Web Desk

കോട്ടയം

June 09, 2020, 10:26 pm

വിദ്യാർത്ഥിനിയുടെ മരണം: കോളജിനെതിരെ പരാതി

Janayugom Online

ബിരുദ വിദ്യാർത്ഥിനി അഞ്ജുവിന്റെ മരണത്തിൽ കോളജിനെതിരെ കുടുംബം. വിദ്യാർത്ഥിനിയെ പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. കോപ്പിയടിച്ചെന്നത് ആരോപണം മാത്രമാണ്. പരീക്ഷാഹാളിലേക്ക് കയറും മുമ്പ് ഹാൾ ടിക്കറ്റ് പരിശോധിക്കുമെന്ന് അറിയാവുന്ന ഒരാൾ എങ്ങനെ അതിൽ ഉത്തരങ്ങൾ എഴുതിവയ്ക്കുമെന്നും അവർ ചോദിക്കുന്നു. അഞ്ജുവിന്റെ മരണത്തിന് ഉത്തരവാദികൾ കോളജ് അധികൃതരാണെന്നും പ്രിൻസിപ്പാളിനെയും അധ്യാപകരെയും അറസ്റ്റ് ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടു.

അഞ്ജു കോപ്പിയടിച്ചെന്ന് തെളിയിക്കാൻ ഹാൾ ടിക്കറ്റിന് പിന്നിലെ എഴുത്തും മാനസിക പീഡനം നടന്നിട്ടില്ലെന്ന് തെളിയിക്കാൻ സിസിടിവി ദൃശ്യങ്ങളുമാണ് കോളജ് അധികൃതർ പുറത്ത് വിട്ടത്. എന്നാൽ ഹാൾടിക്കറ്റിലെ കയ്യക്ഷരം അഞ്ജുവിന്റേതല്ലെന്നും സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്നും പിതാവ് ഷാജി ആരോപിച്ചു.
അരമണിക്കൂറോളം ഇൻവിജിലേറ്റർ അഞ്ജുവിനെ വഴക്ക് പറഞ്ഞിട്ടുണ്ടെന്നും ഇക്കാര്യം പരീക്ഷാ ഹാളിൽ സമീപത്തിരുന്ന കുട്ടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ബന്ധുക്കൾ പറയുന്നു.
എന്നാൽ ഇങ്ങനെയൊരു അവസ്ഥയിൽ പരീക്ഷ എഴുതാനാവില്ലെന്നും എന്നാൽ പരീക്ഷ തുടങ്ങിയ സ്ഥിതിക്ക് ഒരു മണിക്കൂർ കഴിഞ്ഞ് എക്സാം ഹാളിൽ നിന്നുമിറങ്ങി തന്നെ വന്നു കാണാനും പ്രിൻസിപ്പൽ അച്ചൻ ആവശ്യപ്പെട്ടു. തുടർന്ന് രണ്ടരയോടെ ഹാൾ വിട്ടിറങ്ങിയ അഞ്ജു ആരോടും പറയാതെ ക്യാംപസ് വിട്ടുപോകുകയാണ് ചെയ്തതെന്നുമാണ് കോളജ് അധികൃതരുടെ വാദം.

ഇതിനിടെ ഇന്നലെ കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയെങ്കിലും കോളജ് പ്രിൻസിപ്പലിനെതിരെ നടപടി എടുക്കാതെ അഞ്ജു ഷാജിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലായിരുന്നു ബന്ധുക്കളും നാട്ടുകാരും. വീട്ടിലേക്കെത്തിച്ച മൃതദേഹം ആംബുലൻസിൽ നിന്നും ഇറക്കാൻ ബന്ധുക്കളും നാട്ടുകാരും സമ്മതിച്ചില്ല. പിന്നീട് പി സി ജോർജ് എംഎൽഎയും പൊലീസും ഇവരുമായി അനുനയ ചർച്ചകൾ നടത്തി. അരമണിക്കൂറിന് ശേഷം മൃതദേഹം വീട്ടിലേക്ക് എത്തിക്കണമെന്ന് പെൺകുട്ടിയുടെ മാതാവ് ആവശ്യപ്പെട്ടതോടെയാണ് അഞ്ജുവിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്.

Eng­lish sum­ma­ry; Stu­den­t’s death: com­plaint against college

you may also like this video;