23 April 2024, Tuesday

ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതില്‍ രാഹുലിന് താല്‍പര്യമില്ല; കെ സി ജോസഫ്, ജോസഫ് വാഴയ്ക്കന്‍ എന്നിവര്‍ക്കെതിരെ കടുത്ത പ്രതിഷേധം

പുളിക്കല്‍ സനില്‍രാഘവന്‍
August 31, 2021 5:11 pm

കോണ്‍ഗ്രസിലെ ഇരു ഗ്രൂപ്പുകളുടേയും മാനേജര്‍മാരായി പ്രവര്‍ത്തിക്കുന്ന കെ. സി ജോസഫ് ( എ) , ജോസഫ് വാഴക്കന്‍ (ഐ) എന്നിവരുടെ നിലപാടില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു മുന്നില്‍ പരാതി. കെപിസിസി പുനസംഘടനയില്‍ ഇരുവരേയും ഭാരവാഹികളാക്കരുതെന്ന ആവശ്യവും ഉയരുന്നു. ഡിസസി അദ്ധ്യക്ഷന്‍മാരെ പാര്‍ട്ടി ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചതിനു പിന്നാലെ വിമര്‍ശനവുമായി ഇരു നേതാക്കളും രംഗത്തു വന്നിരുന്നു. സാധാരണ ഗ്രൂപ്പ് മാനേജര്‍മാരെ പോലെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും,രമേശ് ചെന്നിത്തലയും ഇടപെടുന്നതിനു പിന്നിലും ഏറെ രാഷട്രീയം നിലനില്‍ക്കുന്നു. ഡിസിസി അധ്യക്ഷന്മാരെ നിയമച്ചിതിന് പിന്നാലെ ഗ്രൂപ്പ് നേതാക്കള്‍ തുടങ്ങിയ കലഹം അവസാനിപ്പിക്കാത്തതിന് പിന്നില്‍ ചില ഗൂഢലക്ഷ്യങ്ങളെന്ന് സൂചന. ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ച പട്ടിക ഇനി തിരുത്തില്ലെന്നു ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മറ്റാരേക്കാളും നന്നായി അറിയാം. എന്നിട്ടും ഇരുവരും ഇതിനെതിരെ രംഗത്തു തുടരുന്നത് നിലനില്‍പ്പിനായാണെന്നാണ് ആക്ഷേപവും ഉയരുന്നു. പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും പ്രഖ്യാപിച്ചപ്പോള്‍തന്നെ പ്രസക്തി നഷ്ടപ്പെട്ട ഗ്രൂപ്പുകളുടെ സ്ഥിതി ഇനി ഇതിലും ദയനീയമാകുമെന്ന് ഉറപ്പാണ്. എ ഗ്രൂപ്പില്‍ ഇപ്പോള്‍തന്നെ നേതാക്കള്‍ ഉമ്മന്‍ചാണ്ടിയെ കൈവിട്ട മട്ടാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ പ്രബലരുടെ ഒരു നിരതന്നെ ഗ്രൂപ്പ് കൈവിട്ടു.ഐ ഗ്രൂപ്പിലും നേതാക്കള്‍ രമേശ് ചെന്നിത്തലയെ വിശ്വസിക്കുന്നില്ല. അതി വിശ്വസ്തരായിരുന്ന ഐഎന്‍ടിയുസി നേതാവ് എന്‍ ചന്ദ്രശേഖരനും ഗ്രൂപ്പ് വക്താവ് ശൂരനാട് രാജശേഖരനും വരെ ഗ്രൂപ്പിന് പുറത്തുചാടി.ഡിസിസി അധ്യക്ഷ പട്ടികയില്‍ രണ്ടോ മൂന്നോ ജില്ലകളില്‍ ഒഴികെ ഗ്രൂപ്പു പ്രാതിനിധ്യം പറയാനാവില്ല. ഇതോടെ കൂടുതല്‍ നേതാക്കള്‍ ഗ്രൂപ്പു വിടുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.ഇവര്‍ വിട്ടുപോയാല്‍ തങ്ങളുടെ വിലപേശല്‍ ശക്തി ഇനിയും കുറയുമെന്നു തന്നെയാണ് ഉന്നത നേതാക്കളുടെ ചിന്ത. അതുകൊണ്ടു തന്നെ ഇനിയും നിശബ്ദരാകേണ്ടെന്നും ഇപ്പോള്‍ കലാപമുണ്ടാക്കിയാല്‍ കെപിസിസി ഭാരവാഹികളുടെ പട്ടികയിലെങ്കിലും ഗ്രൂപ്പു നേതാക്കളെ തിരുകി കയറ്റാമെന്നും ഇവര്‍ ചിന്തിക്കുന്നു. കെപിസിസി ഭാരവാഹി പട്ടിക 51 ല്‍ ഒതുക്കാന്‍ അനുവദിക്കരുതെന്നും ഇരു നേതാക്കളും കണക്കു കൂട്ടിയിട്ടുണ്ട്.ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഇരുവരും നടത്തുന്ന സമ്മര്‍ദ്ദം.

കെസി ജോസഫ്, ജോസഫ് വാഴയ്ക്കന്‍ തുടങ്ങിയ നേതാക്കളെ കെപിസിസി ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇരു നേതാക്കളും നീക്കം നടത്തുന്നുണ്ട്. എന്നാല്‍ ഇതാണ് ഇപ്പോള്‍ വിഘാതമായി വന്നിരിക്കുന്നത്എന്നാല്‍ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ച ഡിസിസി പട്ടികയെപ്പറ്റി പരസ്യമായി വിമര്‍ശിച്ച ഇരുവരെയും ഗ്രൂപ്പു പ്രതിനിധികളായി ഒരു ഭാഗവാഹി സ്ഥാനത്തും ഇരുത്തരുതെന്ന വികാരം പാര്‍ട്ടിയിലും ശക്തമാണ്.ഗ്രൂപ്പു നേതാക്കള്‍ ഇപ്പോള്‍ നടത്തുന്ന സമ്മര്‍ദ്ദ നീക്കത്തിന് പാര്‍ട്ടി വഴങ്ങരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.അച്ചടക്ക നടപടിക്കെതിരെ ഉമ്മന്‍ചാണ്ടി പ്രതികരിച്ചതോടെ അതിന്റെ ചുവടുപിടിച്ച് മാധ്യമങ്ങളില്‍ പ്രതികരിച്ച കെസി ജോസഫ്, ജോസഫ് വാഴയ്ക്കന്‍ എന്നിവര്‍ രംഗത്തു വന്നിരുന്നു. മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ എടുത്ത നടപടി ശരിയായില്ലെന്നാണ് നിലപാടും .ഗ്രൂപ്പു താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാതെ പോയതിലുള്ള അതൃപ്തിയായാണ് ഇരുവരും ചാനലില്‍ പറഞ്ഞത്. ഇക്കാര്യം ചില നേതാക്കള്‍ കെപിസിസി നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ എന്തും ആര്‍ക്കും പറയാമെന്നായിരുന്നു ഇരു നേതാക്കളും ചില മുന്‍കാല ഉദാഹരണങ്ങള്‍ നിരത്തി വാദിച്ചത്.ഇതു അച്ചടക്ക ലംഘനം തന്നെയാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. കെപിസിസി നേതൃത്വത്തിനും ഹൈക്കമാന്‍ഡിനുമെതിരെയുമാണ് ഇവര്‍ പ്രസ്താവനകള്‍ നടത്തിയതെന്നും വിലയിരുത്തപ്പെടുന്നു. സംഘടനാ സംവീധാനത്തെ ഗ്രൂപ്പ് എന്നുമാത്രം കണ്ട് വിലയിരുത്തുന്ന ചില നേതാക്കളാണ് പാര്‍ട്ടിയുടെ തോല്‍വിക്ക് പിന്നിലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ഇവരെ ഇളക്കിവിട്ട് നേട്ടം കൊയ്യാനാണ് ഇന്നു ഗ്രൂപ്പു നേതാക്കള്‍ ശ്രമിച്ചതെന്നും പ്രവര്‍ത്തകര്‍ പറയുന്നു.അതിനിടെ ഇന്നത്തെ ഈ കലാപ നീക്കം മുന്‍കൂര്‍ തിരക്കഥയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചിരുന്നു. ആരു ഡിസിസി അധ്യക്ഷനായാലും ഈ വിവാദം ഉണ്ടാക്കണമെന്ന് ഗ്രൂപ്പു നേതൃത്വം നിശ്ചയിച്ചിരുന്നുവെന്നും ഇതിന്റെ ഭാഗമായി പല ഗ്രൂപ്പുകളിലും കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞിരുന്നു.ഇതു ശരിവയ്ക്കുന്നതാണ് പട്ടിക പുറത്തുവന്നതു മുതലുള്ള വിവാദങ്ങള്‍. മുതിര്‍ന്ന നേതാക്കള്‍തന്നെ നേരിട്ട് രംഗത്ത് വന്ന് ഇതിനു ആശീര്‍വാദം നല്‍കിയത് വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചയാകും. ഇതിനിടിയല്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലേക്ക് രമേശ് ചെന്നിത്തലയെ നിയോഗിക്കുന്ന വിഷയത്തില്‍ പാര്‍ട്ടിയില്‍ ഭിന്നത. ചെന്നിത്തലയ്ക്ക് ദേശീയ ചുമതല നല്‍കുന്നതിലുള്ള താത്പര്യ കുറവ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയെ അറിയിച്ചതായാണ് വിവരം.

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ പുനഃസംഘടന വൈകുമ്പോഴും ചില കാര്യങ്ങള്‍ വ്യക്തമായിരുന്നു. അതില്‍ പ്രധാനപ്പെട്ടത് രമേശ് ചെന്നിത്തല സുപ്രധാന ചുമതലയുമായി ദേശീയ നേതൃത്വത്തിലേക്ക് എത്തുമെന്നതായിരുന്നു. സംസ്ഥാന കോണ്‍ഗ്രസിലെ ഡിസിസി അധ്യഷ നിയമനവുമായി ബന്ധപ്പെട്ട് ചെന്നിത്തലയുടെ പരസ്യ പ്രസ്താവന എന്നാല്‍ കാര്യങ്ങളെയെല്ലാം മാറ്റി മറിച്ചു. അവസാന നിമിഷം കെ.സി വേണുഗോപാല്‍ നിര്‍ദേശിച്ച ആളെ വെട്ടി രമേശ് നല്‍കിയ പേര് ആലപ്പുഴയില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടുത്തിയിരുന്നു. ഇത് പോലും പരിഗണിക്കാതെ രമേശ് ചെന്നിത്തല നടത്തിയ പ്രതിഷേധമാണ് രാഹുല്‍ ഗാന്ധിയെ ഇപ്പോള്‍ ചൊടിപ്പിച്ചിരിയ്ക്കുന്നത്. രമേശ് ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലേയ്ക്ക് നിയോഗിക്കുന്നതിലുള്ള തന്റെ അതൃപ്തി രാഹുല്‍ ഗാന്ധി സോണിയാ ഗാന്ധിയെ അറിയിച്ചതായാണ് വിവരം. രാഹുല്‍ ഗാന്ധിയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന അനുസരിച്ച് ഡിസിസി അധ്യക്ഷ പട്ടികയുമായ് ബന്ധപ്പെട്ട ഒരു പരസ്യപ്രതിഷേധത്തിനും താന്‍ ഇല്ലെന്ന് ചെന്നിത്തല രാഹുലിനോട് വ്യക്തമാക്കിയിരുന്നു.
eng­lish summary;Strong protest against KC Joseph and Joseph Vazhakkan
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.