29 March 2024, Friday

സമരം നമ്മുടെ അവകാശവും കടമയുമാണ്

Janayugom Webdesk
January 30, 2022 4:26 am

സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ, രാജ്യം റിപ്പബ്ലിക്കായതിന്റെ 72-ാം വാർഷികം നമ്മൾ ആഘോഷിച്ചു. ഇന്ത്യയുടെ വിമോചനത്തിനായി നമ്മുടെ മുൻഗാമികൾ നടത്തിയ പോരാട്ടത്തിന്റെ കഥകളിലേക്ക് നാം, തിരിഞ്ഞുനോക്കുക സ്വാഭാവികം. അചഞ്ചലമായ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ഫലമാണ് റിപ്പബ്ലിക്കിന്റെയും ഭരണഘടനയുടെയും ശക്തമായ അടിത്തറ. സ്വാതന്ത്ര്യമെന്ന പൊതുലക്ഷ്യത്തിനൊപ്പം വിവിധ ചിന്താധാരകളും ചെറുത്തുനില്പിന്റെ സ്വരങ്ങളും ഒന്നിച്ചു. ശക്തരായ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കെട്ടുകെട്ടിക്കാൻ നിർബന്ധിതരാക്കുന്ന പോരാട്ടം അതുല്യവും സ്ഥെെര്യമാർന്നതുമായി. കൊളോണിയൽ ഭരണകൂടം ഇന്ത്യയിലെ സ്വാതന്ത്ര്യദാഹികളായ ജനങ്ങൾക്കുമേൽ തങ്ങളുടെ മേധാവിത്വം നിലനിർത്താൻ ‘വിഭജിച്ചു ഭരിക്കുക’ എന്ന വിഷായുധമാണ് ഉപയോഗിച്ചത്. അവരുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുള്ള മറ്റൊരു ഉപകരണമായിരുന്നു മതമൗലികവാദം. അന്നുമുതലാണ് ഇന്ത്യയുടെ മതേതര മൂല്യങ്ങൾ മതമൗലികവാദത്തിന്റെയും അസ്ഥിരതയുടെയും ആക്രമണത്തിന് വിധേയമായത്. സാമ്രാജ്യത്വ യജമാനന്മാരുടെ പിന്തുണയോടെ രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു.
ജനാധിപത്യം, മതേതരത്വം, പരമാധികാരം, സോഷ്യലിസം എന്നിവയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത യാദൃച്ഛികമല്ല. ഏകദേശം 190 വർഷം നീണ്ടുനിന്ന വൈദേശിക ഭരണത്തിനെതിരായ മഹത്തായ പോരാട്ടത്തിന്റെ ആകെത്തുകയാണ്. സ്വതന്ത്രവും സമൃദ്ധവുമായ ഇന്ത്യയെന്നത് സ്വാതന്ത്ര്യ സമരത്തിന്റെ വാഗ്ദാനമായിരുന്നു. ആ വാഗ്ദാനത്തിൽ ആവേശം കൊണ്ട ജനത സമരം ചെയ്തു വിജയിക്കുകയും ചെയ്തു. എന്നാൽ റിപ്പബ്ലിക്കിന്റെ 72ാം വർഷത്തിലും, മതമൗലികവാദവും മതേതര ജനാധിപത്യവും തമ്മിലുള്ള ഏറ്റുമുട്ടൽ ദേശീയരാഷ്ട്രീയത്തിൽ നിർണായക ഘടകമായി തുടരുന്നു. രാജ്യം ഭരിക്കുന്ന ആർഎസ്എസ് നിയന്ത്രണത്തിലുള്ള ബിജെപിക്ക് റിപ്പബ്ലിക്കിന്റെ അടിസ്ഥാന തത്വങ്ങളോട് വിധേയത്വമില്ല. ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങൾക്കെതിരെ അവർ വീണ്ടും വീണ്ടും വിഷം തുപ്പുകയാണ്. മതേതരത്വം ഒരു പാശ്ചാത്യ ആശയമാണ്, ജനാധിപത്യം അനാവശ്യമാണ്, സോഷ്യലിസം അന്യമാണ് എന്നാണവരുടെ കാഴ്ചപ്പാട്. അവരുടെ നയങ്ങളും പരിപാടികളും ഈ വെറുപ്പിന്റെ തത്വചിന്തയിലാണ് രൂപപ്പെടുന്നത്.


ഇതുകൂടി വായിക്കൂ:  സ്വാതന്ത്ര്യം @ 75


ആർഎസ്എസ്-ബിജെപി സംഘത്തിന്റെ ഫാസിസ്റ്റ് തത്ത്വചിന്തക്കെതിരെയുള്ള പോരാട്ടമാണ് ഇന്ത്യയുടെ മുമ്പിലുള്ള വലിയ വെല്ലുവിളി. യഥാർത്ഥ മുഖം മറച്ചുവച്ച് ജനങ്ങളെ കബളിപ്പിക്കാൻ ഫാസിസത്തിന് പ്രത്യേക കഴിവുണ്ട്. രാഷ്ട്രീയ അധികാരം പിടിച്ചെടുക്കാൻ വേണ്ടി ജനങ്ങൾക്ക് നൽകുന്ന വ്യാജ വാഗ്ദാനങ്ങൾ നിറഞ്ഞതാണ് ഫാസിസത്തിന്റെ ചരിത്രം. അധികാരം കിട്ടിയതോടെ വാഗ്ദാനങ്ങളെല്ലാം കാറ്റിൽ പറത്തി. രാഷ്ട്രീയ അധികാരത്തിലേക്കുള്ള യാത്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മുദ്രാവാക്യമായിരുന്നു ‘സബ് കാ വികാസ്. പക്ഷേ, അദ്ദേഹത്തിന്റെ ഭരണകാലത്ത് പട്ടിണിയും ദാരിദ്ര്യവും പാവപ്പെട്ടവന്റെ കണ്ണീരും സങ്കടവും ഒട്ടും പരിഗണിക്കപ്പെട്ടില്ല. അതിന്റെ കയ്പേറിയ യാഥാർത്ഥ്യമാണ് കോവിഡ് പകർച്ചവ്യാധി ദിനങ്ങൾ വെളിപ്പെടുത്തിയത്. പാവപ്പെട്ടവന്റെ ഇന്ത്യയെ വിഴുങ്ങിയ വിശപ്പും ദുരിതവും സങ്കല്പത്തിന് അപ്പുറമായിരുന്നു.
മഹാമാരിക്ക് മുമ്പ് തന്നെ പോഷകാഹാരക്കുറവും ശിശുമരണങ്ങളും രാജ്യത്തെ വേട്ടയാടിയിരുന്നു. ലോകത്തിലെ പട്ടിണിയുടെയും ഭക്ഷ്യ അരക്ഷിതാവസ്ഥയുടെയും ഏറ്റവും ആധികാരികമായ വിലയിരുത്തലായി പറയപ്പെടുന്ന സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആൻഡ് ന്യൂട്രീഷൻ ഇൻ ദ വേൾഡ് റിപ്പോർട്ട് അനുസരിച്ച്, 2014 നും 19 നും ഇടയിൽ ഇന്ത്യയിൽ ഭക്ഷ്യ അരക്ഷിതാവസ്ഥ 3.8 ശതമാനം വർധിച്ചു. 2014 ലേതിനേക്കാൾ 6.2 കോടി ആളുകളാണ് ആദ്യ മോഡി സർക്കാരിന്റെ ഭരണകാലത്ത് ഭക്ഷ്യ അരക്ഷിതാവസ്ഥയിലായത്. ആഗോളതലത്തിൽ ഭക്ഷ്യക്ഷാമം നേരിടുന്നവരുടെ 22 ശതമാനവും ഇന്ത്യയിലാണ്. 2018‑ൽ നമ്മുടെ രാജ്യത്ത് അഞ്ച് വയസിന് താഴെയുള്ള 8.8 ലക്ഷം കുട്ടികൾ മരിച്ചു. അഞ്ചിൽ താഴെ പ്രായമുള്ളവരുടെ 69 ശതമാനത്തിനും പോഷകാഹാരക്കുറവാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ആഗോള പട്ടിണി സൂചികയിൽ 2020 ലെ 94ാം സ്ഥാനത്ത് നിന്ന് 21 ആകുമ്പോൾ 101-ാം സ്ഥാനത്തേക്ക് താഴ്‌ന്നു. പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവയേക്കാൾ താഴെയാണ് ഇന്ത്യ. മഹാമാരി തൊഴിലാളികളുടെ 90 ശതമാനത്തിലധികം വരുന്ന അസംഘടിത മേഖലയെയാണ് മോശമായി ബാധിച്ചത്. ദാരിദ്ര്യത്തിൽ നിന്നും മരണത്തിൽ നിന്നും രക്ഷനേടാൻ നൂറുകണക്കിന് കിലോമീറ്ററുകൾ നടന്ന് ജന്മഗ്രാമങ്ങളിലെത്തുന്ന കുടിയേറ്റ തൊഴിലാളികളുടെ പലായനത്തിന്റെ ദൃശ്യങ്ങൾ രാജ്യത്തിന് മറക്കാനാവില്ല. ആ ദിവസങ്ങളിൽ അജ്ഞാത മൃതദേഹങ്ങൾ ഗംഗയിൽ ഒഴുകിനടന്നു. ഭക്ഷണമില്ലാതെയോ ഓക്സിജൻ സിലിണ്ടറുകളുടെ കുറവുകൊണ്ടോ കോവിഡ് കാലത്ത് മരിച്ചവരുടെ കൃത്യമായ വിവരങ്ങൾ സർക്കാരിന്റെ കെെവശമില്ല. മഹാമാരിയുടെ ആഘാതം അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിത നിലവാരത്തെ ദുർബലപ്പെടുത്തിയപ്പോൾ, അതിസമ്പന്നരുടെ ലാഭത്തിൽ 35 ശതമാനം വളർച്ച രേഖപ്പെടുത്തുന്നുവെന്ന് കണക്കുകൾ പറയുന്നു.


ഇതുകൂടി വായിക്കൂ:  റിപ്പബ്ലിക്കിന് വെല്ലുവിളി ഉയര്‍ത്തുന്നത് സംരക്ഷകര്‍


റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ റിഹേഴ്സൽ പുരോഗമിക്കുമ്പോൾ തലസ്ഥാന നഗരിയിൽ മാത്രം കൊടുംതണുപ്പിൽ 145 പേർ മരിച്ചു. ഈ യാഥാർത്ഥ്യങ്ങളുടെ മുമ്പിൽ ഒരു പരമാധികാര ജനാധിപത്യ രാജ്യത്തെ ജനങ്ങൾക്ക് എന്താണ് ചെയ്യാൻ കഴിയുക. അവർ സ്വാഭാവികമായും ഭാവിയെക്കുറിച്ച് ചിന്തിക്കുകയും അതിന്റെ വളർച്ചയുടെ പാതയിൽ തിരുത്തലിനുള്ള വഴികൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യും. ഭരണഘടനയുടെ അടിസ്ഥാന ഘടന സംരക്ഷിക്കപ്പെടുന്ന, ജനാധിപത്യം, മതേതരത്വം, ദേശീയ പരമാധികാരം, സോഷ്യലിസ്റ്റ് ലക്ഷ്യങ്ങൾ എന്നിവ എല്ലാത്തരം ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കപ്പെടുന്ന ഒരു പുതിയ ഇന്ത്യയ്ക്കായി പരിശ്രമിക്കുക എന്നത് ജനങ്ങളുടെ പരമമായ അവകാശവും കടമയുമാണ്. എന്നാൽ ഈ ചരിത്രസന്ധിയിലെ ഏറ്റവും വലിയ ഭീഷണി ഭരണഘടനയെ തുരങ്കം വയ്ക്കാനുള്ള ശ്രമങ്ങൾ ഉള്ളിൽ നിന്നുതന്നെ ഉയരുന്നു എന്നതാണ്. യഥാർത്ഥ ജനാധിപത്യ സംവിധാനത്തിൽ അവകാശങ്ങളും കടമകളും വേർതിരിക്കാനാവാത്തതാണ്. കർത്തവ്യങ്ങള്‍ക്ക് ഊന്നൽ നൽകി ജനങ്ങളുടെ അവകാശങ്ങളെ ഹനിക്കാൻ ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകൾ ശ്രമിച്ചിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ, ‘അവകാശങ്ങളുടെ പേരിൽ അപകടത്തിലായ കടമ’ എന്ന കൊളോണിയൽ സിദ്ധാന്തം കടമെടുക്കാനാണ് ആർഎസ്എസ്-ബിജെപി ഭരണകൂടം ശ്രമിച്ചത്. നാം ഇന്ത്യക്കാർ സർക്കാർ നീക്കത്തിന് പിന്നിലെ നിഗൂഢമായ പദ്ധതികൾ മനസിലാക്കുന്നു. നമ്മുടെ അവകാശങ്ങൾക്കായി പോരാടേണ്ടത് നമ്മുടെ കടമയാണെന്ന് നാം അവരോട് പറയുന്നു. ആ പോരാട്ടത്തിന് മാത്രമേ ഇന്ത്യയെയും അതിന്റെ മതേതര ജനാധിപത്യത്തെയും രക്ഷിക്കാൻ കഴിയു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.