വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവത്തിൽ അന്വേഷണത്തിന് ചാത്തന്നൂർ എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. 50 അംഗ സംഘത്തിൽ സൈബർ വിദ്ഗധരും ഉൾപ്പെടും. കുട്ടിക്കായി സംസ്ഥാന ജില്ലാ അതിർത്തികളിൽ പരിശോധന കർശനമാക്കി. കുട്ടിക്കായി ലുക്ക് ഔട്ട് നോട്ടീസും ഇറക്കും.
നെടുമൺകാവ് പുലിയില ഇളവൂർ തടത്തിൽമുക്ക് ധനേഷ് ഭവനിൽ പ്രദീപ്കുമാർ‑ധന്യ ദമ്പതികളുടെ മകൾ കുടവട്ടൂർ വാക്കനാട് സരസ്വതി വിദ്യാനഗർ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ദേവനന്ദയെ(പൊന്നു)യാണ് കാണാതായത്. ഇന്ന് രാവിലെ 10.15ഓടെയായിരുന്നു സംഭവം. കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അവർ വസ്ത്രങ്ങൾ അലക്കുമ്പോൾ കുട്ടി വീടിന് മുമ്പിൽ കളിക്കുകയായിരുന്നു. ഇതിനിടെ കുട്ടി വീടിനുള്ളിൽ കയറി ജനലരികിൽ നിന്ന് അമ്മയുമായി സംസാരിക്കുകയും ചെയ്തിരുന്നു.
അമ്മ വീടിന്റെ പുറകിൽ തുണി ഉണക്കാൻ പോയി 10 മിനിറ്റിനുള്ളിൽ മടങ്ങിവന്നു കുട്ടിയെ വിളിച്ചപ്പോൾ പ്രതികരണമില്ലായിരുന്നു. വീടിന്റെ വാതിലും പാതി തുറന്ന നിലയിലായിരുന്നു. തുടർന്ന് അയൽപക്കത്തും പരിസര പ്രദേശങ്ങളിലും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പരാതി നൽകിയതിനെ തുടർന്നു സ്ഥലത്തെത്തിയ കണ്ണനല്ലൂർ പൊലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചു. കുട്ടിയുടെ വീട് പള്ളിക്കലാറിന് സമീപമായതിനാൽ ഫയർ ആന്റ് റെസ്ക്യുവിലെ സ്കൂബാ ടീം തെരച്ചിൽ നടത്തി. വീടിന് നൂറ് മീറ്റർ മാത്രം അകലെയുള്ള ആറ്റിൽ മുമ്പ് മണലൂറ്റ് ഉണ്ടായിരുന്നതിനാൽ വലിയ ആഴമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. തിരച്ചിൽ ഫലം കാണാതെ വന്നതോടെ ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. പൊലീസ് ട്രാക്കര്‍ ഡോഗ് വീടിന് രണ്ട് കിലോമീറ്റർ അകലെ വരെ ഓടിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.
കുട്ടിയുടെ തിരോധാനം സമൂഹമാധ്യമങ്ങളിലും വലിയ വാർത്തയായി. നിരവധി സിനിമാതാരങ്ങളും ഫേസ്ബുക്ക് പേജിൽ ചിത്രം പങ്കുവച്ചിട്ടുണ്ട്. അതിനിടെ കുട്ടിയെ കിട്ടിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചത് നാട്ടുകാരെയും അന്വേഷണ ഉദ്യോഗസ്ഥരെയും ചിന്താകുഴപ്പത്തിലാക്കി. കുട്ടിയെ കണ്ടെത്തിയെന്ന് സോഷ്യൽ മീഡിയ വഴി വ്യാജപ്രചരണം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സിറ്റിപൊലീസ് കമ്മിഷണർ അറിയിച്ചു. 0474–2566366, 9497947265, 9497906800
English summary: student missing followup
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.