വിനോദയാത്രക്കിടെ ബസ്സിനു മുകളിൽ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും വിദ്യാർത്ഥികളുടെ ആഘോഷം; മോട്ടോർ വാഹനവകുപ്പ് നടപടി തുടങ്ങി

Web Desk
Posted on December 09, 2019, 8:34 pm

കോഴിക്കോട്: വിനോദയാത്രക്കിടെ ബസ്സിനു മുകളിൽ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും വിദ്യാർത്ഥികളുടെ പിറന്നാൾ ആഘോഷം. സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് നടപടി തുടങ്ങി. സംസ്ഥാനത്ത് വിനോദയാത്ര ബസുകളുടെ നിയമലംഘനം തുടരുന്നതിനിടെയാണ് ഈ സംഭവവും പുറത്തുവരുന്നത്. ബസിനു മുകളിൽ പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചുമുള്ള അപകടകരമായ ആഘോഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അധികൃതർ ശക്തമായ നടപടികളുമായി രംഗത്തെത്തിയിട്ടുള്ളത്. ഡിസംബർ ഒന്നിന് ബെംഗളൂരുവിലേക്കു വിനോദയാത്രപോയ സ്കൂൾ വിദ്യാർത്ഥി സംഘത്തിന്റേതായിരുന്നു ഈ അതിരുകവിഞ്ഞ ആഘോഷം. കോഴിക്കോട് താമരശേരി ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളുടെ വിനോദയാത്രക്കിടെയാണ് നിയമ ലംഘനം നടന്നത്. യാത്ര പോയ കുട്ടികളിൽ ഒരാളുടെ പിറന്നാൾ ബസ് ജീവനക്കാരുടെ സഹായത്തോടെ ആഘോഷിക്കുകയായിരുന്നു.

ബെംഗളൂരുവിലേക്കുള്ള യാത്ര മധ്യേയാണ് ബസിനു മുകളിൽ പൂത്തിരി കത്തിച്ചത്. കോഴിക്കോട്ടെ നാലു പേരുടെ ഉടമസ്ഥതയിലുള്ളതാണ് ബസ്. അതേസമയം സ്വകാര്യ ടൂറിസ്റ്റ് ബസുകൾ നിരന്തരമായി നിയമലംഘനം നടത്തുകയാണെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.

നിലവിലെ പരിശോധനയിൽ ഇളവുവരുത്തില്ലെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു. അപകടം വിളിച്ചുവരുത്തുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. അതുകൊണ്ട് പരിശോധന ശക്തമാക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. ചില സംഘടനകൾ പരിശോധനയോട് സഹകരിക്കുന്നുണ്ടെങ്കിലും ചിലർ ഇതിനെ എതിർത്ത് രംഗത്തുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താമരശ്ശേരിയിൽ നിന്നും വിനോദയാത്ര പോയ ബസിനുമുകളിൽ പൂത്തിരി കത്തിച്ച് ആഘോഷം നടത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ സ്കൂളിൽ നിന്നും വിനോദയാത്ര പുറപ്പെടുന്നതിന് മുമ്പ് ടൂറിസ്റ്റ് ബസുകൾ നടത്തിയ സാഹസിക അഭ്യാസങ്ങളെ തുടർന്ന് മോട്ടോർ വാഹനവകുപ്പ് ബസുകളുടെ ഫിറ്റ്നെസും ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കിയിരുന്നു. ഇതിനുപിന്നാലെ, ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനം പിടികൂടുന്നതിനായി മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ ഓപ്പറേഷൻ തണ്ടർ എന്ന പേരിൽ സംസ്ഥാനത്തുടനീളം പരിശോധന ശക്തമാക്കുകയും നിരവധി ബസുകൾക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത്തരം നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.