Web Desk

പൂനെ:

January 25, 2021, 8:44 pm

ആറ് വർഷമായി വിചാരണ കാത്തുകിടന്ന വിദ്യാർത്ഥി അവകാശ പ്രവർത്തക കാഞ്ചൻ നാനവാരെ അന്തരിച്ചു

Janayugom Online

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ വകുപ്പുകൾ ചുമത്തി 2014 ൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ച വിദ്യാർത്ഥി അവകാശ പ്രവർത്തക കാഞ്ചൻ നാനവാരെ (38) നെ അന്തരിച്ചു. ആറ് വർഷത്തിലധികമായി ജയിലിൽ കഴിയുന്ന കാഞ്ചൻ ഹൃദയാഘാതവും മസ്തിഷ്ക രോഗവും മൂലം ഞായറാഴ്ച പൂനെയിലെ സസ്സൂൺ ജനറൽ ആശുപത്രിയിൽ വച്ച് മരിച്ചു എന്നാണ് ഔദ്യോഗിക റിപ്പോർട്ട്.

മാവോയിസ്റ്റുകളുടെ ഗോൾഡൻ കോറിഡോർ കമ്മിറ്റിയിൽ അംഗങ്ങളാണെന്നും നഗരപ്രദേശങ്ങളിൽ നിന്ന് കേഡർമാരെ റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചാണ് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് നാനവാരെയും ഭർത്താവ് അരുൺ ബെൽക്കെയെയും അറസ്റ്റ് ചെയ്തത്. എന്നാൽ കേസിൽ കാഞ്ചൻ കുറ്റക്കാരിയാണെന്ന് തെളിഞ്ഞിട്ടില്ല. ആറുവർഷമായി വിചാരണ കാത്തിരിക്കുകയായിരുന്നു. ‍ജനനം മുതൽ തന്നെ തീവ്ര ഹൃദ്രോഗിയായ കാഞ്ചന് അടുത്തിടെ ബ്രെയിൻ ട്യൂമറും ബാധിച്ചിരുന്നു. ജനുവരി 16 ന് മസ്തിഷ്ക ശസ്ത്രക്രിയ നടത്തുന്നതുവരെ ഇവരെ പാർപ്പിച്ച യെരവാഡ സെൻട്രൽ ജയില്‍ അധികൃതരോ ചികിത്സിക്കുന്ന ഡോക്ടർമാരോ വിവരം അറിയിച്ചിട്ടില്ലെന്നും ഭർത്താവിന്റെ സമ്മതമില്ലാതെയാണ് ശസ്ത്രക്രിയ നടത്തിയതെന്നും കാഞ്ചൻ നാനവാരെ കുടുംബവും അഭിഭാഷകരും ആരോപിച്ചു. കഴിഞ്ഞ ശനിയാഴ്ച മാത്രമാണ് ഇവരുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് കാട്ടി ഭർത്താവിന്റെ വീട്ടിലേക്ക് ജയിൽ അധികൃതർ കത്തയച്ചത്.

കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന ഭർത്താവിനെ ആശുപത്രിയിൽ സന്ദർശിക്കാൻ അനുവദിക്കണമെന്ന് കാട്ടി സമർപ്പിച്ച ഹർജിയില്‍ കോടതി അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും ഇതിന് അവസരം ഒരുങ്ങുന്നതിന് മുൻപ് കാഞ്ചൻ മരിച്ചു. മൃതദേഹം ബെൽക്കെയുടെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനായി കോടതിയെ സമീപിക്കുമെന്ന് ഇവരുടെ അഭിഭാഷകൻ രോഹൻ നഹർ പറഞ്ഞു.
വിചാരണപോലും നടത്താതെ ജയിലിൽ കഴിയുന്ന കാഞ്ചൻ നിരവധി തവണ ജാമ്യത്തിനായി സെഷൻസ് കോടതിയെയും ബോംബെ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ജാമ്യാപേക്ഷ 2020ലും പൂനെയിലെ സെഷൻസ് കോടതി നിരസിച്ചിരുന്നു. തുടർന്ന് ആരോഗ്യസ്ഥിതി മോശമാണെന്നുകാട്ടി ഒക്ടോബറിൽ ബോംബെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ഹിയറിംഗ് വേളയിൽ, ഹൃദയം മാറ്റിവയ്ക്കൽ മാത്രമാണ് ഏക മാർഗ്ഗമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. കാഞ്ചന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും അടിയന്തര വൈദ്യസഹായത്തിന്റെ ആവശ്യകത സംബന്ധിച്ചും റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഒരു കമ്മിറ്റി രൂപീകരിച്ചു. എന്നാൽ കമ്മറ്റി റിപ്പോർട്ട് സമർപ്പിക്കാൻ മാസങ്ങളെടുത്തു. ജാമ്യാപേക്ഷയിൽ വിധി വരുന്നതിന് മുൻപ് നാനവാരെ മരണത്തിന് കീഴടങ്ങി.

ഇവർക്കെതിരെ ര‍ജിസ്റ്റർ ചെയ്തിട്ടുുള്ള ഒമ്പത് കേസുകളിൽ ആറെണ്ണത്തിൽ കാഞ്ചൻ ഇതിനകം കുറ്റവിമുക്തയാക്കപ്പെട്ടിട്ടുണ്ട്. 2014 ൽ അറസ്റ്റിലേക്ക് നയിച്ച കേസുകളിൽ ഒന്നിൽ പോലും പ്രതിയാണെന്ന് ഇത്ര വർഷമായിട്ടും തെളിഞ്ഞിട്ടില്ലെങ്കിലും ഇവർക്ക് വിദഗ്ദ്ധ വൈദ്യസഹായം ഉറപ്പാക്കുകയോ ജാമ്യം അനുവദിക്കുകയോ ചെയ്യാത്തത് നിർഭാഗ്യകരമാണെന്ന് അഭിഭാഷകൻ ആരോപിച്ചു.
വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥന്റെ മകളായ കാഞ്ചൻ നാനവാരെ മഹാരാഷ്ട്രയിലെ ചന്ദ്രപൂർ സ്വദേശിയാണ്. അരുൺ ബെൽക്കെയെ പരിചപ്പെട്ടതിന് ശേഷമാണ് അദ്ദേഹത്തിനൊപ്പം ദേശഭക്തി യുവ മഞ്ചിലെ (ഡിവൈഎം) സജീവ അംഗമായത്. പിന്നീട് നിരോധിക്കപ്പെട്ട സംഘടനയുടെ മുന്നണിയായി പൊലീസ് ഡിവൈഎംനെ മുദ്രകുത്തുകയായിരുന്നു.

ENGLISH SUMMARY: Stu­dent rights activist Kan­chan Nanavare who had been await­ing tri­al for six years has died

YOU MAY ALSO LIKE THIS VIDEO