Web Desk

February 17, 2021, 2:18 pm

സെക്രട്ടറിയേറ്റിന് മുന്നിലെ സമരങ്ങളും,കണ്ണീര്‍ നാടകങ്ങളും; പിന്നില്‍ കോണ്‍ഗ്രസ്

Janayugom Online

ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികളുടെ പേരില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ കോണ്‍ഗ്രസും, ബിജെപിയും സ്പോണ്‍സര്‍ ചെയ്തിരിക്കുന്നതായി തെളിഞ്ഞിരിക്കുന്നു. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ജനകീയ പദ്ധതികളുമായി മുന്നോട്ട് പോകുമ്പോള്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട യുഡിഎഫും, ബിജെപിയും യുവാക്കളെ കരുവാക്കി തങ്ങളുടെ രാഷട്രീയ അജണ്ട നടപ്പിലാക്കുകയെന്നുളളതല്ലാതെ മറ്റൊന്നും അല്ല സെക്രട്ടറിയേറ്റ് നടയില്‍ നടക്കുന്നത്. ഇരു കുട്ടരും ആദ്യം തന്നെ തങ്ങളുടെ യുവജന സംഘടനകളായ യൂത്ത് കോണ്‍ഗ്രസിനേയും, യുവമോര്‍ച്ചേയേയും രംഗത്തിറക്കി സെക്രട്ടറിയേറ്റിനു മുന്നില്‍ സമരത്തിന്‍റെ പേരില്‍ ആഭാസം സൃഷ്ടിച്ചിരുന്നു. പൊലീസിന്‍റെ സംയമനത്തെതുടര്‍ന്ന് വലിയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കി. പോലീസിനെ പല തവണ പ്രകോപ്പിക്കാന്‍ ശ്രമമുണ്ടായിട്ടും അവര്‍ കാണിച്ച സംയമനത്തെ എടുത്തു പറയേണ്ടതാണ്. ഇരു കൂട്ടരും തമ്മിലുളള രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിട്ടാണ് ഇപ്പോള്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടക്കുന്ന സമരങ്ങള്‍. വരും ദിവസങ്ങളില്‍ ഇതിന്‍റെ രഹസ്യ അജണ്ട പുറത്തു വരും. ഉദ്യോഗാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ചുള്ള ഈ സമരങ്ങള്‍ അവര്‍ക്ക് തന്നെ വിനയായി വരും. സ്വർണക്കടത്ത് , ശബരിമലയുടെ പേരിലുള്ള മുതലെടുപ്പ്‌ തന്ത്രം പാളിയതാണ്‌ പിഎസ്‌സി റാങ്ക്‌ ലിസ്‌റ്റിന്റെ പേരിലുള്ള യുഡിഎഫ്‌ രാഷ്‌ട്രീയ നീക്കത്തിനു കാരണം.

ഏഴുമാസംമുമ്പ്‌ റദ്ദായ പൊലീസ്‌ കോൺസ്‌റ്റബിൾ റാങ്ക്‌ ലിസ്‌റ്റും ആറു മാസം കൂടി പ്രാബല്യമുള്ള ലാസ്‌റ്റ്‌ ഗ്രേഡ്‌ റാങ്ക്‌ ലിസ്‌റ്റും ഉയർത്തിയാണ്‌ മണ്ണെണ്ണ ഒഴിച്ചുള്ള ആത്മാഹുതി സമരമുറവരെ യുഡിഎഫ്‌ നേതൃത്വം ആവിഷ്കരിച്ചതും ആസൂത്രണം ചെയ്തും. യുഡിഎഫും ബിജെപി കൂട്ടു കെട്ട് കഴിഞ്ഞവർഷം മധ്യത്തിൽ ആരംഭിച്ചതാണ് കേരള സർക്കാർ തൊഴിൽരഹിതരെ വഞ്ചിക്കുന്നു’ എന്ന പ്രചാരണം. യുഡിഎഫ് ഭരണത്തിൽ ആദ്യനാലുകൊല്ലം പിഎസ്‌സി വഴി ആകെ നടന്നത് 1,23,000 നിയമനമാണെന്ന കണക്ക് അന്ന് പുറത്തുവന്നു. എൽഡിഎഫ് വന്നശേഷം അതേകാലത്ത് നടന്നത് 1,33,000 നിയമനവും. അതായത് അന്നുതന്നെ 10,000 നിയമനം കൂടുതൽ. ഇപ്പോൾ ഈ കണക്ക് 1,57,911 ആയി. കഴിഞ്ഞ ദിവസം കാലാവധി നീട്ടിയതടക്കമുള്ള ലിസ്റ്റുകളിൽനിന്നുകൂടി നിയമനം നടക്കുമ്പോൾ എണ്ണം റെക്കോഡാകും. ഇതാണ് യാഥാർഥ്യം. ഈ കണക്കുകൾ ഒളിപ്പിച്ചായിരുന്നു നുണയുദ്ധം.പൊലീസ് നിയമന ലിസ്റ്റിനെ മുൻനിർത്തിയായിരുന്നു അന്ന് മുഖ്യമായും വാദങ്ങൾ. അതും കണക്കിൽ പൊളിഞ്ഞു. എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നശേഷം പൊലീസിൽ നടന്നത്‌ റെക്കോഡ്‌ നിയമനമാണ്. 2020 ജൂൺ 30ന്‌ കാലാവധി അവസാനിച്ച സിവിൽ പൊലീസ്‌ ഓഫീസർ റാങ്ക്‌ പട്ടികയിൽനിന്ന്‌ 2021 ഡിസംബർ 31 വരെയുള്ള 1046 പ്രതീക്ഷിത ഒഴിവിലേക്ക്‌ ഉൾപ്പെടെ 5609 പേർക്ക്‌ നിയമനം നൽകി‌. റാങ്ക് ലിസ്റ്റിൽ ഇല്ലാത്തവരെയും ലിസ്റ്റിലുള്ള സ്വന്തം പാർടിക്കാരെയും അണിനിരത്തിയാണ് യുഡിഎഫ് ഇപ്പോള്‍ സംരത്തിനിറങ്ങിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കൂടിയായ കെ .ശബരിനാഥിന്‍റെ അമ്മയെ ഏതു ലിസ്ററില്‍ നിന്നാണ് നിയമിച്ചതെന്നു ചോദിച്ചപ്പോള്‍ ഉത്തരമില്ലായിരുന്നു. ആ ശബരിനാഥിന്‍റെ നേതൃത്വത്തിലാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമര അക്രമണ പരമ്പര അരങ്ങേറുന്നത്. ഇക്കുറി മുഖ്യ സമരായുധം ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് റാങ്ക് ലിസ്റ്റാണ്. ഈ തസ്തികയിൽ മുൻ റാങ്ക് ലിസ്റ്റിൽനിന്ന് നടന്നത്രയും നിയമനം ഇപ്പോൾ നടന്നിട്ടില്ല എന്നതാണ് മുഖ്യ വാദം. ഇതുവരെയുള്ള കണക്കിൽ അത് ശരിയാണ്. എന്നാൽ, ആ ലിസ്റ്റ് 2021 ആഗസ്ത് നാലുവരെ കാലാവധിയുള്ളതാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സാധാരണ ഉണ്ടാകുന്ന വിരമിക്കൽ ഒഴിവുകൾകൂടി വരുമ്പോൾ കുറെ അധികം പേർ ഇനിയും നിയമിക്കപ്പെടും.ആ ലിസ്റ്റിൽനിന്ന് നിയമനം കുറവ് വരാൻ വ്യക്തമായ മറ്റൊരു കാരണം കൂടിയുണ്ട്. ആ തസ്തികയ്ക്കുള്ള വിദ്യാഭ്യാസ യോഗ്യതയിൽ വരുത്തിയ മാറ്റമാണത്. മുമ്പ് ബിരുദധാരികൾക്കുപോലും അപേക്ഷിക്കാവുന്നതായിരുന്നു ഈ തസ്തിക. യുഡിഎഫ് ഭരണകാലത്തുതന്നെ ഇതിന്‌ മാറ്റം വന്നു.

2017ലെ വിജ്ഞാപനപ്രകാരം ബിരുദമോ സമാനമായ യോഗ്യതയോ നേടിയവർക്ക് എൽജിഎസ് തസ്തികയ്ക്ക് അപേക്ഷിക്കാനാകുമായിരുന്നില്ല. മുൻ ലിസ്റ്റുകളിൽ അവർക്ക് നിയമനം കിട്ടിയിരുന്നു. ബിരുദ യോഗ്യതയുള്ളവരിൽ ഒട്ടേറെപ്പേർ കൂടുതൽ മെച്ചപ്പെട്ട തസ്തികകളിൽ നിയമനം ലഭിച്ചപ്പോൾ വിട്ടുപോയതിനാൽ ആ ഒഴിവുകളിൽ, എൽജിഎസ് ലിസ്റ്റിലെ താഴെയുള്ള കൂടുതൽ പേർക്ക് നിയമനം കിട്ടി. 2011ലെ ലിസ്റ്റിൽ ഇങ്ങനെ വിട്ടുപോയവരുടെ എണ്ണം 40 ശതമാനമായിരുന്നു. 2015 ലെ ലിസ്റ്റിൽ 33 ശതമാനവും. ഇപ്പോൾ ബിരുദധാരികൾക്ക് അപേക്ഷിക്കാനാകാത്ത അവസ്ഥ വന്നപ്പോൾ ഇങ്ങനെ ജോലിക്ക് ചേരാതെ ഒഴിയുന്നവരുടെ എണ്ണം കുറഞ്ഞു. അതുകൊണ്ടുതന്നെ ലിസ്റ്റിൽ താഴെയുള്ളവരുടെ നിയമനം കുറഞ്ഞു ഇതാണ് യാഥാര്‍ത്ഥ്യം. അതേപോലെതന്നെ മുമ്പ് ഈ പട്ടികയിൽനിന്ന് നിയമനം നടത്തിയിരുന്ന സെക്രട്ടറിയറ്റ്, പബ്ലിക് സർവീസ് കമീഷൻ, ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ്, അഡ്വക്കറ്റ് ജനറൽ ഓഫീസ്, നിയമസഭാ സെക്രട്ടറിയറ്റ് എന്നിവിടങ്ങളിൽ ഇപ്പോൾ ഈ ലിസ്റ്റിൽ നിന്നല്ല നിയമനം. അവർക്കായി വേറെ റിക്രൂട്ട്മെന്റാണ്. എസ്എസ്എൽസി എങ്കിലും യോഗ്യതയുള്ളവരെയേ അവിടെ നിയമിക്കാനാകൂ. അവരുടെ നിയമനം വേറെ ആയതോടെ ഈ ലിസ്റ്റിലെ നിയമനത്തിൽ സ്വാഭാവികമായ കുറവ് വന്നു. എങ്കിലും കാലാവധി കഴിയുംമുമ്പ് ഈ പട്ടികയിൽനിന്ന് ആയിരങ്ങൾക്ക് ഇനിയും നിയമനം ലഭിക്കും എന്നുറപ്പാണ്. മറ്റൊരു സമരം കാലാവധി അവസാനിച്ച പൊലീസ് ലിസ്റ്റിൽനിന്ന് ഇനിയും നിയമനം നടത്തണം എന്നാവശ്യപ്പെട്ടാണ്. റെക്കോഡ് നിയമനം നടത്തി കാലാവധി കഴിഞ്ഞ ആ ലിസ്റ്റിൽനിന്ന് ഇനി ആര് വിചാരിച്ചാലും നിയമനം നടത്താൻ കഴിയില്ല. കാലാവധി അവസാനിച്ച പട്ടികകളിൽനിന്ന് നിയമനം പാടില്ല എന്നത് സുപ്രീംകോടതി വിധിയാണ്. 2020 ജൂൺ 20ന്‌ കാലാവധി തീർന്ന പൊലീസ്‌ റാങ്ക്‌ ലിസ്‌റ്റിൽനിന്ന്‌ 2021 ഡിസംബർവരെയുള്ള ഒഴിവ്‌ മുൻകൂട്ടി കണക്കാക്കി നിയമനം നടത്തി. ഇതെല്ലാം മറച്ചുപിടിച്ചാണ്‌ സമര പ്രഹസനം നടക്കുന്നത്. ഉദ്യോഗാര്‍ഥികളുടെ കാലില്‍ വീഴേണ്ടത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് മറ്റൊന്നു കൊണ്ടല്ല. എല്ലാ കഷ്ടത്തിനും ഇടയാക്കിയത് താനാണെന്ന് ഉമ്മന്‍ചാണ്ടി ഉദ്യോഗാര്‍ഥികളോട് പറയണം. മുട്ടിലിഴയേണ്ടതും മറ്റാരുമല്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. യുവജനങ്ങളെ തെറ്റിധരിപ്പിക്കാനും വഞ്ചിചിക്കാനുമുള്ള നടപടികളാണ് യുഡിഎഫ് ബോധപൂര്‍വം സ്വീകരിച്ച് വരുന്നത്. യൂണിഫോമിട്ട സേനകളിലേക്കുള്ള റാങ്ക് ലിസ്റ്റിന്റെ കാലവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി കുറച്ചത് 2014 ജൂണിലാണ്. അതിനായി അന്നത്തെ പിഎസ് സി ചെയര്‍മാന് കത്തെഴുതിയത് ആരാണ്. എന്‍ജെഡി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്തതും ആരുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതൊക്കെ യുഡിഎഫ് ഭരിച്ചു കൊണ്ടിരുന്നപ്പോഴാണ്. 2002ല്‍ കോവളത്ത് ചേര്‍ന്ന യുഡിഎഫ് ഏകോപന സമിതി തസ്തിക വെട്ടിക്കുറയ്ക്കലും നിയമന നിരോധനവും അന്നത്തെ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതാണ്. അന്ന് ഉമ്മന്‍ചാണ്ടിയായിരുന്നു യുഡിഎഫ് കണ്‍വീനര്‍. അതിനെ തുടര്‍ന്നാണ് കേരളത്തില്‍ 32 ദിവസം നീണ്ട സമരം നടക്കാനിടയായത്. കുട്ടികളെ എന്നും സൗജന്യമായി പഠിപ്പിക്കാമെന്ന് ആരും വ്യാമോഹിക്കണ്ട എന്നാണ് അന്ന് ഉമ്മന്‍ചാണ്ടി പ്രസ്താവന നടത്തിയത്. ലാസ്റ്റ് ഗ്രേഡിന് കൂടുതല്‍ തസ്തികകള്‍ വേണമെന്ന് പറഞ്ഞ് ഇപ്പോള്‍ സമരം ചെയ്യുന്ന കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുമ്പോഴാണ് ലാസ്റ്റ് ഗ്രേഡില്‍ നിയമനം തന്നെ പാടില്ലെന്ന് പറഞ്ഞ് പ്രത്യേക സര്‍കുലര്‍ ഇറക്കിയത്. ഇതെല്ലാം മറച്ചു വെച്ചുകൊണ്ട് തങ്ങളുടെ രാഷട്രീയമുതലെടുപ്പിനു ശ്രമിക്കുകയാണ് അതിനായി സെക്രട്ടറിയേറ്റും, പരിസരവും സമരമുഖമാക്കിയിരിക്കുന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിന്‍റെ പേരില്‍ നടക്കുന്ന നാടകങ്ങള്‍ അവസാനം വിരല്‍ചൂണ്ടുന്നുന്നത് രാഷ്ട്രീയ താല്‍പര്യം തന്നെയാണ് . അവിടെ കരഞ്ഞുകാണിച്ചത് ‌ കോൺഗ്രസിന്റെ സജീവ പ്രവർത്തകയാണ് .അതിന്‍റെ കൂടുതല്‍ കാര്യങ്ങള്‍ സമൂഹ്യ മാധ്യമങ്ങളിൽ വന്നിരിക്കുന്നു. ഇവര്‍ വർഷങ്ങളായി കോൺഗ്രസിന്റെ സജീവ പ്രവർത്തകയാണ്ജില്ലയിലെ പിഎസ്‌സി റാങ്ക്‌ ലിസ്റ്റിലുൾപ്പെട്ട കോൺഗ്രസ്‌ അനുകൂലികളായവർ ചേർന്ന്‌ രൂപീകരിച്ച ഗ്രൂപ്പിലും അംഗമാണ്‌‌. പിഎസ്‌സി നിയമനത്തിന്റെ പേരും പറഞ്ഞ്‌ നിരന്തരം സർക്കാരിനെ കരിവാരിത്തേക്കാനുള്ള പ്രവർത്തനങ്ങൾക്ക്‌ മുന്നിലുമുണ്ട്‌. ഇവർ പട്ടികയിൽ 583ാം റാങ്കുകാരിയാണ്‌. തൃശൂർ ജില്ലയിൽ ഇതിനകം 496 പേർക്ക്‌ നിയമന ഉത്തരവ്‌ നൽകിയിട്ടുണ്ട്‌. പട്ടികയ്‌ക്ക്‌ ആറുമാസം കൂടി കാലാവധിയുമുണ്ട്‌.വർഷങ്ങളായി വിവിധസ്ഥാപനങ്ങളിൽ താൽക്കാലികമായി ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനങ്ങൾ വരുന്ന പശ്ചാത്തലത്തിലാണ് ഇപ്പോൾ ഈ സമരങ്ങൾക്ക് അരങ്ങൊരുക്കുന്നത്. ഈ സ്ഥിരപ്പെടുത്തൽ പിഎസ്‌സി റാങ്ക് ലിസ്റ്റിനെ നോക്കുകുത്തിയാക്കിയാണെന്നും തെററായി പ്രചരിപ്പിക്കുന്നു. സംസ്ഥാനത്ത് നിയമനം പിഎസ്‌സിക്ക് വിട്ടിട്ടില്ലാത്ത സ്ഥാപനങ്ങൾ കുറേയുണ്ട്. അവിടങ്ങളിൽ പത്തുകൊല്ലം സർവീസ് പിന്നിട്ടവരെയും മറ്റുമാണ് സ്ഥിരപ്പെടുത്തുന്നത്. അവിടെ പിഎസ്‌സി ലിസ്റ്റില്ല. താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിലും വ്യക്തമായ മാനദണ്ഡങ്ങൾ സർക്കാർ പുലർത്തുന്നുണ്ട്. ഭാവിയിൽ നിയമിക്കപ്പെടാൻ ഇടയുള്ളവരെ വരെ മുൻകൂട്ടി സ്ഥിരപ്പെടുത്തിയ ഉത്തരവിറക്കിയ യുഡിഎഫ് രീതിയിൽനിന്ന് വ്യത്യസ്തമാണിത്.മൂന്ന് ലക്ഷം താല്‍കാലികക്കാരെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയെന്ന പ്രതിപക്ഷ പ്രചരണവുംം തെറ്റാണ്. സംസ്ഥാനത്താകെ അഞ്ചരലക്ഷത്തോളം ജീവനക്കാര്‍ മാത്രമാണ്. ഇഷ്ടാനുസരണം ആരെയും സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയില്ല.

10 വര്‍ഷമായി സര്‍വീസില്‍ ഉള്ളവര്‍ക്കാണ് സ്ഥിരനിയമനം നല്‍കിയത്. പിഎസ് സി നിയമനത്തെ ഈ സ്ഥിരപ്പെടുത്തല്‍ ഒരുതരത്തിലും ബാധിക്കില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 5910 താല്‍കാലിക ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തിയത്. ഇതില്‍ പലരും രണ്ട് വര്‍ഷം മാത്രം ജോലിചെയ്യുന്നവരുമായിരുന്നു. ഒരു മാനദണ്ഡവും പാലിക്കാതെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്ഥിരപ്പെടുത്തല്‍ നടത്തിയത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ റെക്കോഡ്‌ നിയമനമാണ്‌‌ എൽഡിഎഫ്‌ സർക്കാർ നടത്തിയത്‌. ഏറ്റവും കൂടുതൽ ഉദ്യോഗാർഥികളുള്ള എൽഡി ക്ലർക്ക്‌, അസിസ്‌റ്റന്റ്‌ ഗ്രേഡ്‌ തുടങ്ങിയ റാങ്ക്‌ പട്ടികയിൽനിന്ന്‌ ഏറ്റവും കൂടുതൽ നിയമനം നടത്തിയതും എൽഡിഎഫ്‌ സർക്കാരാണ്‌. പിഎസ്‌‌സി വഴി അല്ലാതെയുള്ള തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിലും സർക്കാർ ഒട്ടേറെ നടപടികളെടുത്തു. ഈ സർക്കാർ 1,55,544 പേർക്ക്‌ പിഎസ്‌സി വഴി നിയമനം നൽകി. മുൻ സർക്കാരിന്റെ കാലത്ത്‌ ഇത്‌ 1,50,355 ആയിരുന്നു. അന്ന്‌ പിഎസ്‌സി അഡ്വൈസ്‌‌ മെമ്മോ നൽകിയ നാലായിരത്തോളം പേർക്ക്‌ കെഎസ്‌ആർടിസിയിൽ നിയമന ഉത്തരവ്‌ നൽകിയത്‌ എൽഡിഎഫ്‌ അധികാരത്തിൽ വന്നശേഷമാണ്‌. യുഡിഎഫ്‌ കാലത്ത്‌ പിഎസ്‌സി 3113 റാങ്ക്‌ ലിസ്‌റ്റ്‌ പ്രസിദ്ധീകരിച്ച സ്ഥാനത്ത്‌ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌‌ 4012 ആയി.സെക്രട്ടറിയറ്റ്‌, ഡൽഹിയിലെ കേരള ഹൗസ്‌, നോർക്ക റൂട്ട്‌സ്‌ എന്നീ സ്ഥാപനങ്ങളിൽ ഒരു മാനദണ്ഡവും പാലിക്കാതെ പിൻവാതിൽ നിയമനം നടത്തിയശേഷമാണ്‌ ഉമ്മൻചാണ്ടി സർക്കാർ അധികാരം വിട്ടത്‌. മൂന്ന്‌ വർഷം പോലും സർവീസ്‌ ഇല്ലാത്തവരെ നിയമിച്ചത്‌ ‘മുൻവാതിൽ നിയമനവും’ പത്തും പതിനഞ്ചും വർഷം ജോലി ചെയ്‌ത കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഈ സർക്കാർ തീരുമാനം ‘പിൻവാതിലും’ എന്നാണ്‌ വാദം.സെക്രട്ടറിയറ്റിൽ പിഎസ്‌സിക്ക്‌ വിട്ട തസ്‌തികളിൽ അടക്കം മുൻ സർക്കാർ കൂട്ടത്തോടെ പിൻവാതിൽ നിയമനം നടത്തി. ധന, നിയമ സെക്രട്ടറിമാരും ചീഫ്‌ സെക്രട്ടറിമാരും എതിർപ്പ്‌ രേഖപ്പെടുത്തിയപ്പോൾ അത്‌ മറികടക്കാൻ പ്രത്യേക എക്‌സിക്യൂട്ടീവ്‌ ഉത്തരവിറക്കി. ഇതെല്ലാം വിസ്‌മരിച്ചാണ്‌ ഇപ്പോൾ ഉദ്യോഗാർഥികളുടെ പേരില്‍ ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും, മുല്ലപ്പള്ളിയും മുതലകണ്ണീര്‍ ഒഴുക്കുന്നതും, ഉദ്യോഗാര്‍ത്ഥികളുടെപേരില്‍ നാട്ടില്‍ അരാജത്വം സൃഷ്ടിക്കുന്നതും. സംസ്ഥാനം രണ്ട്‌ പ്രകൃതി ദുരന്തവും കോവിഡ്‌ പ്രതിസന്ധിയും അഭിമുഖീകരിച്ച വേളയിലുമാണ് ഇത്രയുംനിയമനങ്ങള്‍ സര്‍ക്കാര്‍ നടത്തിയത്. ശബരിമലയുടെ പേരിൽ കരട്‌ ബിൽവരെ പുറത്തിറക്കിയെങ്കിലും ജനങ്ങൾക്കിടയിൽ അത്‌ വേരോടിയില്ലെന്നു വന്നതാണ്‌ ഉദ്യോഗാർഥികളെ ഇളക്കിവിടാനുള്ള നീക്കം തുടങ്ങിയത്‌. കേരളത്തിന്റെ വികസനത്തിനായും നവകേരള സൃ്ഷ്ടിക്കുമായി ഉറച്ച കാല്‍വെയ്പ്പോടെ ‌ മുന്നേറുന്ന എൽഡിഎഫ് സർക്കാരിനെ നേരിടാൻ ഇത്തരം സമരങ്ങൾ മാത്രമേ വഴിയുള്ളൂ എന്ന് യുഡിഎഫ് കരുതുന്നു. സ്വർണക്കടത്തിന്റെ മറവിൽ കെട്ടിപ്പൊക്കി കൊണ്ടുവന്നതെല്ലാം തദ്ദേശ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞു. ഇപ്പോൾ തൊഴിലില്ലാത്തവരുടെ ആശങ്കകളെ വൈകാരികമായി മുതലെടുത്ത്‌ രാഷ്ട്രീയ നേട്ടം എന്തുമാത്രം ഉണ്ടാക്കാമെന്നുള്ളതാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ അരങ്ങേറുന്നത്. എങ്ങനെ ഒന്നു പിടിച്ചുനിൽക്കാൻ കഴിയും എന്നാണ് യുഡിഎഫിന്‍റെ നോട്ടം. തൊഴിൽ നൽകുന്നതിലും യുവാക്കളുടെ ഉന്നതിക്കുമായി മുമ്പൊരിക്കലും ഇല്ലാത്തത്ര മികവോടെ പ്രവർത്തിക്കുന്ന സർക്കാരിനെതിരായ ഈ നീക്കം ജനങ്ങളെ വെല്ലുവിളിക്കുന്നതിനു തുല്യമാണ്.

കേ ന്ദ്രസര്‍ക്കാരിന്റെ നിയമന നിരോധനത്തിന്റെ ഭാഗമായി 8ലക്ഷത്തിലധം തൊഴിലവസരങ്ങളാണ് യുവാക്കള്‍ക്ക് ഇല്ലാതായത്. എന്നാല്‍ ഇത്തരം നയങ്ങള്‍ക്കെതിരെ ഒരക്ഷരം ഉരിയാടാത്തവരാണ് കേരളത്തിലെ കോണ്‍ഗ്രസുകാരും, യുഡിഎഫും. ഇതില്‍ നിന്നെല്ലാം മനസിലാക്കാം സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന സമര കോലാഹലങ്ങള്‍ ഉദ്യോഗാര്‍ത്ഥികളോടുള്ള താല്‍പര്യമല്ലെന്നും , നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പുതിയ തട്ടിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. അതിനുള്ള കുറുക്കുവഴിയാണ് സെക്രട്ടറിയേറ്റിനു മുന്നിലെ സമര പരമ്പരയും,കണ്ണീര്‍ നടകവും.

eng­lish summary;Struggles and tear-jerk­ers in front of the Sec­re­tari­at; Con­gress behind
you may also like this video;