കോട്ടയം: നാളെ മുതൽ സംസ്ഥാനത്ത് പൂർണ പ്ലാസ്റ്റിക് നിരോധനം വരാനിരിക്കെ, പുത്തൻ നേട്ടം കൈവരിച്ചിരിക്കുകയാണ് എംജി സര്‍വകലാശാല എൻവയോണ്‍മെന്‍റല്‍ സയൻസിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഷിജോ ജോയി. സ്ട്രോയുടെ ഉപയോഗം നേരത്തേ നിരോധിച്ചിരുന്നു എങ്കിലും പല കടകളിലും അധികൃതരുടെ കണ്ണ് വെട്ടിച്ച് ഉപയോഗം തുടർന്ന് പോന്നിരുന്നു. ജ്യൂസ് കുടിക്കുന്നവർക്ക് സ്ട്രോ ഇല്ലാത്തത് വലിയ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു. എന്നാൽ ഒരു വർഷം നീണ്ട പഠനങ്ങളുടേയും ഗവേഷണങ്ങളുടേയും ഫലമായി കേടുകൂടാതെയിരിക്കുന്ന പ്രകൃതി സൗഹൃദ സ്ട്രോ കണ്ട് പിടിച്ചിരിക്കുകയാണ് ഈ വിദ്യാർത്ഥി.
പോത വര്‍ഗത്തില്‍പ്പെട്ട പുല്ലിന്‍റെ തണ്ട് സ്ട്രോയ്ക്ക് പകരമായി ഉപയോഗിക്കാനാവുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കേടുകൂടാതെയിരിക്കാൻ ചില പദാര്‍ത്ഥങ്ങള്‍ പ്രകൃതി സൗഹൃദ സ്ട്രോയില്‍ ചേര്‍ത്തിട്ടുണ്ട്.പ്ലാസ്റ്റിക് സ്ട്രോയ്ക്ക് ഒരു കവറിന് 60 രൂപ നൽകുമ്പോൾ പ്രകൃതി സൗഹൃദ സ്ട്രോ 40 രൂപയ്ക്ക് ലഭ്യമാക്കം എന്നാണ് ഷിജോ പറയുന്നത്. സ്ട്രോ ഇല്ലാതെ ജ്യൂസും ലൈമുമെല്ലാം കുടിക്കുന്നതിലുള്ള ബുദ്ധിമുട്ട് ഇതോടെ ഇല്ലാതാകും അതേസമയം സ്ട്രോവലിച്ചെറിയുന്നതുമൂലം പ്രകൃതിക്കുണ്ടാകുന്ന നാശം ഒഴിവാക്കാനും ഇത് സഹായിക്കും. മണ്ണിൽ വലിച്ചെറിഞ്ഞാലും പുല്ലുകൊണ്ട് നിർമ്മിച്ചതായതിനാൽ പ്രകൃതിക്ക് ദോഷം ചെയ്യുന്നില്ല. അതേസമയം കണ്ടുപിടിത്തത്തിന് പേറ്റന്റിനായുള്ള ശ്രമത്തിലാണ് ഇപ്പോൾ ഷിജോ ജോയി. ഇത് വ്യാവസായിക അടിസ്ഥാനത്തിൽ നിര്‍മ്മിക്കാനും താത്പര്യമുണ്ടെന്ന് ഷിജോ ജോയി പറയുന്നു. സർവകലാശാലയുമായി കൂടിയാലോചിച്ച് ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും ഷിജോ ജോയി വ്യക്തമാക്കി.
കേരളത്തിൽ ജനുവരി ഒന്നുമുതലാണ് സമ്പൂർണ പ്ലാസ്റ്റിക് നിരോധനം വരുന്നത്. ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കൾക്കും ഉത്തരവ് ബാധകമാണ്. ഏത് കനത്തിലുള്ള പ്ലാസ്റ്റിക് ബാഗായാലും നിരോധനം ബാധകമാണ്. 300 മില്ലീ ലിറ്ററിന് മുകളിലുള്ള കുപ്പികളും പ്ലാസ്റ്റിക് ക്യാരിബാഗുകളും ഗാര്‍ബേജ് ബാഗുകളും നിരോധിക്കുന്നതിലുള്‍പ്പെടും. നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴയും ഈടാക്കും. ആദ്യം 10000 രൂപയും നിയമലംഘനം തുടര്‍ന്നാല്‍ 50,000 പിഴയും തടവു ശിക്ഷയും വരെ ലഭിക്കും. നിലവില്‍ 50 മൈക്രോണ്‍ വരെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ് സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നത്.
you may also like this video
English summary: Student at MG University making straw with grass instead of plastic straw
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.