ക്ലാസില്‍ വൈകി വന്നതിന് കുട്ടികളെ വിവസ്ത്രരാക്കി

Web Desk
Posted on December 27, 2018, 10:00 pm

ഹൈദരാബാദ്: ക്ലാസില്‍ വൈകി വന്നതിന് കുട്ടികളെ ശിക്ഷിച്ചത് ക്ലാസില്‍ വിവസ്ത്രരാക്കി നിര്‍ത്തി. ചിറ്റൂര്‍ ജില്ലയിലെ പുങ്ങാനൂരില്‍ നടന്ന സംഭവത്തിന്റെ വീഡിയോ മണിക്കൂറുകള്‍ക്കകം വൈറലായി. ഹൈദരാബാദ് ചൈതന്യ ഭാരതി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഇതോടെ രോഷാകുലരായ ജനക്കൂട്ടം സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. ഹൈദരാബാദിലെ ബാലാവാകശ സംരക്ഷണ പ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മിഷനെ സമീപിച്ചു.

‘ഹീനമായ ഈ ശിക്ഷാരീതി അംഗീകരിക്കാനാകില്ല. സ്‌കൂളില്‍ വൈകിയെത്തിയതിന് ഇത്തരത്തില്‍ കുട്ടികളെ ശിക്ഷിക്കാനാകില്ല. അധ്യാപകരെ വിശ്വസിച്ചാണ് രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ സ്‌കൂളിലേക്ക് വിടുന്നത്. സ്‌കൂള്‍ അധികൃതര്‍ ഇത്തരത്തില്‍ പെരുമാറിയാല്‍ രക്ഷിതാക്കള്‍ക്ക് എന്തുചെയ്യാനാകും’ ബാലാവകാശ പ്രവര്‍ത്തകനായ അച്യുത് റാവു പറഞ്ഞു.

വിദ്യാഭ്യാസ ഓഫീസറുടെ പരാതിയെ തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തുവെങ്കിലും സ്‌കൂള്‍ അധികൃതരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല.