കർണാടകയിലെ ബിദറിൽ സ്കൂൾ കുട്ടികൾ അവതരിപ്പിച്ച നാടകം രാജ്യദ്രോഹമാണെന്നാരോപിച്ചുള്ള കേസിൽ കുട്ടികളെ തുടർന്ന് ചോദ്യം ചെയ്യുന്നത് കർണാടക ബാലാവകാശ കമ്മിഷൻ വിലക്കി. സ്കൂൾ വിദ്യാർത്ഥികളെ ദിവസങ്ങളോളം ചോദ്യം ചെയ്തത് ബാലാവകാശ നിയമങ്ങൾക്കെതിരാണെന്ന് ചൂണ്ടിക്കാട്ടിയ ബാലാവകാശ കമ്മിഷൻ പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. സ്കൂൾകുട്ടികളെ ചോദ്യം ചെയ്തതിലൂടെ അവർക്കിടയിൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കയാണെന്ന് ബാലാവകാശ കമ്മിഷൻ അധ്യക്ഷൻ ആന്റണി സെബാസ്റ്റ്യൻ പൊലീസ് സൂപ്രണ്ടിനും ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസിനും എഴുതിയ കത്തിൽ വ്യക്തമാക്കുന്നു.
പൊലീസിന് സ്കൂളിൽ കുട്ടികളെ ചോദ്യം ചെയ്യണമെങ്കിൽ അവരുടെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വേണം ചോദ്യം ചെയ്യേണ്ടത്. എന്നാൽ ഈ പൊലീസ് ബാലാവകാശ നിയമം പാലിച്ചിട്ടില്ല. ഭയംകാരണം മിക്ക വിദ്യാർത്ഥികളും ഇപ്പോൾ സ്കൂളിൽ ഹാജരാകുന്നില്ലെന്നും അധ്യക്ഷൻ ചൂണ്ടികാട്ടുന്നു. ജനുവരി 21 നാണ് ബിദർ ഷഹീൻ സ്കൂളിലെ കുട്ടികൾ പൗരത്വ ഭേദഗതി നിയമം പ്രമേയമാക്കി സ്കൂളിൽ നാടകം കളിച്ചത്. നാടകം രാജ്യദ്രോഹപരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അവഹേളിക്കുന്നതാണെന്നും ആരോപിച്ച് പൊലീസ് കേസെടുക്കുകയായിരുന്നു.
സ്കൂളിലെ അധ്യാപികയെയും ഒരു കുട്ടിയുടെ രക്ഷിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 4,5, 6 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെയാണ് പൊലീസ് യൂണിഫോമിലെത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തത്. എബിവിപി പ്രവർത്തകന്റെ പരാതിയിലാണ് സ്കൂൾകുട്ടികളുടെ നാടകത്തിനെതിരെ പൊലീസ് കേസെടുത്തത്. രാജ്യദ്രോഹകുറ്റത്തിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്ത അധ്യാപിക ഷഹിന്റെയും സ്കൂൾ വിദ്യാർത്ഥിയുടെ മാതാവിന്റെയും ജാമ്യാപേക്ഷയിൽ ഈ മാസം 11 നാണ് കോടതി വാദം കേൾക്കുന്നത്.
English Summary: Students drama against caa followup
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.