Web Desk

കോട്ടയം

March 13, 2020, 12:29 pm

വൈറസിനെ തുരത്താന്‍ സാനിറ്റൈസര്‍ നിർമ്മിച്ച് വിദ്യാര്‍ത്ഥികളും അധ്യാപകരും

Janayugom Online

ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചതോടെ വൈറസിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുമായി മുന്നേറുകയാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും. സാനിറ്റൈസറിന്റെ ലഭ്യതകുറവും വില വര്‍ദ്ധനയും എല്ലാവരെയും വലയ്ക്കുന്ന ഒന്നാണ്. കൊറോണയെ പ്രതിരോധിക്കാന്‍ സഹായഹസ്തവുമായി ഒരുകൂട്ടം വിദ്യാര്‍ത്ഥികളും അധ്യാപകരും രംഗത്തെത്തി. സാനിറ്റൈസര്‍ സ്വയം നിർമ്മിച്ച് വിതരണത്തിന് തയ്യാറാക്കുകയാണ് സിഎംഎസ് കോളജിലെ ഒരു കൂട്ടം അധ്യാപകരും വിദ്യാർഥികളും. സിഎംഎസ് കോളജ് രസതന്ത്ര വിഭാഗം അധ്യാപകരും വിദ്യാർഥികളുമാണ് സഹായവുമായി മുന്നോട്ടിറങ്ങിയത്.

വൈറസ് വ്യാപിക്കുമോയെന്ന ആശങ്ക ഏറിയതിനാല്‍ എല്ലാവിഭാഗം ആളുകളും കടകളിൽ എത്തി സാനിറ്റൈസര്‍ ആവശ്യാനുസരണവും അതിലധികവും വാങ്ങി വയ്ക്കുന്നതിനാല്‍ ലഭ്യതകുറവ് അനുഭവപ്പെട്ടതോടെയാണ് വിദ്യാര്‍ത്ഥികള്‍ ഇത്തരത്തിലൊരു നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞത്. 10 എംഎല്ലിന് 20 രൂപ നിരക്കിൽ നൽകുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. സാധാരണവില 100ന് മുകളിലാണ്. ആദ്യം കോളജിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും സൗജന്യമായി നൽകും. ഡബ്ലുഎച്ച്ഒ നൽകുന്ന മാർഗനിർദ്ദേശങ്ങൾ പാലിച്ചാണ് സാനിറ്റൈസർ ഉണ്ടാക്കിയിരിക്കുന്നത്. ഐസോപ്രൊപ്പൈയിൽ ആൽക്കഹോൾ, ഗ്ലിസറിൻ, അലുവറജെൽ, ഹൈഡ്രജൻ പെറോക്സൈഡ്, മണത്തിനുള്ള വസ്തുക്കൾ എന്നിവ ഉപയോഗിച്ചാണ് നിർമ്മാണം.

ഡിപ്പാർട്ട്മെന്റ് മേധാവി പ്രൊഫ. അജിത ചാണ്ടി, പ്രൊഫ. ഷിനോ പീറ്റർ, ഡോ. ബെറ്റി വർക്കി, ഡോ. ബിജു ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ മറ്റ് അധ്യാപകർ, വിദ്യാർഥികൾ എന്നിവരാണ് നിര്‍മ്മാണത്തിന് പിന്നിൽ. ആവശ്യക്കാർക്ക് കോളജിൽ നിന്നും ലഭ്യമാക്കുന്നതിന് സംവിധാനം ഒരുക്കും.