ഷാജി ഇടപ്പള്ളി

കൊച്ചി

March 17, 2020, 8:49 pm

‘ജീവജലത്തിന് മൺപാത്രം’ വിദ്യാർത്ഥികൾ ഏറ്റെടുക്കുന്നു;ഒരു ലക്ഷം വിദ്യാർഥികൾ പങ്കാളികളാകും

Janayugom Online

എഴുത്തുകാരനും സാമൂഹ്യ, പരിസ്ഥിതി പ്രവർത്തകനുമായ ആലുവ മുപ്പത്തടം സ്വദേശിയായ ശ്രീമൻ നാരായണൻ നടപ്പിലാക്കിയ ‘ജീവജലത്തിന് ഒരു മൺപാത്രം’ പദ്ധതിയിൽ ഒരു ലക്ഷം വിദ്യാർഥികൾ പങ്കാളികളാകും.

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്സ് ആൻറ് ഗൈഡ്സ് ഈ ജീവകാരുണ്യ പ്രവർത്തനം ഏറ്റെടുത്ത് സംസ്ഥാനത്താകെ വ്യാപിപ്പിക്കുകയാണ്. ഈ മാസം 20 മുതൽ മെയ് 20 വരെയുള്ള കാലയളവിൽ എല്ലാ യൂണിറ്റുകളും വഴിയാണ് ഇത് നടപ്പിലാക്കുന്നത്. കാലാവസ്ഥ വ്യതിയാനവും പരിസ്ഥിതി നാശവും മൂലം വേനൽക്കാലത്ത് ജലസ്രോതസ്സുകൾ വറ്റിവരണ്ട് പക്ഷികൾക്കും മറ്റും ദാഹജലം കിട്ടാതാകുമ്പോൾ അത് ലഭ്യമാക്കാനുള്ള സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഈ പദ്ധതി ഏറ്റെടുത്തിട്ടുള്ളത്. മൺപാത്രങ്ങളിലും മറ്റു പാത്രങ്ങളിലുമായി പക്ഷികൾക്ക് കുടിക്കുന്നതിനായി ജലം സംഭരിച്ചു വെക്കും. അതിന് ആവശ്യമായ മൺപാത്രങ്ങൾ മിഷൻ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ദിവസവും പാത്രങ്ങൾ വൃത്തിയാക്കി ശുദ്ധജലം ശേഖരിച്ചു വെക്കാൻ വോളണ്ടിയർമാരെ നിശ്ചയിക്കും.

വേനൽച്ചൂടിൽ ദാഹജലം കിട്ടാതെ മരണത്തോട് മല്ലിടുന്ന പക്ഷികൾക്ക് കുടിവെള്ളം സംഭരിച്ചു വക്കാനുള്ള മൺപാത്രങ്ങൾ വിതരണം ചെയ്യുന്ന പദ്ധതി ലോകത്താദ്യമായി നടപ്പാക്കിയത് ശ്രീമൻ നാരായണനാണ്. അതേത്തുടർന്ന് ”ജീവജലത്തിന് ഒരു മൺപാത്ര”മെന്ന പദ്ധതിയെക്കുറിച്ച് ദേശീയ അന്തർദ്ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. അത് ശ്രദ്ധയിൽപ്പെട്ട തായ്‌വാൻ ആസ്ഥാനമായ ‘ദി സുപ്രീം മാസ്റ്റർ ചിങ്ഹായ് ഇന്റർ നാഷണൽ അസോസിയേഷൻ വേറിട്ട പ്രവൃത്തിയെക്കുറിച്ച് വിശദമായി അന്വേഷിച്ചു. തുടർന്ന് അവരുടെ ലോകോത്തര ബഹുമതിയായ ”ദി ഷൈനിംഗ് വേൾഡ് കംപാഷൻ അവാർഡ് ” നല്കി അവർ ശ്രീമൻ നാരായണനെ ആദരിച്ചിരുന്നു. ഏതാനും വർഷങ്ങളായി വേനൽ കടുക്കുമ്പോൾ പക്ഷികൾക്ക് കുടിവെള്ളം സംഭരിച്ചുവെക്കുന്നതിനായി ആയിരക്കണക്കിന് മൺപാത്രങ്ങളാണ് ജില്ലയിലും സമീപ പ്രദേശങ്ങളിലും ഇദ്ദേഹം സൗജന്യമായി വിതരണംചെയ്യുന്നത്. ഇത്തവണ അത് കാസർകോട്ടുമുതൽ തിരുവനന്തപുരം വരെ സംസഥാനം മുഴുവൻ വ്യാപിപ്പിക്കുകയാണ്.

അക്ഷരയജ്ഞം, പരിസ്ഥിതി സൗഹൃദയജ്ഞം, വൃക്ഷയജ്ഞം, മഹാവൃക്ഷ യജ്ഞം, ജീവജലത്തിന് ഒരു മൺപാത്രം, യോഗ ആരോഗ്യത്തിന്,മഹാത്മാവിന്റെ മഹാദർശനം, നടാം നനയ്ക്കാം നടക്കൽ വക്കാം തുടങ്ങിയ ഒട്ടനവധി പദ്ധതികൾ ‘എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ ‘മിഷന്റെ കീഴിൽ ശ്രീമൻ നാരായണൻ നടപ്പാക്കിയിട്ടുണ്ട്.  ഈ പദ്ധതിയുടെ പ്രത്യേകത മനസ്സിലാക്കിയ വിദ്യാഭ്യാസ വകുപ്പ് ഏറെ താല്പര്യത്തോടെ ഇത് വിദ്യാർത്ഥികളിലൂടെ നടപ്പാക്കാൻ ശ്രമിക്കുകയാണ്. സംസ്ഥാനത്തെ 42 വിദ്യാഭ്യാസ ജില്ലകളിലെ ഒരു ലക്ഷം വിദ്യാർത്ഥികളുടെ പങ്കാളിത്തമുള്ള പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വേനലവധിക്ക് തൃശ്ശൂർ സ്കൗട്ട് ആന്റ് ഗൈഡ്സ് ജില്ല ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഉൽഘാടനം ചെയ്യും.
you may also like this video