June 9, 2023 Friday

Related news

June 6, 2023
June 3, 2023
May 31, 2023
May 16, 2023
May 16, 2023
May 13, 2023
May 11, 2023
May 11, 2023
May 11, 2023
May 10, 2023

സിവില്‍ സര്‍വീസ് പരിഷ്കരിക്കാനും സംശുദ്ധമാക്കാനുമുള്ള പോരാട്ടം തുടരണം: കെ കെ ബാലന്‍ മാസ്റ്റര്‍

Janayugom Webdesk
കോഴിക്കോട്
March 21, 2023 10:07 pm

ഭരണകര്‍ത്താക്കള്‍ ജനങ്ങളുടെ സേവകരാണെന്ന സങ്കല്പം മോഡി ഭരണകൂടം ഇല്ലാതാക്കിയെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലന്‍ മാസ്റ്റര്‍ പറഞ്ഞു. ജീവിതത്തിന്റെ സമസ്ത മേഖലകളും മൂലധന ശക്തികള്‍ പിടിമുറുക്കുകയാണ്. തൊഴിലാളികളും ജീവനക്കാരുമെല്ലാം പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നു. ഇതിനെ അതീജീവിക്കാന്‍ പോരാട്ടം മാത്രമാണ് പോംവഴിയെന്നും അദ്ദേഹം പറഞ്ഞു. ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളനം കോഴിക്കോട് ടൗണ്‍ഹാളിലെ എംഎൻവിജി അടിയോടി നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ എന്ന അവകാശം ജീവനക്കാരുടെ ജീവിത സുരക്ഷയാണ്. അത് എടുത്തുകളഞ്ഞു. ആ അവകാശം വീണ്ടെടുത്തേ പറ്റൂ. സിവില്‍ സര്‍വീസ് പിഷ്കരിക്കാനും സംശുദ്ധമാക്കാനുമുള്ള പോരാട്ടം തുടരുകതന്നെ വേണം. സേവന മേഖലയിലെ സേവകരാണ് ജീവനക്കാര്‍. സേവന മേഖലയും ജീവനക്കാരുമില്ലെങ്കില്‍ നമ്മുടെ സമൂഹം ഇന്നത്തെപ്പോലെ നിലനില്‍ക്കില്ല. ജനങ്ങളുടെ നികുതിപ്പണം വേതനമായി കൈപ്പറ്റി സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യതയ്ക്ക് കാരണക്കാരും ജനവിരുദ്ധരുമായി സര്‍ക്കാര്‍ ജീവനക്കാരെ തെറ്റായി ചിത്രീകരിക്കുകയാണ്. സേവന മേഖലയെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ നീക്കമാണ് നടക്കുന്നത്. സേവന വേതന വ്യവസ്ഥ സംരക്ഷിക്കപ്പെടാന്‍ അവ നാടിന്റെ സാമൂഹ്യ വിഷയമായി പരിഗണിക്കണം. സര്‍ക്കാര്‍ ഉത്തരവുകളുടെ വ്യാഖ്യാനം നിഷേതാത്മകമാകരുതെന്നും അദ്ദേഹം പറഞ്ഞു.

 

കോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കുന്ന കേന്ദ്ര ഭരണകൂടത്തിന് ബദലേതെന്ന ചോദ്യത്തിന് ഉത്തരമാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍. എല്ലാ ജനവിഭാഗങ്ങളുടേയും ജീവിത സുരക്ഷ ഉറപ്പുവരുത്തുന്ന സര്‍ക്കാരാണ് കേരളത്തിലേത്. എന്നാല്‍ കേരളത്തിന്റെ അവകാശങ്ങള്‍ കേന്ദ്രം നിഷേധിക്കുകയാണ്. കേരളത്തിന് ന്യായമായും ലഭിക്കേണ്ട സമ്പത്ത് കേന്ദ്ര ഭരണകൂടം നിഷേധിക്കുകയാണ്. അതിന് അവര്‍ കാരണമായി പറയുന്നത് നമ്മള്‍ കൈവരിച്ച നേട്ടങ്ങളാണ്. വര്‍ഗ്ഗീയ ചേരിതിരിവിലൂടെ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കേന്ദ്ര ഭരണകൂടത്തിന്റെ തന്ത്രത്തിനെതിരെ രാജ്യമെങ്ങും ജനകീയ മുന്നേറ്റം ഉയര്‍ന്നു വരികയാണ്. കര്‍ഷകരും തൊഴിലാളികളും യുവജനങ്ങളും ജീവനക്കാരമെല്ലാം സമരത്തിന്റെ പാതയിലാണ്. ശക്തമായ പോരാട്ടത്തിലൂടെ മാത്രമേ ഫാസിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്മേളനത്തിന് തുടക്കം കുറിച്ച് ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പി റാംമനോഹര്‍ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി. ഐ ടി മിനി രക്തസാക്ഷി പ്രമേയവും എസ് ഷോളി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ ജോ. സെക്രട്ടറി കെ പി അഖിലേഷ് സ്വാഗതം പറഞ്ഞു.

ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ് ടി വി ബാലന്‍, ജോയിന്റ് കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ അഹമ്മദ് കുട്ടി കുന്നത്ത്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം യു കബീര്‍, സംസ്ഥാന കമ്മിറ്റി അംഗം ടി എം സജീന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി കെ ജയപ്രകാശന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ ടി രത്നദാസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളായി കെ അജിന (പ്രസിഡന്റ്), കെ ജയപ്രകാശന്‍ (സെക്രട്ടറി), എം സച്ചിദാനന്ദന്‍, ഷോളി എസ്, ഇ എം രതീഷ് കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), പി സുനില്‍കുമാര്‍, ധന്യ കെ പി (ജോ. സെക്രട്ടറിമാര്‍), ടി രത്നദാസ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. വനിതാ കമ്മിറ്റി പ്രസിഡന്റായി കെ പി ധന്യയേയും സെക്രട്ടറിയായി സി ധന്യയേയും സമ്മേളനം തെരഞ്ഞെടുത്തു.സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Strug­gle to reform and puri­fy civ­il ser­vice must con­tin­ue: KK Bal­an Master

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.