ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർത്ഥിനി എഴുതിയ കവിത സ്കൂൾ പ്രവേശനോത്സവഗാനമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇത് അസാധാരണമാണ്. അതുകൊണ്ടുതന്നെ അഭിനന്ദനാർഹവും. പതിവുകളൊക്കെ ഒഴിവാക്കപ്പെട്ടിരിക്കുന്നു. വിദ്യാർത്ഥികളുടെ രചനകൾ പരിശോധിക്കപ്പെടുകയും ഒരു പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ രചന തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരിക്കയാണ്. ആലപ്പുഴ ജില്ലയിലെ കലവൂരിൽ നടന്ന പ്രവേശനോത്സവ ഉദ്ഘാടനചടങ്ങിലേക്ക് വിദ്യാർത്ഥിനിയെ അതിഥിയായി പങ്കെടുപ്പിച്ച് ആദരിക്കുകയും ചെയ്തു. കൊട്ടാരക്കര താമരക്കുടി എസ്‌വി വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ ഭദ്ര ഹരിക്കാണ് ഈ വിശിഷ്ട സന്ദർഭം ലഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ട വരികൾക്കും വളരെ പ്രത്യേകതയുണ്ട്. സാധാരണ ഒരു പ്രവേശനോത്സവ ഗാനത്തിലോ കലോത്സവ ഗാനത്തിലോ കാണുന്ന സ്ഥിരം ചേരുവകളൊന്നും ഈ കവിതയിലില്ല. അതായത്, സുസ്വാഗതം, അഭിവാദനം, വരവേല്പ്, വണക്കം തുടങ്ങിയ സ്ഥിരം വാക്കുകളൊന്നും ഭദ്രയുടെ രചനയിലില്ല. ‘മഴമേഘങ്ങൾ പന്തലൊരുക്കിയ പുതുവർഷത്തിൻ പൂന്തോപ്പിൽ കളിമേളങ്ങൾ വർണം വിതറിയ അവധിക്കാലം മായുന്നു… ഇങ്ങനെയാണ് ഭദ്രയുടെ കവിത ആരംഭിച്ചത്. സാധാരണ ഒരു പാട്ടിന്റെ തുടക്കം പോലെയല്ല, ഭാവനാനിർഭരമായ ഒരു കവിതയുടെ മനോഹരമായ തുടക്കമായിരുന്നു അത്.
വിശ്വപ്രകൃതി പകരുന്ന വിസ്മയവിദ്യകൾ വിത്തുകൾ ആകുന്നതിനെക്കുറിച്ചും ശാസ്ത്രമൊരുക്കുന്ന നവലോകത്തിൽ ശാരിക പാടിയ കവിതകളെക്കുറിച്ചും അറിവിന്റെ പൊൻതൂവലാൽ നെയ്യുന്ന സ്വപ്നച്ചിറകുകളെക്കുറിച്ചും ഈ കവിതയിൽ ഭദ്ര കുറിച്ചിട്ടുണ്ട്. കേരളം ലഹരിക്കെതിരെയുള്ള യുദ്ധരംഗത്താണല്ലോ. കൊച്ചുകിനാവുകളുടെ ചിറകരിയുന്ന ലഹരിക്കെതിരെ കൈകോർക്കാമെന്ന ആഹ്വാനവും കവിതയിലുണ്ട്. മഴ മാറിനിന്ന് വരവേറ്റ പുതുവിദ്യാലയവർഷ ദിനത്തിൽ കേരളത്തിലെ മുഴുവൻ പൊതുവിദ്യാലയങ്ങളും ഭദ്രയുടെ കവിത ഏറ്റുപാടി. ഈ കവിതയെ ചില നാടൻവായ്ത്താരികളുടെ അകമ്പടിയോടെ സ്വരപ്പെടുത്തിയത് അൽഫോൻസ് ജോസഫാണ്. ആലാപനത്തിനും അദ്ദേഹം നേതൃത്വം നൽകി.
താമരക്കുടി എന്ന ഗ്രാമപ്രദേശത്തെ കലാകേരളത്തിന്റെ ഭൂപടത്തിൽ അടയാളപ്പെടുത്തിയത് വിഖ്യാത ഓട്ടൻതുള്ളൽ കലാകാരനായ താമരക്കുടി കരുണാകരൻ മാസ്റ്ററാണ്. താമരക്കുടി എസ്‌വിവിഎച്ച്എസിൽ നിന്നും അധ്യാപകനായി വിരമിച്ച അദ്ദേഹം 85-ാം വയസിലും സജീവമായി രംഗത്തുണ്ട്. ആ സ്കൂളിലെ വിദ്യാർത്ഥിനിയായ ഭദ്രയെ അഭിനന്ദിക്കാൻ അദ്ദേഹം ഒരു തുള്ളൽ കവിതയുമായി സ്ക്കൂളിലെത്തിയത്, അധ്യാപകരുടെയും മറ്റു വിദ്യാർത്ഥികളുടെയും മനസിൽ കൗതുകമായി.
ഭദ്രയ്ക്ക് വലിയൊരു സ്വീകരണം തന്നെ സ്കൂളിലൊരുക്കി. പൊന്നാടകളും ഉപഹാരങ്ങളും കൊണ്ട് ഭദ്രയെ പൊതിഞ്ഞു. അത്രയ്ക്ക് സന്തോഷമാണ് താമരക്കുടി ഗ്രാമവാസികൾക്ക്. ഈ കവിത ഫേസ്ബുക്കിലെ ഇന്ന് വായിച്ച കവിതയിൽ പോസ്റ്റ് ചെയ്തപ്പോൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ അയ്യായിരത്തിലധികം വായനക്കാരാണ് പേജിലെത്തിയത്. ഭദ്രയുടെ ആഗ്രഹമെന്താണെന്നുള്ള ചോദ്യത്തിന് മലയാളം അധ്യാപികയാകണമെന്നായിരുന്നു ഉത്തരം. ഇതും ശ്രദ്ധേയമാണ്.
കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാവര്‍ക്കും സൗജന്യ വിദ്യാഭ്യാസം നടപ്പിലാക്കിയതുമാത്രമല്ല, കുട്ടികൾക്ക് കുപ്പായവും പാഠപുസ്തകവും ഭക്ഷണവും എല്ലാം നൽകുന്നുണ്ട്. സ്മാർട്ട് ക്ലാസ്‌മുറികളും കമ്പ്യൂട്ടർ സൗകര്യവും വാഹനങ്ങളും സുന്ദരചിത്രങ്ങളാൽ അലംകൃതമായ ഉറപ്പുള്ള കെട്ടിടങ്ങളും സ്വപ്നതുല്യമായ വർണക്കൂടാരങ്ങളും എല്ലാം നിറഞ്ഞതാണ് നമ്മുടെ സ്കൂളുകൾ. പാഠ്യപദ്ധതിയിലും വലിയ വ്യത്യാസം ഉണ്ടായി. എന്റെ സ്കൂൾ വിദ്യാഭ്യാസകാലത്ത് പാഠപുസ്തകത്തിൽ കവിതയുള്ള ഒരു കവിയെയും നേരിട്ടു കാണാൻ കഴിഞ്ഞിട്ടില്ല. കാരണം ഞാൻ ജനിക്കുന്നതിനു നൂറ്റാണ്ടുകൾക്കു മുമ്പേ മരിച്ചുപോയ ചെറുശേരിയും എഴുത്തച്ഛനും കുഞ്ചൻനമ്പ്യാരും മറ്റുമായിരുന്നു പാഠപുസ്തകത്തിലെ കവികൾ. ഇന്നാകട്ടെ വിദ്യാർത്ഥികളുടെ ഡയറിക്കുറിപ്പുകളും തൊഴിലാളിയുടെയും ഗോത്രഭാഷാ കവിയുടെയും ട്രാൻസ്ജെന്‍ഡർ കവിയുടെയും എല്ലാം രചനകൾ പാഠപുസ്തകത്തിലുണ്ട്. ഇവരെയെല്ലാം സ്ക്കൂളുകളിൽ എത്തിച്ച് കുട്ടികളുമായി സംവദിക്കാനുള്ള സന്ദർഭവും ഇപ്പോഴുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും മലയാളിയുടെ ദുരഭിമാനത്തെ മുതലെടുത്ത് പടർന്നു പന്തലിക്കുന്ന സ്വകാര്യവിദ്യാലയങ്ങളെ നിയന്ത്രിക്കാനോ ബോധവൽക്കരണം നടത്താൻ പോലുമോ കഴിയുന്നില്ലെന്ന സങ്കടം അവശേഷിക്കുന്നുണ്ട്. വിദ്യാലയങ്ങളെ വ്യവസായ സ്ഥാപനങ്ങളായി കാണുന്നതിൽ മുമ്പന്തിയിലുള്ളത് മതങ്ങളാണെന്നത് ഒരു മതേതര രാജ്യത്തിനു ഭൂഷണമേയല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.