ഭൂമിക്ക് വേണ്ടിയുള്ള ജീവന്‍മരണ പോരാട്ടം

Web Desk
Posted on April 05, 2018, 10:47 am

പി എസ് സുരേഷ്

‘ഉള്ള മണ്ണില്‍ ഉറച്ചുനില്‍ക്കുക’ എന്ന കിസാന്‍സഭയുടെ മുദ്രാവാക്യം നാടാകെ അലയടിച്ച കാലം. പാട്ടഭൂമിയില്‍ നിന്ന് കുടികിടപ്പുകളില്‍ നിന്നും കൃഷിക്കാരെയും കുടികിടപ്പുകാരെയും ഒഴിപ്പിക്കുന്നതിനെതിരേയുള്ള സമരമാണ് ആ മുദ്രാവാക്യത്തിലൂടെ ഉയര്‍ന്നത്.
കുന്നത്തൂര്‍ താലൂക്കില്‍പെട്ട ഇടയ്ക്കാട് എന്ന സ്ഥലത്ത് റോഡരുകില്‍ കിടന്ന തരിശ് ഭൂമിയില്‍ കര്‍ഷകതൊഴിലാളികള്‍ കുടില്‍ കെട്ടി. ആ പുറമ്പോക്കിന് സമീപത്ത് താമസിക്കുന്ന ഒരാള്‍ ആ ഭൂമി സ്വന്തമാക്കാന്‍ ആഗ്രഹിച്ചു. അയാള്‍ ഗുണ്ടകളെ സംഘടിപ്പിച്ച് ആ കുടിലുകള്‍ പൊളിച്ചുകളഞ്ഞു. പൊളിച്ച സ്ഥലത്ത് കര്‍ഷകതൊഴിലാളികള്‍ വീണ്ടും കുടിലുകള്‍ കെട്ടി. കുടില്‍ പൊളിക്കാന്‍ നേതൃത്വം നല്‍കിയ ആളിന്‍റെ പിന്നില്‍ നാട്ടുപ്രമാണിമാരുണ്ടായിരുന്നു. സംഘര്‍ഷം മൂര്‍ച്ഛിച്ചു. സംഘട്ടനത്തിന് സാദ്ധ്യതയുണ്ടായി. ഈ സന്ദര്‍ഭത്തിലാണ് കൃഷിക്കാരും തൊഴിലാളികളും ചേര്‍ന്ന് പ്രതിഷേധയോഗം ചേരാന്‍ തീരുമാനിച്ചത്. യോഗസ്ഥലത്ത് ചവറ എസ്‌ഐ ഋഷികേശന്‍നായരുടെ നേതൃത്വത്തില്‍ വലിയൊരു സംഘം പൊലീസ് എത്തി. യുദ്ധപ്രതീതി സൃഷ്ടിച്ച അന്തരീക്ഷം.

തിരുകൊച്ചിയില്‍ ജനവിരുദ്ധഭരണം ശക്തിയായ തുടരുന്ന കാലമാണ്. 1954ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിരുദ്ധ ഭീകരഭരണത്തിനെതിരെ ജനമുന്നേറ്റം പ്രകടമായി കണ്ടു. കുന്നത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയായിരുന്ന പന്തളം പി ആറിന്റെ വിജയം എതിരാളികളെ വല്ലാതെ ഞെട്ടിച്ചു. കുന്നത്തൂര്‍ ഉറച്ച സീറ്റായി മന്നവും കൂട്ടരും പ്രഖ്യാപിച്ച് നിര്‍ത്തിയതാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഭാസ്‌ക്കരന്‍നായരെ. ആറായിരത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ പി ആര്‍ ജയിച്ചപ്പോള്‍ താലൂക്കിലെ ജന്മിമാര്‍ക്ക് അത് സഹിക്കാനായില്ല. പലയിടത്തും പ്രകോപനങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചു. ഇതിനായി പൊലീസിനെയും പച്ചയായി ഉപയോഗിച്ചു. ഈ പശ്ചാത്തലത്തിലാണ് ഇടയ്ക്കാട് സമരത്തെയും അവര്‍ നേരിട്ടത്.

ഇടയ്ക്കാട് പൊതുസമ്മേളനം നടക്കുന്നതറിഞ്ഞ് തെങ്ങമം ബാലകൃഷ്ണന്‍, പന്തളം പി ആര്‍, മുടീത്തറ ഭാസ്‌ക്കര്‍, ജനാര്‍ദ്ദനന്‍പിള്ള തുടങ്ങിയവരും നിരവധി പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും അവിടെ എത്തി. പികെവിയോടൊപ്പം തെങ്ങമത്തെ ജനയുഗം പത്രാധിപ സമിതിയില്‍ നിശ്ചയിച്ച സമയമായിരുന്നു അത്. തൊട്ടുമുമ്പു നടന്ന നിയമസഭാതെരഞ്ഞെടുപ്പിലെ ക്ലേശകരമായ പ്രവര്‍ത്തനത്തിനിടയില്‍ രോഗിയായി മാറിയെ തെങ്ങമം ആരോഗ്യം വീണ്ടെടുക്കാത്തതുകൊണ്ടാണ് ജനയുഗത്തിലേക്ക് പോകാന്‍ വൈകിയത്. സമീപവാസിയായ തെങ്ങമം സുഖമില്ലാതിരുന്നിട്ടും യോഗസ്ഥലത്തെത്തി.
യോഗത്തിനു മുമ്പുതന്നെ അവിടെ കൂടിയവരെയൊക്കെ അറസ്റ്റ് ചെയ്തു. പഴയത്ത് ജനാര്‍ദ്ദനപിള്ള, ജോര്‍ജ്ജ്, ഗോപാലകുറുപ്പ്, യോഹന്നാന്‍ എന്നിവര്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഈ സമയത്താണ് തെങ്ങമം യോഗസ്ഥലത്തെത്തുന്നത്. തെങ്ങമത്തിനോടും വാനില്‍കയറാന്‍ എസ്‌ഐ പറഞ്ഞു. എന്തിനെന്ന് ചോദിച്ചപ്പോള്‍ അതൊക്കെ പിന്നെ പറയാം എന്നായിരുന്നു മറുപടി. ബലപ്രയോഗം വേണ്ട എന്നതിനാലാകാം തെങ്ങമം വണ്ടിയില്‍ കയറി.
ആദ്യം അവരെ കൊണ്ടുപോയത് ശാസ്താംകോട്ട ഔട്ട്‌പോസ്റ്റിലേക്കായിരുന്നു. ഔട്ട്‌പോസ്റ്റില്‍ മുടിയില്‍ത്തറ ഭാസ്‌ക്കറെയും പന്തളം പിആറിനെയും നേരത്തെ അറസ്റ്റ് ചെയ്ത് ഇരുത്തിയിരുന്നു. അവിടെ നിന്ന് നേരെ ചവറ പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. അവരെയും ലോക്കപ്പിലടച്ചു. അന്ന് ശൂരനാട്, ശാസ്താംകോട്ട എന്നിവിടങ്ങളിലൊന്നും പൊലീസ് സ്റ്റേഷന്‍ ഉണ്ടായിരുന്നില്ല. ചവറ ഹൈസ്‌ക്കൂളിനും അമ്പലക്കുളത്തിനും ഇടയ്ക്ക് വണ്ടി നിര്‍ത്തി, അറസ്റ്റിലായവരെ ഇറക്കി നിര്‍ത്തി. എന്നിട്ട് പൊലീസുകാര്‍ രണ്ടുസ്ഥലത്തുനിന്നും സഖാക്കളെ മര്‍ദ്ദിച്ച് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. തെങ്ങമത്തേയും മറ്റ് നേതാക്കളെയും മര്‍ദ്ദിച്ചില്ല. എന്നാല്‍ സ്റ്റേഷനിലെത്തിയപ്പോള്‍ സ്ഥിതി മാറി. ഓരോരുത്തരെയും നടയടി നടത്തിതന്നെ ലോക്കപ്പിലടച്ചു. ഏറ്റവും ഒടുവില്‍ വന്ന തെങ്ങമത്തെ മാത്രം മാറ്റി നിര്‍ത്തി. സ്റ്റേഷന്റെ നടുത്തളത്തില്‍ റിസര്‍വ്വ് പൊലീസുകാരുടെ വലയമുണ്ടാക്കി തെങ്ങമത്തെ പൊതിഞ്ഞു. ഋഷികേശന്‍നായര്‍ അദ്ദേഹത്തെ ചവുട്ടിവീഴ്ത്തി. സാധാരണയായി മാറെല്ലില്‍ പൊലീസുകാര്‍ അടിയ്ക്കാറില്ല. ഋഷികേശന്‍നായര്‍ ആ പതിവും ലംഘിച്ചു. അബോധാവസ്ഥയിലായ അദ്ദേഹത്തെ പിന്നീട് വലിച്ചിഴച്ച് ലോക്കപ്പിലടച്ചു. ഏഴുമണിക്കൂറോളം അബോധാവസ്ഥയിലായിരുന്നു.

പിറ്റേദിവസം ഓരോരുത്തരെയായി ലോക്കപ്പില്‍ നിന്നിറക്കി. വീണ്ടും മര്‍ദ്ദനമുറ തുടര്‍ന്നു. ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നശിക്കട്ടെ’ എന്ന് പറയാനാണ് പൊലീസുകാര്‍ നിര്‍ബന്ധിച്ചത്. പറഞ്ഞില്ലെങ്കില്‍ മര്‍ദ്ദനം. ഈ സമയം ഋഷികേശന്‍നായര്‍ അവിടേക്കുവന്നു. തെങ്ങമം അയാളെ കണ്ടമാത്രയില്‍ അലറി. ”എടാ പട്ടീ ഞാന്‍ മരിച്ചാലും കമ്മ്യൂണിസ്റ്റുകാരന്‍ തന്നെ. ഇനിയും നിനക്കെന്നെ തല്ലണമെങ്കില്‍ തല്ലിക്കോ’ പക്ഷേ അയാള്‍ പിന്നീട് തല്ലാന്‍ തയ്യാറായില്ല.
‘ചവറ ലോക്കപ്പില്‍ കിടന്ന് ഈ മീശ വച്ച പയ്യന്‍’ കൊണ്ടിരിക്കുന്ന ഇടിയുടെ പകുതി ഒരു കൊമ്പനാനയ്ക്ക് കൊണ്ടിരുന്നെങ്കില്‍ അതിന്‍റെ കരള് വാടി പോകുമായിരുന്നു” എന്നാണ് ഒളിവിലെ ഓര്‍മ്മകളില്‍ തോപ്പില്‍ ഭാസി തെങ്ങമം ബാലകൃഷ്ണനെ വിശേഷിപ്പിച്ചത്. അല്പം അതിശയോക്തി കലര്‍ത്തിയാണ് ഭാസി ഇതെഴുതിയതെങ്കിലും തെങ്ങമം എന്ന കൊച്ചുമനുഷ്യനെ ഋഷികേശന്‍നായര്‍ ഇടിച്ച് ചമ്മന്തിപ്പരുവമാക്കിയത് കൊല്ലാന്‍ തന്നെയായിരുന്നു. ഏഴ് ദിവസത്തില്‍ കൂടുതല്‍ അവന്‍ ജീവിച്ചിരിക്കില്ല എന്ന് ഋഷികേശന്‍നായര്‍ ശാസ്താംകോട്ടയിലെ ഒരു നാട്ടുപ്രമാണിയോട് വീമ്പിളക്കിതാണ്. ഏതായാലും തെങ്ങമം പിന്നെയും എത്രയോകാലം ജീവിച്ചുഎന്നത് വേറെ കാര്യം.
പ്രതികളൈയെല്ലാം കരുനാഗപ്പള്ളി കോടതിയില്‍ ഹാജരാക്കി. കോടതിയിലേക്ക് കൊണ്ടുപോകുംമുമ്പ് എല്ലാവരോടും ഉടുപ്പിടാന്‍ പൊലീസുകാര്‍ പറഞ്ഞു. ശരീരത്തേറ്റ മര്‍ദ്ദനത്തിന്റെ പാട് മജിസ്‌ട്രേറ്റ് കാണരുതെന്ന് ഉദ്ദേശിച്ചായിരുന്നു അത്. ‘താന്‍ ഉടുപ്പിടുകയില്ല. വേണമെങ്കില്‍ തല്ലിക്കോ’ എന്ന തെങ്ങമത്തിന്‍റെ നിലപാട് കണ്ടപ്പോള്‍ പൊലീസുകാര്‍ പിന്നെ ആരെയും നിര്‍ബന്ധിച്ചില്ല. മജിസ്‌ട്രേറ്റിന് മര്‍ദ്ദനത്തിന്റെ ഭീകരത നേരില്‍ ബോദ്ധ്യപ്പെട്ടു. ഏറ്റവും അവശരായ തെങ്ങമത്തേയും ജനാര്‍ദ്ദനന്‍പിള്ളയേയും പൊലീസ് സംരക്ഷണയില്‍ മെഡിക്കല്‍ കോളജിലേക്കയയ്ക്കാന്‍ കോടതി ഉത്തരവിട്ടു. മറ്റുള്ളവരെ ജില്ലാആശുപത്രിയിലും. എല്ലാവര്‍ക്കും ജാമ്യം അനുവദിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അവര്‍ക്ക് ചികിത്സ കിട്ടിയില്ല. പൊലീസുകാരെ തല്ലിയ അക്രമികളെന്നാണ് ഇവരെ ഡോക്ടര്‍മാര്‍ക്ക് പരിചയപ്പെടുത്തിയത്. പിന്നെ ആരെങ്കിലും തിരിഞ്ഞുനോക്കുമോ. അവിടെയും പ്രതിഷേധിച്ച് നോക്കി. ഒരു പ്രയോജനവുമില്ലെന്നു മനസ്സിലായപ്പോള്‍ ഇരുവരും ആശുപത്രി വിട്ടിറങ്ങി.
ശാസ്താംകോട്ട വഴി വീട്ടിലേക്ക് പോകാനായിരുന്നു അവരുടെ തീരുമാനം. ചവറ പാലത്തിനടുത്തെത്തിയപ്പോള്‍ തെങ്ങമം ഉള്‍പ്പെടെയുള്ള ഇടയ്ക്കാട് സഖാക്കളെ മര്‍ദ്ദിച്ചതിനെതിരെ പ്രതിഷേധ യോഗം നടക്കുകയായിരുന്നു. എം എന്‍ ഗോവിന്ദന്‍നായരായിരുന്നു പ്രധാന പ്രാസംഗികന്‍. ഇരുവരും അവിടെ ഇറങ്ങി. ജനക്കൂട്ടം തെങ്ങമത്തിനെ തിരിച്ചറിഞ്ഞു. അവശനായ തെങ്ങമത്തെക്കൊണ്ട് രണ്ടുവാക്ക് സംസാരിപ്പിച്ചേ ജനക്കൂട്ടം അടങ്ങിയുള്ളു. ഋഷികേശന്‍നായരോടുള്ള ദേഷ്യം മുഴുവന്‍ ഏതാനും വാക്കുകളിലൊതുക്കി തെങ്ങമം സ്ഥലം വിട്ടു.

തിരിച്ചുവീട്ടിലെത്തിയ സഖാക്കള്‍ക്ക് നാടന്‍മരുന്ന് തയ്യാറാക്കി ചികിത്സ നല്‍കി. ഇടയ്ക്കാട് സഖാക്കളെ മര്‍ദ്ദിച്ചതിനെതിരെ താലൂക്കിലെങ്ങും കടുത്ത പ്രതിഷേധം ഉണ്ടായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളായ വെളിയം ഭാര്‍ഗവന്‍, ഇ ചന്ദ്രശേഖരന്‍നായര്‍ തുടങ്ങിയവരെയൊക്കെ മര്‍ദ്ദിച്ചത് ഇതേ ഋഷികേശന്‍നായരായിരുന്നു. ഇടയ്ക്കാട് കേസിലെ പ്രതികളായവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. പക്ഷേ അവര്‍ കൊണ്ട മര്‍ദ്ദനം പാഴായില്ല എന്ന് പില്‍ക്കാല ചരിത്രം തെളിയിച്ചു.