‘പോകല്ലെ ടീച്ചറെ’: കരഞ്ഞുനിലവിളിച്ച് അധ്യാപികയുടെ പുറകെ വിദ്യാർത്ഥികൾ

Web Desk
Posted on November 02, 2019, 4:05 pm

തൊടുപുഴ: പോകെല്ലെ ടീച്ചറെ എന്നു പറഞ്ഞ് കരഞ്ഞു നിലവിളിച്ച് അധ്യാപികയുടെ പുറകെ വിദ്യാർത്ഥികൾ ഓടി. തൊടുപുഴ കരിങ്കുന്നം ഗവ. എൽപി സ്കൂളിലെ കഴിഞ്ഞ ദിവസത്തെ കാഴ്ചയാണിത്. താൽക്കാലിക അധ്യാപിക കെ.ആർ അമൃതയുടെ വിടവാങ്ങലാണ് കുട്ടികളുടെ നെഞ്ചുലച്ചത്. വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കാട്ടി ഏതാനും വിദ്യാർഥികളുടെ രക്ഷിതാക്കള്‍ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നല്‍കിയ പരാതിയിലാണ് താല്‍ക്കാലിക അധ്യാപികയായിരുന്ന അമൃതയ്ക്ക് ജോലി നഷ്ടപ്പെട്ടത്.

ഇന്നലെ ഉച്ചയോടെയാണ് ഇനി മുതല്‍ ജോലിക്കു വരേണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ അമൃതയെ അറിയിച്ചത്. തുടര്‍ന്നാണ് സ്‌കൂളില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഉത്തരവ് വാങ്ങിയ ശേഷം പൊട്ടിക്കരഞ്ഞു കൊണ്ട് ക്ലാസില്‍ നിന്നു പുറത്തിറങ്ങിയ അധ്യാപികയെ ടീച്ചര്‍ പോകരുതെന്ന് പറഞ്ഞ് കുട്ടികള്‍ വളയുകയായിരുന്നു.

അമൃതയെ കൂടാതെ സ്‌കൂളിലെ പ്രധാനാധ്യാപിക പി.എസ് ഗീത, താല്‍ക്കാലിക അധ്യാപിക ജിനില കുമാർ എന്നിവരും കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നായിരുന്നു പരാതി. തുടര്‍ന്ന് പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യുകയും അമൃതയെയും ജിനിലയേയും പുറത്താക്കുകയുമായിരുന്നു. ഇതിനിടെ സ്‌കൂളിലെ ചില അധ്യാപികമാര്‍ അമൃതയുടെ അടുത്തെത്തി പരുഷമായി സംസാരിച്ചു. അതേസമയം സീനിയര്‍ അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നു എന്ന് കാട്ടി പരാതി നല്‍കിയതിന്റെ പ്രതികാരം തീര്‍ക്കാനാണ് അധ്യാപകര്‍ കള്ളപ്പരാതി ഉണ്ടാക്കിയതെന്നും അമൃത ആരോപിച്ചു.