ഹാമര്‍ തലയില്‍ വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

Web Desk
Posted on October 21, 2019, 4:24 pm

കോട്ടയം: ഹാമര്‍ തലയില്‍ വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. പാല സെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഈരാറ്റുപേട്ട മൂന്നിലവ് കുരിഞ്ഞംകുളത്ത് അഫീല്‍ ജോണ്‍സണാണ് മരിച്ചത്. ഒക്ടോബർ നാലിന് നടന്ന അത്ലറ്റിക് മീറ്റിനിടെയാണ് അഫീലിന്‍റെ തലയിൽ ഹാമർ വീണത്.

അത്‌ലറ്റിക് മീറ്റിലെ വളണ്ടിയറായിരുന്നു അഫീല്‍ ജോണ്‍സണ്‍. ജൂനിയര്‍ അത്‌ലറ്റിക് മീറ്റിന്റെ ആദ്യദിനത്തില്‍ ജാവലിന്‍, ഹാമര്‍ ത്രോ മത്സരങ്ങള്‍ നടക്കുന്നതിനിടെ ഗ്രൗണ്ടില്‍ വീണ ജാവലിനുകള്‍ എടുത്ത് മാറ്റാന്‍ നിന്ന അഫീല്‍ ജോണ്‍സന്റെ തലയിലേക്ക് എതിര്‍ദിശയില്‍ നിന്ന് ഹാമര്‍ വന്ന് വീഴുകയായിരുന്നു. ഭാരമേറിയ ഇരുമ്പ് ഗോളം പതിച്ച് അഫീലിന്‍റെ തലയോട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു അഫീൽ.

കഴി‍ഞ്ഞ ഏതാനം ദിവസങ്ങളായി അഫീലിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായിരുന്നു. ദ്രവ രൂപത്തിലുള്ള ഭക്ഷണം അഫീലിന് നൽകുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് കുട്ടി എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അഫീലിന് കടുത്ത പനി ബാധിക്കുകയായിരുന്നു. ന്യുമോണിയ ബാധയാണ് മരണ കാരണം.