വിദ്യാഭ്യാസ മേഖലയിൽ വേദഗണിതവും സംസ്കൃതവും ഉൾപ്പെടുത്തി സ്വദേശിവാദം ശക്തിപ്പെടുത്തുന്ന മോഡി സർക്കാരിലെ മന്ത്രിമാരുടെ മക്കളുടെ വിദ്യാഭ്യാസം വിദേശ സർവകലാശാലകളിൽ. കൊറോണ വൈറസിന് ചാണകവും ഗോമൂത്രവും മരുന്ന്, ഐഐടികളിലും ഐഐഎമ്മുകളിലും വേദവും മഹാഭാരതവും, വിമാനം കണ്ടുപിടിച്ചത് ഭാരതീയൻ തുടങ്ങി വിഡ്ഢിത്തങ്ങൾ പഠിക്കാൻ രാജ്യത്തെ പാവപ്പെട്ട ഒരു തലമുറയെ നിർബന്ധിക്കുമ്പോഴാണ് മന്ത്രിമാരുടെ മക്കളെ വിദേശത്തെ ലോകോത്തര സർവകലാശാലകളിൽ അയച്ചു പഠിപ്പിക്കുന്നത്.
സ്വദേശി വാദത്തിന്റെ വക്താക്കളായ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, സംഘപരിവാർ അധ്യക്ഷൻ മോഹൻ ഭാഗവത് എന്നിവർ ഇത് കാണാത്തതോ അതോ കണ്ടില്ലെന്ന് നടിക്കുന്നതോ. മോഡി മന്ത്രിസഭയിലെ 56 മന്ത്രിമാരിൽ 12 പേരുടെ മക്കളാണ് വിദേശത്തെ സർവകലാശാലകളിൽ പഠിക്കുന്നത്. റയിൽവേ മന്ത്രി പിയൂഷ് ഗോയലിന്റെ മകൾ രാധിക 2019 ൽ ഹാർവാഡ് സർവകലാശാലയിൽ നിന്നാണ് ബിരുദം നേടിയത്. മകൻ ധ്രുവ് ഇതേ സർവകലാശാലയിൽ ബിഎ ഇക്കണോമിക്സ് വിദ്യാർത്ഥിയും.
വാർത്താ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കറുടെ മകൻ അപൂർവ് അമേരിക്കയിലെ ബോസ്റ്റൺ സർവകലാശാലയിൽ നിന്നാണ് സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡി നേടിയത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി നിർമ്മലാ സീതാരാമൻ, വിദേശകാര്യമന്ത്രി എസ് ജയശങ്കർ എന്നിവരുടെ മക്കളും ബിരുദം നേടിയത് വിദേശ സർവകലാശാലകളിൽ നിന്നാണ്. രാജ്നാഥ് സിങിന്റെ ഇളയ മകൻ നീരജ് ബ്രിട്ടനിലെ ലീഡ്സ് സർവകലാശാലയിൽ നിന്നാണ് എംബിഎ ബിരുദം പൂർത്തിയാക്കിയത്.
നിർമ്മലാ സീതാരാമന്റെ മകൾ വാങ്മയി പരക്കാല ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയത് നോർത്ത് വെസ്റ്റേൺ സർവകലാശാലയിൽ നിന്നാണ്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ മകൻ ധ്രുവ് അമേരിക്കയിലെ ജോർജ് ടൗൺ സർവകലാശാലയിൽ നിന്നാണ് എംഎ ബിരുദം നേടിയത്. മകൾ മേധ സിനിമയിൽ ബിരുദം നേടിയത് ഡെനിസൻ സർവകലാശാലയിൽ നിന്നും. നിയമ മന്ത്രി രവിശങ്കർ പ്രസാദിന്റെ മകൻ ആദിത്യ ശങ്കർ എൽഎൽഎം ബിരുദം നേടിയത് കോണൽ സർവകലാശാലയിൽ നിന്നാണ്.
ആരോഗ്യ മന്ത്രി ഹർഷവർധന്റെ ഇളയമകൻ സച്ചിൻ ഫിനാൻസ് ആൻഡ് അക്കൗണ്ടിങിൽ ബിരുദം നേടിയത് മോൽബണിലെ മൊനാഷ് സർവകലാശാലയിൽ നിന്നാണ്. കേന്ദ്ര മന്ത്രി ഹർസിമ്രത് കൗറിന്റെ മകൾ ബിരുദം നേടിയത് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നാണ്. ജൻശക്തി വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിന്റെ മകൾ സൂഹാസിനി ലീഡർഷിപ്പ് കോഴ്സിൽ ഡിപ്ലോമ നേടിയത് ഓക്സ്ഫോഡ് സർവകലാശാലയിൽ നിന്നാണ്.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങിന്റെ മകൻ അരുണോദയ് ഓക്സ്ഫോഡ് സർവകലാശാലയിൽ നിന്നാണ് ഇക്കണോമിക് ഡെവലെപ്മെന്റിൽ ഡിപ്ലോമ പൂർത്തിയാക്കിയത്. വാർത്താ വിനിയമ വകുപ്പ് സഹമന്ത്രി സഞ്ജയ് ധാത്രെയുടെ മകൻ നകുൽ എൻജിനീയറിങ് ബിരുദം കാലിഫോർണിയ സർവകലാശാലയിൽ നിന്നാണ് നേടിയത്. വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയുടെ മകൾ തിലോത്തമ ബ്രിട്ടനിലെ വാർവിക് സർവകലാശാലയിൽ നിന്നും ബിരുദവും യുണിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടനിൽ നിന്നും എൽഎൽഎം ബിരുദവും പൂർത്തിയാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.