പുളിക്കല്‍ സനില്‍രാഘവന്‍

June 11, 2021, 1:54 pm

ബിജെപി കേന്ദ്ര നേതൃത്വത്തിന് കടുത്ത് പ്രതിഷേധം: നേതാക്കളെ കാണാതെ സുരേന്ദ്രൻ മ‍ടങ്ങുന്നു

Janayugom Online

നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വി, കള്ളപ്പണവിവാദം, സി.കെ. ജാനുവിന് പണം നൽകിയെന്ന ആരോപണം, പ്രസീദയുടെ വെളിപ്പെടുത്തല്, മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥി കെ. സുന്ദരയെ സ്ഥാനാർഥിത്ത്വത്തില്‍ നിന്നും പിൻവലിപ്പിക്കാൻ പണം നൽകിയെന്ന കേസ് തുടങ്ങിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന ബിജെപിയിൽ നേതൃമാറ്റമുണ്ടാകുമെന്ന് അഭ്യൂഹങ്ങൾ ശക്തമാകുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ പരിശോധിക്കാൻ പ്രധാനമന്ത്രി നിയോഗിച്ച പ്രമുഖരിൽ ചിലർ നൽകിയ റിപ്പോർട്ടിലും നേതൃമാറ്റം വേണമെന്ന ശുപാർശ ഉണ്ടായിരുന്നു. ദയനീയമായ തെരഞ്ഞെടുപ്പ്‌ തോൽവിക്ക്‌ പിന്നാലെ ബിജെപിക്ക്‌ നാണക്കേടായ കുഴൽപ്പണ–- കള്ളപ്പണ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‌ കേന്ദ്ര നേതൃത്വത്തിന്റെ ശാസന. ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയാണ്‌ വ്യാഴാഴ്‌ച സുരേന്ദ്രനെ ഡൽഹിയിലെ വസതിയിൽ വിളിച്ചുവരുത്തി ശാസിച്ചത്‌. കേന്ദ്ര സഹമന്ത്രി വി മുരളീധരനും ഒപ്പമുണ്ടായിരുന്നു. ആഭ്യന്തരമന്ത്രി അമിത്‌ ഷായെ നേരിൽ കണ്ട്‌ വിശദീകരണം നൽകാനുള്ള സുരേന്ദ്രന്റെ നീക്കവും പരാജയപ്പെട്ടു. അമിത്‌ ഷായെ കാണാൻ അനുമതി തേടിയെങ്കിലും നിരാകരിക്കപ്പെട്ടു. വനം–-പരിസ്ഥിതി മന്ത്രി പ്രകാശ്‌ ജാവദേക്കറും കൂടിക്കാഴ്‌ചയ്‌ക്ക്‌ വിസമ്മതിച്ചു.തെരഞ്ഞെടുപ്പ്‌ തോൽവിയേക്കാൾ കുഴൽപ്പണ–- കള്ളപ്പണ വിവാദമാണ്‌ കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചത്‌. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വിവാദങ്ങളിൽ ക്ഷുഭിതരാണെന്ന്‌ നഡ്ഡ വ്യക്തമാക്കി. കേന്ദ്ര നേതൃത്വം നൽകിയ തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ സംസ്ഥാന നേതൃത്വത്തിൽ ഒരു വിഭാഗം അടിച്ചുമാറ്റിയെന്ന ഉറച്ചവിശ്വാസത്തിലാണ്‌ നഡ്ഡയടക്കമുള്ള നേതാക്കൾ.

ഇത്‌ വ്യക്തമാക്കുന്ന തെളിവുകൾ സുരേന്ദ്രന്‌ മുമ്പാകെ നിരത്തി. സുരേന്ദ്രൻ–- മുരളീധരൻ കൂട്ടുക്കെട്ടിന്റെ തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ തട്ടിക്കൽ അടക്കം, ക്രമക്കേടുകൾക്കെതിരായി സംസ്ഥാനത്തുനിന്ന്‌ ലഭിച്ച നാൽപ്പതോളം പരാതി മുന്നിൽവച്ചായിരുന്നു നഡ്ഡയുടെ ചോദ്യംചെയ്യൽ. ഇ ശ്രീധരൻ, ജേക്കബ്‌ തോമസ്‌, സി വി ആനന്ദബോസ്‌ എന്നിവർ നൽകിയ ഇടക്കാല റിപ്പോർട്ടിലെ വിവരങ്ങളും അക്കമിട്ട്‌ നിരത്തി. സി കെ ജാനുവിന്‌ 10 ലക്ഷം, കെ സുന്ദരയ്‌ക്ക്‌ രണ്ടര ലക്ഷം തുടങ്ങിയ വിവാദങ്ങളും ദേശീയ അധ്യക്ഷൻ ഉയർത്തി. ഒരു വിഷയത്തിലും തൃപ്‌തികരമായ വിശദീകരണം സുരേന്ദ്രനുണ്ടായില്ലെന്നാണ്‌ പാർടി വൃത്തങ്ങളിൽ നിന്നുള്ള സൂചന.കേരളത്തിലെ ബിജെപിയിൽ നേതൃമാറ്റം വേണമെന്നും ബൂത്തുതലം മുതൽ പാർട്ടി അഴിച്ചുപണിയണമെന്നും ശുപാർശ ചെയ്ത് പ്രധാനമന്ത്രിക്കും ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്കും സി വി ആന്ദബോസ് അടക്കമുള്ള പ്രമുഖരുടെ റിപ്പോർട്ട്. പ്രവർത്തകരിൽ ഭൂരിപക്ഷം പേർക്കും സംസ്ഥാന നേതൃത്വത്തോട് താത്‌പര്യമില്ല. തിരഞ്ഞെടുപ്പു ഫണ്ട് കൈകാര്യം ചെയ്തതിൽ പാളിച്ചകളുണ്ടായി. ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള പ്രചാരണം ജനങ്ങളിൽ അവമതിപ്പുണ്ടാക്കിയെന്നും റിപ്പോർട്ടിലുണ്ട്. തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിന് തൊട്ടു പിന്നാലെയാണ് പ്രധാനമന്ത്രി പാർട്ടിയുടെ പരാജയത്തിന്റെ കാരണങ്ങൾ പരിശോധിച്ചും പരിഹാരം നിർദേശിച്ചും റിപ്പോർട്ട് നൽകാൻ സി.വി. ആനന്ദബോസ്, ജേക്കബ് തോമസ് തുടങ്ങിയവരെ വെവ്വേറെ നിയോഗിച്ചത്. ഇവർ പാർട്ടിയുമായി ബന്ധപ്പെട്ട വിവിധ തലങ്ങളിലുള്ളവരിൽനിന്ന് അഭിപ്രായങ്ങൾ തേടി. നേതൃമാറ്റം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ സി.വി. ആനന്ദ ബോസ് ഇതിനായി നാലു നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. പുതിയ നേതൃത്വത്തെ കൊണ്ടുവരലാണ് ഒന്നാമത്തെ നിർദേശം. നിലവിലുള്ള നേതാക്കൾ സ്വമേധയാ രാജിവെക്കുകയും കാര്യങ്ങൾ പരിശോധിച്ചശേഷം പുതിയ നേതൃത്വത്തെ നിശ്ചയിക്കുകയും ചെയ്യുകയെന്നതാണ് രണ്ടാമത്തേത്. പ്രശ്നങ്ങളില്ലാത്ത പഴയ നേതാക്കൾക്കും പുതിയ കമ്മിറ്റിയിൽ അനിവാര്യമെങ്കിൽ തിരിച്ചുവരാം. സംസ്ഥാനത്തെ പാർട്ടിഘടകത്തിൽ ഉൾപ്പെടുത്താൻ കഴിയാത്തവരുടെ സേവനം മറ്റു സംസ്ഥാനങ്ങളിലോ കേന്ദ്ര തലത്തിലോ ഉപയോഗിക്കണമെന്നതാണ് മൂന്നാമത്തേത്.

ഇവരെ പ്രഭാരിമാർ, കേന്ദ്ര സർക്കാരിന്റെ സമിതി അംഗങ്ങൾ എന്നീ നിലകളിൽ നിയോഗിക്കണം. ബൂത്തുതലം മുതൽ പാർട്ടിയെ ഉടച്ചു വാർക്കണമെന്നാണ് നാലാമത്തെ നിർദേശം. പാർട്ടിയിൽ പ്രവർത്തകരും ജനങ്ങളും തമ്മിലുള്ള ബന്ധം നഷ്ടമായത് തിരിച്ചുപിടിക്കണം. ജനങ്ങൾക്ക് എന്തെങ്കിലും ആവശ്യം വന്നാൽ ആദ്യം ഓടിയെത്തുന്നത് ബി.ജെ.പി. പ്രവർത്തകരായിരിക്കണം. ന്യൂനപക്ഷങ്ങളെ പാർട്ടിയുമായി കൂടുതൽ അടുപ്പിക്കണം. ഗ്രൂപ്പിസം പാർട്ടിയെ കാർന്നുതിന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്. നേതാക്കൾ തമ്മിൽ പതിവ് ആശയവിനിമയംപോലും നടക്കാത്ത നിലയാണ് പലയിടത്തും. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിനിർണയം വൈകിയത്, അതിലെ പാളിച്ചകൾ, ചില സ്ഥാനാർഥികളുടെ കാര്യത്തിൽ കൈക്കൊണ്ട യുക്തിസഹമല്ലാത്ത നിലപാടുകൾ തുടങ്ങിയവ പ്രതിച്ഛായ നഷ്ടമാക്കി. തിരഞ്ഞെടുപ്പ് ഫണ്ട് ഔദ്യോഗിക വിഭാഗം മാത്രമാണ് കൈകാര്യം ചെയ്തതെന്നും തങ്ങൾ ഇടപെട്ടിട്ടില്ലെന്നും സ്ഥാനാർഥികൾതന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ഉദാഹരണസഹിതം വ്യക്തമാക്കുന്നു. കേരളത്തെപ്പോലെ ചെറിയ ഒരു സംസ്ഥാനത്ത് തിരഞ്ഞെടുപ്പ പ്രചാരണത്തിന് ഹെലികോപ്റ്റർ ആഡംബരമാണെന്നും റിപ്പോർട്ടിൽ പറയുന്നു.വിവാദങ്ങളിൽ കൂടുതൽ പരിശോധന നടത്തിയ ശേഷമാകും നേതൃമാറ്റമടക്കമുള്ള കാര്യങ്ങളിലേക്ക്‌  കേന്ദ്രനേതൃത്വം നീങ്ങുക. യുപി, ബംഗാൾ, കർണാടക എന്നിവിടങ്ങളിലെ സംഘടനാപ്രശ്‌നങ്ങൾ പരിഹരിക്കാനാണ്‌ ദേശീയ നേതൃത്വം മുൻഗണന നൽകുന്നത്‌.കുഴൽപ്പണ വിവാദം അടക്കമുള്ള വിഷയങ്ങളിൽ ആഭ്യന്തരമന്ത്രി അമിത്‌ ഷായെ നേരിൽ കണ്ട്‌ വിശദീകരണം നൽകാനുള്ള കെ സുരേന്ദ്രന്റെ നീക്കം പരാജയപ്പെട്ടു.

അമിത്‌ ഷായെ കാണാൻ സുരേന്ദ്രൻ അനുമതി തേടിയെങ്കിലും നിരാകരിക്കപ്പെട്ടു. വനം-പരിസ്ഥിതി മന്ത്രി പ്രകാശ്‌ ജാവദേക്കറും കൂടിക്കാഴ്‌ചയ്‌ക്ക്‌ വിസമ്മതിച്ചു. കുഴൽപ്പണ വിവാദത്തെ തുടർന്ന്‌ ദേശീയ നേതൃത്വം വിളിപ്പിച്ച സുരേന്ദ്രൻ ചൊവ്വാഴ്‌ച രാത്രിയാണ്‌ ഡൽഹിയിൽ എത്തിയത്‌. ബുധനാഴ്‌ച പൂർണമായും മാധ്യമങ്ങൾക്കടക്കം മുഖംനൽകാതെ സഹമന്ത്രി വി മുരളീധരന്റെ ഔദ്യോഗിക വസതിയിൽ കഴിഞ്ഞുകൂടി. ഇതോടൊപ്പം നേതൃത്വം വിളിപ്പിച്ചതുകൊണ്ടല്ല വന്നതെന്നും മരംമുറി കേസ്‌ കേന്ദ്ര വനം–-പരിസ്ഥിതി മന്ത്രി പ്രകാശ്‌ ജാവദേക്കറിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനാണെന്നും പ്രചരിപ്പിക്കുകയും ചെയ്‌തു. എന്നാൽ ജാവദേക്കർ കൂടിക്കാഴ്‌ചയ്‌ക്ക്‌ അനുമതി നിഷേധിച്ചതോടെ ഈ പ്രചാരണം പാളി.

തുടർന്ന്‌ മന്ത്രി വി മുരളീധരൻ മാത്രമായി ജാവദേക്കറെ കണ്ടു. അമിത്‌ ഷായുമായി കൂടിക്കാഴ്‌ചയ്‌ക്ക്‌ ബുധനാഴ്‌ചയാണ്‌  സുരേന്ദ്രൻ അനുമതി തേടിയത്‌. എന്നാൽ കുഴൽപ്പണം പുറത്തായതിലും മറ്റും കടുത്ത അതൃപ്‌തിയുള്ള ഷാ കൂടിക്കാഴ്‌ചയ്‌ക്ക്‌ താൽപ്പര്യപ്പെട്ടില്ല. മാത്രമല്ല ഷാ അടക്കം ബിജെപി കേന്ദ്രനേതൃത്വം കുഴൽപ്പണ വിവാദത്തിന്റെ വിവിധ വശങ്ങൾ പരിശോധിച്ചു വരികയുമാണ്‌.അതേസമയം, കുഴൽപ്പണ വിവാദം അടക്കമുള്ള വിഷയങ്ങളിൽ ദേശീയ നേതൃത്വം പൂർണ പിന്തുണ നൽകിയെന്ന പ്രചാരണമാണ്‌ സുരേന്ദ്രൻ–- മുരളീധരൻ ക്യാമ്പ്‌ നടത്തുന്നത്‌. കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെതിരായി ആഞ്ഞടിക്കാൻ കേന്ദ്ര നേതൃത്വം നിർദേശം നൽകിയെന്നാണ്‌ അവകാശവാദം. ദേശീയ നേതൃത്വം എല്ലാ പിന്തുണയും നൽകിയതായി നഡ്ഡയെ കണ്ട ശേഷം സുരേന്ദ്രൻ മാധ്യമങ്ങളോട്‌ പറഞ്ഞു. സംസ്ഥാനത്തെ ഒരു വിഭാഗം ബിജെപി നേതാക്കള്‍ സുരേന്ദ്രന്‍ സ്ഥാനമൊഴിയണമെന്ന നിലപാടിലാണ്. ബിജെപി കേരള ഘടകം വലിയ പ്രതിസന്ധയിലൂടെ കടന്നു പോകുകയാണ്. ബിജെപി കേരള ചരിത്രത്തിലാധ്യമായിട്ടാണ് ഒരു സംസ്ഥാനപ്രസിഡന്‍റിനെതിരെ ഇത്തരത്തിലുള്ള ഒരു ആരോപണം ഉയരുന്നത്.

Eng­lish sum­ma­ry; Strong protest against BJP cen­tral lead­er­ship: k surendran

You may also like this video;