സമരപരമ്പര: യൂത്ത്കോൺഗ്രസ്- കെഎസ്‌യു പ്രവർത്തകർക്കും പൊലീസിനും കോവിഡ്

Web Desk

തിരുവനന്തപുരം:

Posted on September 21, 2020, 9:55 pm

സെക്രട്ടേറിയറ്റിന് മുന്നിൽ കണ്ടെയ്ൻമെന്റ് സോണിലും നിരീക്ഷണത്തിലുമുള്ള പ്രവർത്തകരെ ഇറക്കി അക്രമ പരമ്പരകൾ സൃഷ്ടിച്ച പത്തോളം യൂത്ത്കോൺഗ്രസ്- കെഎസ്‌യു പ്രവർത്തകർക്കും അക്രമം തടഞ്ഞ ഇരുപത്തെട്ടോളം പൊലീസുകാർക്കും പത്ത് ദിവസത്തിനുള്ളിൽ കോവിഡ് സ്ഥിരീകരിച്ചു.

കഴിഞ്ഞ 10 ദിവസം തുടർച്ചയായി നടന്ന അക്രമ സമരത്തിൽ 25 ഓളം കേസുകളാണ് കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്തത്. കോവിഡ് പ്രോട്ടോക്കാൾ ലംഘിച്ചും, ഗതാഗതം തടസപ്പെടുത്തിയും, പൊലീസിനെതിരെ അക്രമ പരമ്പര സൃഷ്ടിച്ചതിനാണ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ പേരിൽ 25 കേസുകൾ രജിസ്റ്റർചെയ്തത്. സമരത്തിൽ പങ്കെടുത്ത കണ്ടാലറിയുന്ന മൂവായിരത്തോളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സെക്രട്ടേറിയറ്റിന് മുന്നിലെ കെഎസ്‌യു സമരത്തിന് നേതൃത്വം നൽകി, യാതൊരു പ്രകോപനവുമില്ലാതെ പൊലീസുമായി മൽപ്പിടുത്തം നടത്തിയ കെഎസ്‌യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സെയ്ദലി കായ്പ്പാടിക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. നേരിട്ട് സമ്പർക്കം പുലർത്തിയ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള പത്തോളം പ്രവർത്തകർക്കും അവരുടെ കുടുംബങ്ങളിലേക്കും രോഗം പടർന്നതും ആശങ്ക പടർത്തി. അക്രമങ്ങളിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ സമരത്തിൽ പങ്കെടുത്ത പ്രവർത്തകരോട് ഒളിവിൽ പോകാൻ ജില്ലാ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.

ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രൈമറി, സെക്കന്‍ഡറി കോൺടാക്ടിലുള്ള പ്രവർത്തകരാണിവർ. ബന്ധുവീടുകളിലോ, സമീപ ജില്ലകളിലോ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കഴിയണമെന്നാണ് ജില്ലാ നേതൃത്വം രഹസ്യ നിർദ്ദേശം നൽകിയത്. ജില്ലയിലാകെ ഉറവിടം അറിയാത്ത കോവിഡ് രോഗികളുടെ എണ്ണം ഉയർത്താൻ മാത്രമേ ഇടയാക്കൂവെന്ന് പൊലീസ് രഹസ്യാന്വേഷണവിഭാഗം വിലയിരുത്തുന്നു. വയോജനങ്ങൾക്കും 10 വയസിൽ താഴെയുള്ള കുട്ടികൾക്കും ജീവഹാനി അടക്കമുള്ള വലിയ ദുരന്തങ്ങൾക്ക് ഇത് വഴിവെച്ചേക്കാമെന്ന് ആരോഗ്യപ്രവർത്തകരും പറയുന്നു.

സെക്രട്ടേറിയറ്റിന് മുന്നിലെ അക്രമ സമരങ്ങൾ നിയന്ത്രിച്ചിരുന്ന കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ ഉൾപ്പടെ അൻപതോളം പൊലീസ് ഉദ്യോഗസ്ഥർക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ രോഗബാധയുണ്ടായത്. കരമന, തുമ്പ, കന്റോൺമെന്റ് പൊലീസ് സ്റ്റേഷനുകളിലെയും എസ്എപി, കെഎപി ബറ്റാലിയനുകളിലെ ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചത് ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഗൺമാന് കോവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായയും നിരീക്ഷണത്തിൽ പോയി.
കോവിഡം പ്രതിരോധത്തിൽ പ്രധാന പങ്കുവഹിക്കുന്ന പൊലീസ് സേനയിലാകെ രോഗവ്യാപനം ഉണ്ടാക്കി പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കാനായിരുന്നു കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ ശ്രമം. പ്രതിഷേധക്കാരായി എത്തുന്ന പ്രവർത്തകരിൽ കണ്ടെയ്ൻമെന്റ് സോണിലും, കോവിഡ് നിരീക്ഷണത്തിൽ ഉള്ളവരും ഉൾപ്പെട്ടിട്ടുള്ളതായി നേരത്തെതന്നെ സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. യൂത്ത്കോൺഗ്രസ്, കെഎസ്‌യു, യൂത്ത് ലീഗ്, യുവമോർച്ച, മഹിളാമോർച്ച, എംഎസ്എഫ്, എബിവിപി പ്രവർത്തകർ കഴിഞ്ഞ ദിവസങ്ങളിൽ പൊലീസിനു നേരെ നടത്തിയ ആക്രമണങ്ങളിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു.

ENGLISH SUMMARY; Strug­gle series: covid to Youth Con­gress-KSU activists and police
YOU MAY ALSO LIKE THIS VIDEO