കാലടി: കാഞ്ഞൂർ പഞ്ചായത്തിലെ പാഴൂർ പാടശേഖരത്തിലെ നെല്ല് കൊയ്ത് വിദ്യാർത്ഥികൾ. ഇന്നലെ നടന്ന കൊയ്ത്തുത്സവത്തിലാണ് വിദ്യാർത്ഥികൾ നെല്ലു കൊയ്തത്.കൊയ്തെടുത്ത “കറ്റ“വിദ്യാർത്ഥികൾ തന്നെ ചുമന്ന് പാടത്തിന് പുറത്ത് എത്തിച്ചതിനു ശേഷം അവർ തന്നെ “മെതിച്ച്” നെല്ലാക്കി മാറ്റി. കാലടി സംസ്കൃത സർവ്വകലാശാല വിദ്യാർഥികളും, ആദിശങ്കരാ ട്രൈനിംഗ് കോളേജ് വിദ്യാർത്ഥികളുമാണ് കർഷകത്തൊഴിലാളികൾക്കൊപ്പം നെല്ല് കൊയ്തത്. തുടർന്ന് വിദ്യാർത്ഥികൾ തന്നെ ഇത് മുറം ഉപയോഗിച്ച് “പാറ്റി” ചാക്കിലാക്കി.
65 ഏക്കർ സ്ഥലത്താണ് നെൽകൃഷി ചെയ്തിരുന്നത്. കൊയ്ത്തുത്സവത്തിനെത്തിയ വിദ്യാർഥികൾ ആരും തന്നെ ഇതിനു മുൻപ് കൊയ്യുകയോ, കറ്റ മെതിക്കുകയോ ചെയ്തിട്ടില്ലായിരുന്നു. വലിയ ആവേശത്തോടെയാണ് വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുത്തത്. പരമ്പരാഗതരീതിയിൽ “അരിവാൾ” ഉപയോഗിച്ച് കൊയ്തെടുത്ത നെല്ല് കുട്ടികൾതന്നെ മെതിച്ച്,പാറ്റി നെല്ലാക്കി. അതിനുശേഷം കഴിഞ്ഞ വർഷം ഇവിടെ നിന്നും കൊയ്ത നെല്ലിന്റെ അരി ഉപയോഗിച്ച് കുട്ടികൾ തന്നെ “കഞ്ഞി ” ഉണ്ടാക്കി കഴിച്ചു.
തങ്ങൾക്ക് വീടുകളിൽ ലഭിക്കുന്ന ഭക്ഷണത്തിനു പുറകിൽ ഇത്രയേറെ അധ്വാനം ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായതെന്നും,തങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്റെ മൂല്യം മനസ്സിലാക്കുവാൻ സ്കൂൾതലം മുതൽ കൃഷിയും പഠനത്തോടൊപ്പം ഉൾപ്പെടുത്തണമെന്നും വിദ്യാർത്ഥികൾ പറഞ്ഞു.ജില്ലാ പഞ്ചായത്ത് മെമ്പർ ശാരദാ മോഹൻ “കൊയ്ത്തു പാട്ടുകൾ” പാടി വിദ്യാർത്ഥികളോടൊപ്പം കൂടിയത് വിദ്യാർത്ഥികളിൽ വലിയ ആവേശമുണർത്തി.
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനു പുറകുവശത്തുള്ള പാഴൂർ പാടശേഖരം വർഷങ്ങളോളം തരിശായി കിടക്കുകയായിരുന്നു. അഞ്ചുവർഷം മുമ്പ് യുവകർഷകൻ ആയ റോബർട്ട് ആണ് പാട്ടത്തിനെടുത്ത് ഇവിടെ കൃഷി ആരംഭിച്ചത്. റോബർട്ട് കൃഷി ചെയ്യുന്ന 65 ഏക്കർ സ്ഥലം കൂടാതെ മറ്റു കർഷകർ 35 ഏക്കറോളം സ്ഥലത്ത് ഇവിടെ കൃഷി ചെയ്യുന്നുണ്ട്. പൂർണമായും ജൈവകൃഷിയാണ് റോബർട്ട് ചെയ്യുന്നത്.
നിരവധി അവാർഡുകളും റോബർട്ടിന് ലഭിച്ചിട്ടുണ്ട്. 2014 കൊച്ചി എഫ് എം അവാർഡ്, 2017 കേരളം വിളയിക്കുന്ന പദ്ധതിയിൽ യുവ കർഷകനുള്ള അവാർഡ്, 2018ലെ എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹൃദയ അവാർഡ്, ഈ വർഷം മികച്ച ജൈവ കർഷകനുള്ള കൃഷിവകുപ്പിന്റെ ആത്മ അവാർഡ് എന്നി അവാർഡുകൾ റോബർട്ടിന് ലഭിച്ചിട്ടുണ്ട്. “കതിർ ” എന്ന പേരിൽ റോബർട്ട് ജൈവ അരി വിപണിയിലെത്തിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.