മാതൃകയായി ഒരു കൂട്ടം വൈദിക വിദ്യാർത്ഥികൾ

Web Desk
Posted on March 17, 2019, 5:01 pm
നെടുങ്കണ്ടം:  അപകടഭീഷിണിയിലായ വീടിന്റെ മുമ്പിലെ സംരക്ഷണ ഭിത്തി കെട്ടി നല്‍കുന്നത് ഒരുകൂട്ടം വൈദിക വിദ്യാര്‍ത്ഥികളുടെ നേത്യത്വത്തില്‍. കഴിഞ്ഞ പ്രളയത്തില്‍ നെടുങ്കണ്ടം-മഞ്ഞപ്പെട്ടി പുത്തന്‍പുരയ്ക്കല്‍ സോജന്റെയും കുടുംബാംഗങ്ങളും താമസിച്ചിരുന്ന വീടിന്റെ മുന്‍വശത്തെ സംരക്ഷണ ഭിത്തി പൂര്‍ണ്ണമായും ഇടിഞ്ഞ് പോയിരുന്നു. 25 അടിയിലേറെ താഴ്ചയിലേയ്ക്ക് ഭിത്തി ഇടിഞ്ഞ് പോയതിനെ തുടര്‍ന്ന് വീട് അപകടാവസ്ഥയിലാവുകയായിരുന്നു.  മുന്‍വശത്ത് അഗാധമായ ഗര്‍ത്തമായതോടെ ഏത് നിമിഷവും വീട് ഇടിയുമെന്ന അവസ്ഥയിലായി.
വീടിന്റെ മുന്‍വാതില്‍ തുറന്ന് പുറത്തേയ്ക്ക് പോലും ഇറങ്ങാനാവാത്ത അവസ്ഥയിലുമായി. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് സംരക്ഷണ ഭിത്തി കെട്ടി കിട്ടുവാനുള്ള കാലതാമസം ഏറെയാണെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് മഞ്ഞപെട്ടി നിവാസികളും സെന്റ് മേരീസ് ഇടവകയും കുടുംബത്തിന് സഹായവുമായി എത്തുകയായിരുന്നു. ഇടവക വികാരി ഫാ. ജോസഫ് പൗവ്വത്തില്‍ നിന്നും വിവരം അറിഞ്ഞ സിഎംഐ സഭയിലെ വൈദിക വിദ്യാര്‍ത്ഥികളും മഞ്ഞപെട്ടിയില്‍ സഹായവുമായി എത്തി. സഭയുടെ മിഷന്‍ ഇയര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സെമിനാരി റെക്ടര്‍ ഫാ. ബിജു കൂട്ടപ്ലാക്കലിന്റെ നേതൃത്വത്തില്‍ കൊച്ചി, മൂവാറ്റുപുഴ, ഹൈദരാബാദ്, ശാന്താ പ്രൊവിന്‍സുകളില്‍ നിന്നും 20 വൈദിക വിദ്യാര്‍ത്ഥികളും മഞ്ഞപെട്ടിയില്‍ എത്തി.
വീടിന് മുന്‍വശത്ത് ഇടിഞ്ഞ് പോയ ഭാഗത്ത് സംരക്ഷണ ഭിത്തി ഒരുക്കുകയാണ് നിലവില്‍ ചെയ്യുന്നത്. നാട്ടുകാരുടെ സഹായത്തോടെ ഓരോ ദിവസവും 50 പേരുടെ തൊഴില്‍ സഹായമാണ് നല്‍കുന്നത്. ആവശ്യമായ ഭക്ഷണം ഒരുക്കുന്നതിനായി പ്രദേശത്തെ വീട്ടമ്മമാരും സന്യാസിനികളും എത്തുന്നു. 12 ദിവസങ്ങള്‍കൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിയ്ക്കാനാണ് ലക്ഷ്യം വെയ്ക്കുന്നത്. പകല്‍ സമയത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്ന വൈദിക വിദ്യാര്‍ത്ഥികള്‍ വൈകുന്നേരങ്ങളില്‍ ഭവന സന്ദര്‍ശനവും നടത്തിവരുന്നു. സംരക്ഷണ ഭിത്തി ഒരുക്കുന്നതോടെ വീട് സുരക്ഷിതമാവുകയും കുടുംബത്തിന് സ്വഭവനത്തില്‍ സ്വസ്ഥമായി  അന്തിയുറങ്ങാനും സാധിക്കും.