26 March 2025, Wednesday
KSFE Galaxy Chits Banner 2

കാലത്തിനൊപ്പം കരുത്തോടെ…

ഒ കെ ജയകൃഷ്ണൻ
ജനറൽ സെക്രട്ടറി, എകെഎസ്‌ടിയു
February 13, 2025 4:41 am

പൊതുവിദ്യാഭ്യാസത്തിന്റെ കാവലാളായി നിലകൊള്ളുന്ന കേരളത്തിലെ പുരോഗമന അധ്യാപക പ്രസ്ഥാനം 28-ാം സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുകയാണ്. ഇന്ന് അധ്യാപകർക്കിടയിൽ അംഗബലത്തിലും നിലപാടുകളിലും പൊതുവിദ്യാഭ്യാസ രംഗത്ത് അടയാളപ്പെടുത്തിയ പ്രസ്ഥാനമായി എകെഎസ്‌ടിയു മാറിയിരിക്കുന്നു. സക്രിയമായ അക്കാദമിക ഇടപെടലുകളും അധ്യാപകരുടെ സേവനമേഖലയിൽ സമരോജ്വലമായ ഏടും തീർത്തുകൊണ്ടാണ് സംഘടന വാർഷികസമ്മേളനത്തിലേക്ക് പോകുന്നത്. സ്വാതന്ത്ര്യസമരകാലം തൊട്ട് പൂർവപ്രസ്ഥാനങ്ങളില്‍ നിന്ന് ആർജിച്ച ഊർജവും ആശയവും കൈമുതലാക്കിയാണ് എകെഎസ്‌ടിയു മുന്നോട്ടുപോകുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് കേരളത്തിൽ അധ്യാപകർ സംഘടിക്കുന്നതിന് വളക്കൂറുള്ള മണ്ണൊരുക്കിയത് ബ്രിട്ടീഷ് പ്രവിശ്യയായ മദ്രാസിന് കീഴിലെ മലബാറിലായിരുന്നു. 1931ൽ പൊന്നാനി താലൂക്കിലും 1934ൽ ചിറയ്ക്കൽ താലൂക്കിലും മലബാർ ഡിസ്ടിക്ട് ബോർഡിന് കീഴിലും 1930കളിൽ വ്യത്യസ്ത അധ്യാപക സംഘങ്ങൾ രൂപംകൊണ്ടു. ജാതീയത കൊടുമ്പിരിക്കൊണ്ട പ്രദേശത്ത് ഒരു നവോത്ഥാനപ്രസ്ഥാനമായാണ് പൊന്നാനി മണപ്പുറത്ത് സംഘം പ്രവർത്തനമാരംഭിച്ചത്. ജന്മിത്വത്തിനും വിദ്യാഭ്യാസക്കച്ചവടത്തിനും എതിരായാണ് അന്ന് അധ്യാപകർ സംഘടിച്ചത്.

വിദ്യാഭ്യാസ നടത്തിപ്പുകാര്‍ ജന്മികളും ബ്രിട്ടീഷുകാരുടെ സഹയാത്രികരുമായിരുന്നു. അതുകൊണ്ടുതന്നെ അധ്യാപക പ്രസ്ഥാനത്തിന്റെ രൂപപ്പെടൽ ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരായ പോരാട്ടം കൂടിയായി മാറി. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായും അധ്യാപകർക്കെതിരായ മാനേജ്മെന്റിന്റെ ചൂഷണങ്ങൾക്കും സ്വന്തം ദുരവസ്ഥയ്ക്കുമെതിരെയും അധ്യാപകർ കൂടിച്ചേർന്നു. കേരള സംസ്ഥാനം രൂപംകൊണ്ടതിനുശേഷം, 1958 ജനുവരി ഒന്നിന് ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയും വിദ്യാഭ്യാസ വിചക്ഷണനുമായ പ്രൊഫ. ജോസഫ് മുണ്ടശേരി കേരളത്തിലെ ഐക്യ അധ്യാപക പ്രസ്ഥാനം ഉദ്ഘാടനം ചെയ്തു. മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും പ്രവർത്തിച്ചുവന്ന സംഘടനകൾ ചേർന്ന് കേരള എയ്ഡഡ് പ്രൈമറി ടീച്ചേഴ്സ് ഫെഡറേഷനായിരുന്നു ഇത്.
ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ തന്നെ അ­ധ്യാപകരുടെ അന്തസുയർത്തുന്ന നടപടികൾ സ്വീകരിച്ചു. ജ­ന്മി­മാരായ മാനേജർമാർക്കെതിരെ പ്ര­ക്ഷോഭം വളർത്തിക്കൊണ്ടുവരാൻ അ­ധ്യാപകരെ സഹായിച്ച കമ്മ്യൂണിസ്റ്റ് പാ­ർട്ടി ഇതിനുവേണ്ട പിന്തുണയും നല്‍കി. കേരളത്തിലെ വിദ്യാഭ്യാസരംഗം കൂടുതൽ ജനാധിപത്യവൽക്കരിക്കുന്നതിനും പുരോഗമനാത്മകമാക്കുന്നതിനും വേണ്ട നയങ്ങളും സർക്കാർ സ്വീകരിച്ചു. അതിൽനിന്നുമാണ് കേരളം ജ്ഞാനസമൂഹമെന്ന ഇന്നത്തെ നിലയിലേക്ക് വളർന്നത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ രാഷ്ട്രീയ സാമൂഹ്യ നേതൃത്വങ്ങൾ ഇതിന് പ്രോത്സാഹനവുമായി നിലകൊണ്ടു.
ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളോടല്ല, ലോകമാതൃകകളോടാണ് ഇന്ന് പൊതുവിദ്യാഭ്യാസത്തിൽ കേരളം താരതമ്യം ചെയ്യപ്പെടുന്നത്. ഈ വളർച്ചയിൽ അധ്യാപകരുടെ പങ്ക് നിർണായകമാണ്. ദേശീയതലത്തിൽ സ്കൂൾപ്രവേശന നിരക്കും കൊഴിഞ്ഞുപോക്കും ഒരു താരതമ്യത്തിന് പോലും സാധ്യതയില്ലാത്ത തരത്തിലാണ്. സ്കൂൾ പ്രവേശന പ്രായത്തിലെത്തിയ മുഴുവൻ കുട്ടികളും വിദ്യാലയങ്ങളിലെത്തിയതും സെക്കന്‍ഡറി തലം വരെ പഠനത്തുടർച്ച ഉറപ്പിച്ചതുമായ സംസ്ഥാനമാണ് കേരളം. എന്നാൽ ദേശീയ വിദ്യാഭ്യസനയം തന്നെ ഔദ്യോഗികമായി പറയുന്നത് ഇന്ത്യയിൽ മൂന്നരക്കോടി കുട്ടികൾ വിദ്യാഭ്യാസം ലഭിക്കാതെ സ്കൂളിന് പുറത്താണെന്നാണ്. വിവിധ സ്വതന്ത്ര ഏജൻസികൾ ഇത് ആറ് കോടിയിലധികമാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. 

സ്ഥിതി അങ്ങനെയായിട്ടും ഏറ്റവും ഒടുവിലത്തെ കേന്ദ്രബജറ്റിൽ വിദ്യാഭ്യാസത്തിനായി നീക്കിവച്ചിരിക്കുന്ന തുക നാമമാത്രമാണ്. വിഹിതമാകട്ടെ വിവിധ പ്രോജക്ടുകൾക്കായാണ് നീക്കിവച്ചിരിക്കുന്നത്. ഇത് വ്യത്യസ്തനിലവാരത്തിലുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതല്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങളല്ല കേരളത്തിന്റേത്. അതുകൊണ്ടുതന്നെ എല്ലാറ്റിനും ഒരൊറ്റ മാനദണ്ഡവും പ്രോജക്ടും അവതരിപ്പിക്കുന്നത് നീതികേടാണ്. മാത്രമല്ല അർഹമായ കേന്ദ്രവിഹിതം നേട്ടങ്ങൾ കൈവരിച്ചതുകൊണ്ട് കേരളത്തിന് നിഷേധിക്കുന്നു എന്ന സമീപനമെടുത്ത കേന്ദ്രമന്ത്രിമാർ മലയാളിയോട് കൊഞ്ഞനം കുത്തുകയാണ്. രാജ്യത്തെ പൗരർക്കെല്ലാം വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തിൽ നിന്നും പിന്മാറി അവരെ അന്ധവിശ്വാസത്തിലേക്കും പ്രാചീനതയിലേക്കും നയിക്കുന്നതും, സാമ്പത്തികശേഷിയുള്ളവരും ഉന്നതകുലജാതരും വിദ്യാഭ്യാസം ചെയ്താൽ മതിയെന്നുമുള്ള അപകടകരമായ പ്രത്യയശാസ്ത്രമാണ് ഇന്ത്യന്‍ ഭരണകൂടം നടപ്പാക്കുന്നത്. ഇത് ഭരണഘടനാവകാശങ്ങളുടെ ലംഘനം കൂടിയാണ്.
പുതിയകാലം ആവശ്യപ്പെടുന്നതരത്തിൽ കാലാനുസൃതമായ മാറ്റം സ്കൂൾ വിദ്യാഭ്യാസരംഗത്ത് കൊണ്ടുവരേണ്ടതുണ്ട്. വിവരസാങ്കേതികവിദ്യയുടെ ഈ വളർച്ചാഘട്ടത്തിൽ അധ്യാപനം ഏറെ സങ്കീർണമായ വെല്ലുവിളികൾ നിറഞ്ഞതാണ്. പുതുതലമുറയുടെ അറിവുതലങ്ങളെ തൃപ്തിപ്പെടുത്താനും അനുദിനം വളർന്നുകൊണ്ടിരിക്കുന്ന വിജ്ഞാനലോകത്തെ ഉൾക്കൊള്ളാനും അധ്യാപകസമൂഹം മാറ്റമുൾക്കൊണ്ട് നിരന്തരം നവീകരിക്കേണ്ടവരാകുന്നു. കേരളത്തിലെ വിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ വിസ്മയകരമാംവിധം വികസിച്ചിട്ടുണ്ട്. എന്നാൽ അതിനൊത്ത് അക്കാദമിക ഗുണമേന്മ വർധിപ്പിക്കുവാൻ സാധിച്ചിട്ടില്ല. പാഠ്യപദ്ധതി പരിഷ്കരണത്തോടൊപ്പം പരീക്ഷകളും മൂല്യനിർണയോപാധികളും കാലാനുസൃതമായി പരിഷ്കരിക്കണം. 

വിദ്യാഭ്യാസത്തിന്റെ തുടക്കതലമായ ഗ്രാമീണ പ്രാഥമികവിദ്യാലയങ്ങൾ പലതും പരിതാപവസ്ഥയിലാണ്. സർക്കാർ‑എയ്ഡഡ് വ്യത്യാസമില്ലാതെ അവയ്ക്ക് താങ്ങു നല്‍കണം. ഗുണമേന്മാപ്രവർത്തനങ്ങൾ അവിടംതൊട്ട് തുടങ്ങുകയും വേണം. എങ്കിലേ പ്രകടമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കൂ. ഇതിലെല്ലാം ക്രിയാത്മകമായി ഇടപെടാൻ എകെഎസ്‌ടിയുവിനെ പ്രാപ്തമാക്കുന്ന സമ്മേളനമാകും തുളുനാട്ടിൽ നടക്കുന്നത്. അവകാശങ്ങൾക്കായി ജീവനക്കാരോടൊപ്പം ചേർന്ന് നടത്തിയ പണിമുടക്കും പ്രക്ഷോഭങ്ങളും നല്‍കിയ ആത്മവിശ്വാസം സമ്മേളനത്തിന്റെ ആവേശം കൂടിയാണ്. പങ്കാളിത്തപെൻഷൻ പിൻവലിക്കാനും ശമ്പളപരിഷ്കരണ കമ്മിഷനെ നിയമിക്കുന്നതിനും മറ്റവകാശങ്ങൾ നേടുന്നതിനും സർവീസ് മേഖലയിൽ കൂടുതൽ കൂട്ടായ പ്രക്ഷോഭങ്ങൾ ആവശ്യപ്പെടുന്നു.
ഇന്ന്, ഉന്നത വിദ്യാഭ്യാസ മേഖലയും സംസ്ഥാനത്തേക്ക് വിദേശ സർവകലാശാലകളുടെ വരവും വലിയ ചർച്ചയാവുകയാണ്. കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഇക്കാര്യത്തിൽ പുലർത്തുന്ന ജാഗ്രത കാണാതിരിക്കുന്നില്ല. എന്നാൽ, വിദ്യാഭ്യാസം ഒരു കച്ചവടച്ചരക്കായി മാറുന്ന ഒരു സാഹചര്യത്തെയും എകെഎസ്‌ടിയു അംഗീകരിക്കുകയില്ല. ‌രാഷ്ട്രീയനേതൃത്വങ്ങളും വിദ്യാഭ്യാസമന്ത്രിയും അക്കാദമിക വിദഗ്ധരും ഒത്തുകൂടുന്ന 28-ാം സംസ്ഥാനസമ്മേളനം വിദ്യാഭ്യാസമേഖലയ്ക്കും സംഘടനാപ്രവർത്തകർക്കും പുതിയ ദിശാബോധം നല്‍കുമെന്ന് പ്രതീക്ഷിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.