ഫറൂഖ് കോളജ് മുമ്പും വിദ്യാര്‍ഥികള്‍ക്ക് നേരെ പീഡനങ്ങള്‍ അഴിച്ചുവിടുന്ന സ്ഥാപനം

Web Desk
Posted on March 16, 2018, 9:26 pm

കോഴിക്കോട്: ഫറൂഖ് കോളജ് മുമ്പും വിദ്യാര്‍ഥികള്‍ക്കെതിരെ പീഡനം അഴിച്ചുവിടുന്ന സ്ഥാപനമെന്ന് റിപ്പോര്‍ട്ടുകള്‍. ഹോളി ആഘോഷിച്ച വിദ്യാര്‍ത്ഥികള്‍ക്കുനേരെ അധ്യാപകരും അനധ്യാപകരും നാട്ടുകാരും ചേര്‍ന്ന് ക്രൂരമായ അക്രമം നടത്തിയ കോഴിക്കോട് ഫാറൂഖ് കോളേജില്‍ ഇത്തരം സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുള്ളതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിന ു മുമ്പും ഇതിനോടനുബന്ധിച്ച് വിവാദങ്ങളുണ്ടായിട്ടുള്ളതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.
ഹോളി ആഘോഷത്തിനിടെ ജീവനക്കാരനെ വണ്ടിയിടിപ്പിച്ചുവെന്നും ഇതാണ് സംഘര്‍ഷത്തിന് കാരണമെന്നുമെല്ലാമാണ് കോളെജ് അധികൃതര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ആണും പെണ്ണും ഒരുമിച്ചിരിക്കരുതെന്ന് നിയമമുണ്ടാക്കിയ കോളെജ് മാനേജ്‌മെന്റിന്റെ മതബോധവും സദാചാര ബോധവുമാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ വ്യക്തമാക്കുന്നു.
രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഹോളി ആഘോഷിക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. ശരീരത്തില്‍ ചായം പൂശിയ കുട്ടികളെ തിരഞ്ഞു കണ്ടുപിടിച്ച് പൈപ്പുകളും വടിയുമെല്ലാം ഉപയോഗിച്ച് അതിക്രൂരമായി അക്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഹോളി ആഘോഷിച്ചിരുന്നു.
അന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് നിറങ്ങള്‍ വാരിവിതറുകയും പാട്ടിനൊപ്പം നൃത്തം ചവിട്ടുകയും ചെയ്തിരുന്നു. പര്‍ദ്ദയിട്ട വിദ്യാര്‍ത്ഥിനികള്‍ കളറില്‍ മുങ്ങി നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ഇത് സംസ്‌ക്കാരത്തിന് നിരക്കാത്തതാണെന്ന നിലപാടിലായിരുന്നു കോളജ് അധികൃതര്‍. ഈ മാനസിക ബോധമാണ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളെ അക്രമിക്കുന്ന നിലയിലേക്ക് എത്തിയത്. അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമൊപ്പം പുറത്തു നിന്നുള്ള നാട്ടുകാരും കാമ്പസില്‍ കയറി വിദ്യാര്‍ത്ഥികളെ അക്രമിച്ചു. കോളെജിലെ പഴയ സദാചാരപ്പൊലീസുകാര്‍ തന്നെയാണ് ഹോളി ആഘോഷിച്ച വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഹോളി ആഘോഷിച്ചതിലല്ല പെണ്‍കുട്ടികള്‍ അതില്‍ പങ്കെടുത്തതിലാണ് അധികൃതരുടെ ദേഷ്യം.
ഇത്തരം നിലപാടുകള്‍ കാലാകാലങ്ങളായി പിന്തുടരുന്ന കലാലയമാണ് ഫാറൂഖ് കോളെജ്. വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോളജ് ഒരു മദ്രസയായി തോന്നുന്നുവെങ്കില്‍ താന്‍ അതില്‍ അഭിമാനിക്കുന്നുവെന്നാണ് കോളജ് പ്രിന്‍സിപ്പല്‍ കുറച്ചു കാലം മുമ്പ് പ്രതികരിച്ചത്. സ്ഥാപനത്തിന് മതപരമായൊരു ചട്ടക്കൂടുണ്ടെന്നും ഇതനുസരിച്ച് പഠിക്കുന്നവര്‍ മാത്രം കോളജില്‍ പഠിച്ചാല്‍ മതിയെന്നുമാണ് സര്‍ക്കാര്‍ ശമ്പളം പറ്റി കോളജ് നടത്തുന്ന സ്ഥാപനത്തിലെ പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നു എന്നതുകൊണ്ട് മാത്രമായിരുന്നു കുറച്ചുകാലം മുമ്പ് കോളജില്‍ നിന്ന് വിദ്യാര്‍ത്ഥികളെ പുറത്താക്കിയത്. മലയാളം ക്ലാസില്‍ ഒരുമിച്ചിരിക്കാന്‍ അനുവദിക്കാത്ത അധ്യാപകന്റെ നിലപാടില്‍ പ്രതിഷേധിച്ച ഒമ്പത് വിദ്യാര്‍ത്ഥികളെയാണ് അന്ന് പുറത്താക്കിയത്. ഇനി പ്രതിഷേധിച്ചാല്‍ മറ്റൊരു അറിയിപ്പുകൂടാതെ പുറത്താക്കാമെന്ന് എഴുതി നല്‍കിയാണ് കുട്ടികളെ പിന്നീട് തിരിച്ചെടുത്തത്. ഈ വിഷയത്തില്‍ രക്ഷിതാക്കളുടെ മുമ്പില്‍ മതപരമായ വിവേചനം ഉയര്‍ത്തിക്കാട്ടിയാണ് മാനേജ്‌മെന്റ് കുട്ടികളെ ബലിയാടാക്കിയത്. ഹിന്ദു, മുസ്ലീം വിഭാഗക്കാരായ വിദ്യാര്‍ത്ഥികളെ രക്ഷിതാക്കളോടൊപ്പം പ്രത്യേകം വിളിച്ചാണ് അധികൃതര്‍ അന്ന് നിലപാട് വ്യക്തമാക്കിയത്.
കോളജ് കാന്റീനിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു സ്ഥലത്തിരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുവാദം ഈ കോളജിലില്ല. നാടകത്തില്‍ ആണ്‍-പെണ്‍ കുട്ടികള്‍ ഒരുമിച്ച് അഭിനയിക്കുന്നതും കോളജ് വിലക്കിയിരിക്കുകയാണ്.സൗഹൃദങ്ങള്‍ പങ്കുവെയ്ക്കാന്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ മരത്തണലുകള്‍ പോലും നിശ്ചയിക്കപ്പെട്ട തരത്തിലേക്കാണ് ഈ കലാലയത്തിന്റെ സംസ്‌ക്കാരം കടന്നുപോകുന്നതെന്നും പലരും കുറ്റപ്പെടുത്തുന്നു. യു ജി സി നിര്‍ദ്ദേശ പ്രകാരം കോളജ് നിയമങ്ങളും അച്ചടക്കവുമെല്ലാം പ്രോസ്‌പെക്ടസില്‍ പറയേണ്ടതുണ്ട്. അടുത്തിരിക്കരുതെന്നോ സഹപാഠികളുമായി ഇടപഴകരുതെന്നോ കാന്റീനില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കരുതെന്നോ പ്രോസ്‌പെക്ടസില്‍ പറയാത്ത സ്ഥിതിയ്ക്ക് കോളജില്‍ നടക്കുന്നതെല്ലാം കോളജ് അധികൃതരുടെ മാത്രം നിയമങ്ങളാണെന്ന് വ്യക്തമാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നത്. വര്‍ഷങ്ങളായി പിന്തുടരുന്ന രീതികള്‍ പിന്‍വലിക്കാന്‍ പറ്റില്ലെന്നും അത് അനുസരിക്കാത്തവരെ പുറത്താക്കേണ്ടിവരുമെന്നുമാണ് ഇക്കാര്യത്തില്‍ നേരത്തെ കോളെജ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.
വിദ്യാര്‍ത്ഥിയായിരുന്ന ദിനു വെയിലിന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് കോളെജിലെ ഇത്തരം നടപടികള്‍ നേരത്തെ പുറം ലോകത്തേക്കെത്തിയത്. വിവേചനത്തെ ചോദ്യം ചെയ്തതിന് കോളജില്‍ നിന്ന് പുറത്താക്കപ്പെട്ട ദിനു കോളജിനെതിരെ നിയമ പോരാട്ടം തുടര്‍ന്നു. മാപ്പെഴുതി നല്‍കിയാല്‍ കോളജില്‍ തിരിച്ചെടുക്കാമെന്ന മാനേജ്‌മെന്റ് ഓഫര്‍ നിരസിച്ചായിരുന്നു ഈ യുവാവിന്റെ പോരാട്ടം. നിരവധി കള്ള പ്രചരണങ്ങള്‍ ദിനുവിനെതിരെ മാനേജ്‌മെന്റ് ഉയര്‍ത്തിയെങ്കിലും കോടതി വിധിയിലൂടെ ഒടുവില്‍ ദിനം വിജയം നേടിയെടുത്തു. കോളജില്‍ നടക്കുന്ന ലിംഗ വിവേചനത്തിന്റെ വാര്‍ത്തകള്‍ ഇടയ്‌ക്കെങ്കിലും പുറം ലോകത്തേക്കെത്തിയിരുന്നെങ്കിലും ആരും ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നില്ല. അതു തന്നെയാണ് അധ്യാപകരുടെ ഉള്‍പ്പെടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ അതിക്രൂരമായി മര്‍ദ്ദിക്കുന്ന നിലയിലേക്ക് എത്തിയത്.