മുസ്ലിം അധ്യാപകൻ സംസ്കൃതം പഠിപ്പിക്കരുത് : പ്രതിഷേധവുമായി വിദ്യാർഥികൾ

Web Desk
Posted on November 08, 2019, 9:19 pm

വാരണാസി: ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ സംസ്കൃത വിഭാഗത്തിന്റെ അസിസ്റ്റന്റ് പ്രൊഫസറായി മുസ്ലിം അധ്യാപകനെ നിയമിച്ചതിൽ പ്രതിഷേധവുമായി വിദ്യാർഥികൾ. പ്രതിഷേധ സൂചകമായി സംസ്കൃത പഠന വിഭാഗമായ സംസ്കൃത് വിദ്യാൻ ധർമ് വിജ്ഞാനിലെ [എസ് വിഡിവി] ഒരു കൂട്ടം വിദ്യാർഥികൾ ക്യാമ്പസിൽ കുത്തിയിരിപ്പ് സമരം നടത്തി. സംസ്കൃത പഠന വിഭാഗത്തിലെ സാഹിത്യ പഠനശാഖയിലാണ് അധ്യാപകന് നിയമനം.

എന്നാൽ യുജിസി മാനദണ്ഡങ്ങൾ പാലിച്ചും അധ്യാപകന്റെ അക്കാദമിക് യോഗ്യതകളും പരിഗണിച്ചുമാണ് നിയമനം നടത്തിയതെന്നാണ് സർവ്വകലാശാല അധികൃതർ പറയുന്നത്. “എസ് വിഡിവി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. ജാതീയമായോ മതപരമായോ വിവേചനം പാടില്ലെന്ന ബനാറസ് സർവ്വകലാശാല ചട്ടവും യുജിസി നിയമങ്ങളും പാലിച്ചിട്ടുണ്ട്. ഉദ്യോഗാർഥിയുടെ യോഗ്യതകൾ പരിഗണിച്ച് തീർത്തും സുതാര്യമായ രീതിയിൽ തന്നെയാണ് നിയമനം നടത്തിയത്”, ബനാറസ് ഹിന്ദു സർവ്വകലാശാല പ്രതിനിധിയായ രാജേഷ് സിങ് പറഞ്ഞു.