സ്വകാര്യ ബസ് ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

Web Desk
Posted on September 01, 2019, 7:16 pm

നെടുങ്കണ്ടം: സ്വകാര്യ ബസ് ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ഉടുമ്പന്‍ചേല ഉഷാഭവനില്‍ അനില്‍ കുമാര്‍ ബിന്ദു ദമ്പതികളുടെ ഇളയ മകന്‍ അഭിമന്യൂ(അനന്ദു19) ആണ് മരിച്ചത്. പൂപ്പാറ ഗവ.കോളജിലെ രണ്ടാം വര്‍ഷ ബികോം ബിരുദ വിദ്യാര്‍ഥിയായിരുന്നു അഭിമന്യൂ. അഭിമന്യൂവിന്റെ സഹോദരന്‍ അഭിജിത്ത് ഗുരുതരവസ്ഥയില്‍ നെടുങ്കണ്ടത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാവിലെ 10.25 നാണ് അപകടം നടന്നത്. സുഹൃത്തിന്റെ വിവാഹ ചടങ്ങിനു പങ്കെടുക്കാന്‍ എത്തിയതായിരുന്നു രണ്ടു പേരും. 3 വാഹനങ്ങളെ ഓവര്‍ ടേക്ക് ചെയ്ത് എത്തിയ ബസ് ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു

ഇടിയുടെ ആഘാതത്തില്‍ ഇരുചക്ര വാഹനം ബസിനടിയിലേക്കു കയറി.നെടുങ്കണ്ടത്തു നിന്നും രാജാക്കാട്ടേയ്ക്കു സര്‍വീസ് നടത്തിയ സ്വകാര്യ ബസാണ് അപകടത്തിനു ഇടയാക്കിയത്. വാഹനം ഓടിച്ചത് അഭിമന്യു അയിരുന്നു. തലയുടെ വലതു ഭാഗത്ത് ഗുരുതരമായി പരുക്കേറ്റ അഭിമന്യൂവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി. സിപിഎം ശാന്തന്‍പാറ ഏരിയ സെക്രട്ടറി എന്‍.പി. സുനില്‍കുമാറിന്റെ സഹോദരപുത്രനാണ് അഭിമന്യൂ. സംസ്‌കാരം നാളെ വീട്ടുവളപ്പില്‍ നടക്കും. സംഭവത്തില്‍ നെടുങ്കണ്ടം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.