമരങ്ങളുടെയും ഭാഗമാവേണ്ടത്.
ഗ്രാമങ്ങളില്‍ സംഭവിക്കുന്ന ആഴത്തിലുള്ള, എന്നാല്‍ പുറത്തേക്ക് ശാന്തമായ സാമൂഹിക-സാമ്പത്തിക മാറ്റങ്ങളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ നടന്ന, ഇന്നും അരങ്ങേറാന്‍ തയാറായി നില്‍ക്കുന്ന കര്‍ഷക സമരങ്ങളിലുള്ളത്. ഒറ്റമൂലി പരിഹാരങ്ങളുമായി അവയെ നേരിടരുത്. 1980 കളില്‍ പൊന്തിവന്ന ഗ്രാമീണദാരിദ്ര്യം, സമാന്തര തൊഴില്‍ സാധ്യത, തൊഴില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഇന്ന് വീണ്ടും തുടര്‍ച്ചകള്‍ തേടുന്നു. സമരങ്ങളെ തോല്‍വിയും ജയവുമായി ന്യൂനീകരിക്കരുത്. കര്‍ഷകരെ തോല്‍പിച്ചാല്‍ ഇന്ത്യ തോല്‍ക്കും.