March 24, 2023 Friday

വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് മുടക്കി, തുക പിഎം കെയേഴ്സിലേക്ക്

Janayugom Webdesk
ന്യൂഡൽഹി
May 4, 2020 9:17 pm

ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് തുക മാസങ്ങളായി മുടങ്ങി കിടക്കുമ്പോൾ പ്രധാനമന്ത്രി കോവിഡ് കാലത്തുണ്ടാക്കിയ പ്രത്യേക ദുരിതാശ്വാസ നിധി അക്കൗണ്ടായ പിഎം കെയേഴ്സിലേക്ക് വലിയ തുക സംഭാവന നൽകാന്‍ അലഹബാദ് സർവകലാശാല. ലോക്ഡൗണിൽ ഫെല്ലോഷിപ്പ് തുക കിട്ടാനുള്ള തീയതി വീണ്ടും വൈകിയതോടെ വീടുകളിൽ തിരികെ പോകാൻ കഴിയാത്ത വിദ്യാർത്ഥികൾ മറ്റുള്ളവരെ ആശ്രയിച്ചാണ് ജീവിക്കുന്നത്.

ഇതിനിടയിലാണ് ഭീമമായ തുക പിഎം കെയേഴ്സിലേക്ക് സംഭാവന ചെയ്യാനുള്ള തീരുമാനം. നേരത്തേ ഫണ്ടിലേക്ക് സംഭാവന നൽകണമെന്ന് ആവശ്യപ്പെട്ട് യുജിസി സർവകലാശാലകൾക്ക് ഇ‑മെയിൽ അയച്ചിരുന്നു. എത്ര തുകയാണ് സർവകലാശാല പിഎം കെയേഴ്സിലേക്ക് നൽകുന്നതെന്ന് കൃത്യമായി അറിയില്ലെങ്കിലും 44 ലക്ഷം രൂപ അധികൃതർ നൽകിയതായാണ് വിദ്യാർത്ഥികളുടെ ആരോപണമെന്ന് ദ വയര്‍ റിപ്പോർട്ട് ചെയ്തു.

നേരത്തേ ഡൽഹി സർവകലാശാല വൈസ് ചാൻസിലർ യോഗേഷ് യാദവ് ജീവനക്കാരിൽ നിന്നും നാല് കോടി രൂപ സമാഹരിച്ച് പിഎം കെയേഴ്സിലേക്ക് സംഭവാന ചെയ്തതായി വാർത്തകൾ വന്നിരുന്നു. സർവകലാശാലകൾ പിഎം കെയേഴ്സിലേക്ക് സംഭാവന നൽകണമെന്ന് എങ്ങനെയാണ് യുജിസിക്ക് സന്ദേശം അയക്കാൻ കഴിയുക എന്നും വിദ്യാർത്ഥികൾ ചോദിക്കുന്നു. സർക്കാർ സ്ഥാപനം എന്ന നിലയിൽ പിഎം കെയേഴ്സിലേക്ക് സംഭാവന നൽകുന്നതിനോട് എതിർപ്പില്ലെന്നും എന്നാൽ അതിനു മുമ്പ് തങ്ങളുടെ പ്രശ്നങ്ങൾ കൂടി പരിഹരിക്കാൻ അധികൃതർ തയ്യാറാവണം എന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.