ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Web Desk
Posted on November 10, 2018, 9:19 pm

ചങ്ങരംകുളം: സംസ്ഥാന പാതയില്‍ മാന്തടത്ത് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ഥി മരിച്ചു. ഓട്ടോ യാത്രക്കാരായ നാല് പേര്‍ക്ക് പരിക്കേറ്റു.
എടപ്പാള്‍ പഴയ ബ്ലോക്കിന് സമീപം താമസിക്കുന്ന ചുങ്കത്ത് സോമന്‍റെ മകന്‍ വിഷ്ണു (20) ആണ് മരിച്ചത്. വിഷ്ണു ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ ബി എ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ്. ഓട്ടോ യാത്രക്കാരായിരുന്ന തലമുണ്ട സ്വദേശികളായ അവന്ദിക, വൈഖ, സുഷ എന്നീ കുട്ടികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. കുറ്റിപ്പുറം ചൂണ്ടേല്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം മാന്തടത്ത് ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടം.

വിഷ്ണുവിനെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

പരിക്കേറ്റവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ എടപ്പാള്‍ കാവില്‍പടി ലിജീഷ് (30) നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

എടപ്പാള്‍ ഭാഗത്ത് നിന്ന് യാത്രക്കാരുമായി ചങ്ങരംകുളത്തേക്ക് വന്നിരുന്ന ഓട്ടോയും ചങ്ങരംകുളം ഭാഗത്ത് നിന്ന് എടപ്പാള്‍ ഭാഗത്തേക്ക് പോയിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ മറിഞ്ഞാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്.

പ്രജനിയാണ് മാതാവ്, ഒരു സഹോദരന്‍ സോനു. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഞായറാഴ്ച കാലത്ത് ചങ്ങരംകുളം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.