കൃഷി വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ‘പാഠം ഒന്ന് പാടത്തേക്ക്’ പദ്ധതിയുടെ ഭാഗമായി കോടംതുരുത്ത് ഗവൺമെന്റ് എൽ പി സ്കൂളിൽ നടത്തിയ കര നെൽകൃഷി വിജയത്തിലേക്ക്. സ്ഥലപരിമിതികളെ മറികടന്ന് സ്കൂളിന് മുന്നിലെ ദേശിയ പാതയോരത്താണ് കുട്ടികളുടെ നേതൃത്വത്തിൽ കൃഷിയിറക്കിയത്.
ദേശീയ പാതയോരത്ത് കതിരിട്ട് നിൽക്കുന്ന നെൽപ്പാടം കാഴ്ചക്കാരുടെ മനം കുളിർപ്പിക്കും. ‘പാഠം ഒന്ന് പാടത്തേക്ക്’ പദ്ധതി പ്രകാരം ആദ്യം ചെറിയ ഗ്രോബാഗുകളിൽ സ്കൂൾ വളപ്പിൽ തുടങ്ങിയ കൃഷി പിന്നീട് വിപുലപ്പെടുത്തുകയായിരുന്നു. കോടംതുരുത്ത് കൃഷിഭവനിൽ നിന്നും ലഭിച്ച മുളപ്പിച്ച ഉമ വിത്താണ് കൃഷിക്കായി പാകിയത്. എല്ലുപൊടി, കുമ്മായം തുടങ്ങിയവയും ജൈവവളങ്ങളും ഉപയോഗിച്ചു. വിദ്യാർത്ഥികൾ പ്രത്യേക സംഘമായി തിരിഞ്ഞാണ് കൃഷി. വളമിടലും വെള്ളമൊഴിക്കലും പരിചരണവുമൊക്കെ നടത്തുന്നതും കുട്ടികൾ തന്നെ. കൃഷിയിൽ പൂർണ്ണ പിന്തുണയുമായി അദ്ധ്യാപകരും ഒപ്പമുണ്ട്. കോടംതുരുത്ത് കൃഷി ഓഫീസർ ഇന്ദുവും സഹപ്രവർത്തകരും കൃഷിക്കാവശ്യമായ എല്ലാ പിന്തുണയും നൽകുന്നുണ്ട്. മണ്ണിനെയും മനുഷ്യനേയും സ്നേഹിക്കുന്ന പുതുതലമുറയെയാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് സ്കൂൾ പ്രധാനാധ്യാപിക കെ ജെ ഷീല പറഞ്ഞു. ഈ മാസം അവസാനത്തോടെ വിളവെടുപ്പ് നടത്താനാകുമെന്നാണ് കുട്ടികളുടെയും അദ്ധ്യാപകരുടെയും പ്രതീക്ഷ. വിളവെടുപ്പിന് ശേഷം അതേ സ്ഥലത്ത് ചീര കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പുകളും തുടങ്ങിക്കഴിഞ്ഞു.
English Summary: students make paddy field in alappuzha