വിദ്യാര്‍ഥി കടലില്‍ മുങ്ങിമരിച്ചു

Web Desk
Posted on May 02, 2019, 8:40 pm

ആലപ്പുഴ: ആലപ്പുഴ ബീച്ചില്‍ ഉല്ലാസത്തിനെത്തിയ അഞ്ചംഗസംഘത്തിലെ പതിനേഴുകാരന്‍ കടലില്‍ മുങ്ങി മരിച്ചു. പായിപ്പാട് നെല്‍പുരയ്ക്കല്‍ സജി ജോസഫിന്റെ മകന്‍ ജോയല്‍ എന്നു വിളിക്കുന്ന ഫ്രാന്‍സിസ് വര്‍ഗീസാണ് (17) മരിച്ചത്. ഇന്നലെ വൈകിട്ട് 4.30നാണ് സംഭവം. ബീച്ചില്‍ ഏറെ സമയം ചെലവഴിച്ച സംഘം തിരികെ വീട്ടിലേയ്ക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് ജോയലിന്റെ കാലില്‍ ചെളിപുരണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അത് കഴുകിക്കളയാനായി കടലിലേയ്ക്ക് ഇറങ്ങിയതും ശക്തമായ തിരയില്‍പ്പെട്ട് ജോയല്‍ കടലില്‍ അകപ്പെടുകയായിരുന്നു. അതിന് തൊട്ടു മുന്‍പു വരെ കടല്‍ ശാന്തമായിരുന്നു. ഷാരോണ്‍(17), അലക്‌സി(17), അമല്‍ ജോഷി(17), അലന്‍(17) എന്നിവര്‍ക്കൊപ്പമാണ് ജോയല്‍ ബീച്ചിലെത്തിയത്. കടലില്‍ ഇന്നലെ ആലപ്പുഴ പൊലീസിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ 6.30 ഓടെ കടലില്‍ മീന്‍പിടിക്കാന്‍ പോയവരാണ് ജോയലിന്റെ മൃതദേഹം കണ്ടെത്തിയത്. പായിപ്പാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു ജോയല്‍. മാതാവ്: എല്‍സി വര്‍ഗീസ്. സഹോദരങ്ങള്‍: ജോമോന്‍, ജാക്വിലിന്‍. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കും. സംസ്‌കാരം ഇന്ന് 11ന് പായിപ്പാട് ലൂര്‍ദ്ദ് മാതാ പള്ളി സെമിത്തേരിയില്‍.