കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി 

Web Desk
Posted on November 21, 2018, 6:46 pm
അമ്പലപ്പുഴ: സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങി കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ജോര്‍ജ്ജ് (പൊന്നന്‍) ‑ഷൈനി ദമ്പതികളുടെ മകന്‍ വിനയ് ജോര്‍ജി(14) ന്റെ മൃതദേഹമാണ് ഇന്ന് ഉച്ചക്ക്  12 ഓടെ പുന്നപ്ര പനച്ചുവട് പടിഞ്ഞാറ് നര്‍ബോന തീരത്തു കണ്ടെത്തിയത്. തീരത്തു നിന്ന് ഒരു കിലോമീറ്ററോളം പടിഞ്ഞാറു മാറി കടലില്‍ നിന്നാണ് കണ്ടെത്തിയത്. മൃതദേഹം കണ്ടതിന് രണ്ടു കിലോമീറ്ററോളം വടക്കുമാറി അറപ്പപ്പൊഴി കടലില്‍ ചേരുന്ന ഭാഗത്ത് ചൊവ്വാഴ്ച വൈകിട്ടു നാലോടെയാണ് വിനയിയെ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ കാണാതായത്.
തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും, മത്സ്യത്തൊഴിലാളികളും രാത്രി 9 വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെ ഫിഷറീസിന്റെ ബോട്ട് തെരച്ചിലാരംഭിച്ചു. എന്നാല്‍ കടലിലെ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിന്റെ ചെറുകപ്പല്‍ തെരച്ചിലിനെത്താന്‍ വൈകിയത് തീരത്ത് പ്രതിഷേധത്തിനിടയാക്കി. അമ്പലപ്പുഴ തഹസില്‍ദാര്‍ ആശ സി എബ്രഹാം, ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ ഹാഷിദ് എന്നിവര്‍ തെരച്ചിലിന് നേതൃത്വം കൊടുത്തു. ഇതിനിടെ കോസ്റ്റു ഗാര്‍ഡിന്റെ തെരച്ചില്‍ കപ്പലിന്റെ ക്യാമറയില്‍ പതിഞ്ഞ മൃതദേഹത്തിന്റെ ചിത്രം ദിശ വ്യക്തമാക്കി, ഫിഷറീസിനു സന്ദേശം കൈമാറുകയായിരുന്നു. പകല്‍ 12ഓടെ ഫിഷറീസിന്റെ ബോട്ടില്‍ കയറ്റിയ മൃതദേഹം മറ്റൊരു സ്വകാര്യ ഫൈബര്‍ വള്ളത്തില്‍ തീരത്തെത്തിച്ചു. തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
പറവൂര്‍ സെന്റ് ജോസഫ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.