June 2, 2023 Friday

Related news

May 29, 2023
May 29, 2023
May 28, 2023
May 27, 2023
May 18, 2023
May 9, 2023
May 1, 2023
April 19, 2023
April 19, 2023
April 17, 2023

വൈദ്യുതി മേഖലയില്‍ പോരാട്ടം ശക്തമായി തുടരണം: കാനം

എ എന്‍ രാജന്‍ സ്മാരക പുരസ്കാരങ്ങള്‍ മന്ത്രി ജി ആര്‍ അനില്‍ സമ്മാനിച്ചു
web desk
തിരുവനന്തപുരം
March 25, 2023 10:00 pm

വൈദ്യുതി മേഖലയില്‍ ആഗോളീകരണത്തിന്റെ ചുവന്ന പരവതാനി വിരിക്കുന്ന നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടം ശക്തമായി തുടരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്‍(എഐടിയുസി) പ്രസിഡന്റും എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസിന്റെ അഡീഷണല്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന എ എന്‍ രാജന്റെ നാമധേയത്തിൽ ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ കേന്ദ്ര ഓഫിസായ തൈക്കാട് ജെ ചിത്തരഞ്ജൻ സ്മാരകത്തില്‍ നിർമ്മിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യുതി മേഖലയില്‍ പ്രക്ഷോഭങ്ങളുടെയും സമരങ്ങളുടെയും കാലമാണിതെന്ന് കാനം രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി. പൊതുമേഖലയെ ഇല്ലാതാക്കി പ്രസരണ‑വിതരണ മേഖലകളിലെല്ലാം സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കണം എന്ന് ചിന്തിക്കുന്നവരും അതിനെതിരെ പ്രതികരിക്കുന്നവരും തമ്മില്‍ രണ്ട് പതിറ്റാണ്ടിലേറെയായി പോരാട്ടത്തിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായ സമീപനമാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. എന്നാല്‍ കേരളത്തിനുള്ള ധനസഹായം പോലും ഇല്ലാതെയാക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ നിലപാടുകളെല്ലാം ശരിയാണെന്നാണ് നമ്മുടെ ചില ഐഎഎസ് ഉദ്യോഗസ്ഥരും മന്ത്രിമാരും വിശ്വസിക്കുന്നത്. സ്മാര്‍ട്ട് മീറ്ററുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അതിന്റെ തുടര്‍ച്ചയാണെന്ന് കാനം പറഞ്ഞു.

ട്രേഡ് യൂണിയന്‍ സംഘടനകള്‍ വിശദമായ പഠനം നടത്തിയാണ് ആ നീക്കം അനാവശ്യമാണെന്ന് കണ്ടെത്തിയത്. പഴയ തലമുറയുടെ അനുഭവങ്ങളുടെ പുതിയ തലമുറയുടെ ഊര്‍ജവും ഒരുമിപ്പിച്ച് കൊണ്ടുപോയെങ്കില്‍ മാത്രമെ പുതിയ കാലത്തിന്റെ പ്രശ്നങ്ങളെ നേരിടാന്‍ കഴിയുകയുള്ളൂ. പോരാട്ടത്തില്‍ അവസാനം വരെ ചെറുത്തുനില്‍ക്കണമെന്നും അന്തിമ വിജയം തൊഴിലാളികളുടേത് ആണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

എ എന്‍ രാജന്റെ സ്മരണാര്‍ത്ഥം കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്‍(കെഇഡബ്ല്യുഎഫ്) ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ സമ്മാനിച്ചു. മികച്ച പത്രപ്രവര്‍ത്തകനുള്ള പുരസ്കാരം ജനയുഗം എക്സിക്യൂട്ടീവ് എഡിറ്റര്‍ അബ്ദുള്‍ ഗഫൂര്‍ ഏറ്റുവാങ്ങി. കേരള വൈദ്യുതി മേഖലയിലെ മികച്ച സംഘടനാ പ്രവർത്തകനുള്ള അവാർഡ് കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷന്റെ ജനറൽ സെക്രട്ടറി പി ബാലകൃഷ്ണപിള്ള ഏറ്റുവാങ്ങി. ഓഫിസേഴ്സ് ഫെഡറേഷന്റെ സ്ഥാപക ജനറൽ സെക്രട്ടറിയും നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് കെ സോമരാജനാണ് വൈദ്യുതി മേഖലയിൽ നടത്തിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. പുരസ്കാരജേതാക്കളെ കെഇഡബ്ല്യുഎഫ് വര്‍ക്കിങ് പ്രസിഡന്റ് എ എം ഷിറാസ് പരിചയപ്പെടുത്തി

വര്‍ക്കിങ് പ്രസിഡന്റ് കെ ആര്‍ മോഹന്‍ദാസ് ചടങ്ങില്‍ അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, എഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കല്‍ കുമാര്‍, കെഎസ്ഇബി ഓഫിസേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം ജി അനന്തകൃഷ്ണന്‍, ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എം ജി രാഹുല്‍, എ എന്‍ രാജന്റെ മകന്‍ ഹരിരാജന്‍, അബ്ദുള്‍ ഗഫൂര്‍, പി ബാലകൃഷ്ണപിള്ള, സുനീന്ദ്രന്‍ ടി എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി എം പി ഗോപകുമാര്‍ സ്വാഗതവും ട്രഷറര്‍ ജേക്കബ് വി ലാസര്‍ നന്ദിയും പറഞ്ഞു.

 

Eng­lish Sam­mury: A N Rajan Memo­r­i­al Hall ina­gret­ed by Kanam Rajen­dran, kanam say Strug­gle in pow­er sec­tor must remain strong

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.