Web Desk

കൊല്ലം:

March 21, 2020, 7:32 pm

വൈറസുകളുടെ വ്യാപനം പക്ഷികളിലൂടെയും മൃഗങ്ങളിലൂടെയും: പഠനറിപ്പോര്‍ട്ട്

Janayugom Online

മാരകമായ സാര്‍സ്, കൊറോണ വൈറസുകളുടെ വ്യാപനം പക്ഷികളിലൂടെയും മൃഗങ്ങളിലൂടെയുമെന്ന് പഠന ഗവേഷണങ്ങള്‍. പക്ഷികളുടെ സ്രവങ്ങളില്‍ നിന്നും കാഷ്ഠങ്ങളില്‍ നിന്നും മ‍ൃഗങ്ങളിലേക്കും അതില്‍ നിന്ന് മനുഷ്യരിലേക്കും വൈറസുകള്‍ എത്തുന്നതെന്നാണ് നിഗമനം. ഇതേപ്പറ്റി ചൈനയില്‍ 2015ല്‍ നടത്തിയ പഠനത്തില്‍ ആസന്നഭാവിയില്‍ തന്നെ രാജ്യം മാരകമായ വൈറസ് ബാധയെ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ വൈറോളജിസ്റ്റ് ഷി സെംഗ്ളി ഉള്‍പ്പെടുന്ന സംഘം നടത്തിയ പഠനത്തിലാണ് ഇക്കാര്യം അടങ്ങിയിട്ടുള്ളത്.

സ്വാഭാവിക ആവാസവ്യവസ്ഥ നഷ്ടപ്പെട്ട വവ്വാലുകളാണ് വൈറസ് വാഹകരെന്നും വെളിപ്പെടുത്തിയിരുന്നു. ശാസ്ത്രമാസികയായ ‘നേച്ചറി‘ല്‍ കഴിഞ്ഞ മാസം ഷി പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ കോവിഡ്-19 വൈറസുകളും വവ്വാലുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. കോവി‍ഡ് 19 വൈറസിന്റെ ജനിതകമൂല്യവും വവ്വാലുകളിലെ കൊറോണ വൈറസിന്റെ ജീനോം ലെവലും തമ്മില്‍ സാമ്യമുണ്ടെന്നായിരുന്നു ഷിയുടെ കണ്ടെത്തല്‍. കൊറോണ വൈറസ് ശൃംഖലയായ SHCO14-COV ചൈനയിലെ പ്രത്യേക ഇനം വവ്വാലില്‍ കണ്ടെത്തിയതിനെ സംബന്ധിച്ചായിരുന്നു 2015ല്‍ നടത്തിയ പഠനം. തുടര്‍ന്ന് നടത്തിയ മെറ്റാ ജീനോമിക് പഠനങ്ങള്‍ സാര്‍സ് രോഗം പരത്തുന്ന വൈറസുകള്‍ വവ്വാലുകളില്‍ കണ്ടെത്തിയതിനാല്‍ ചൈനയില്‍ പകര്‍ച്ചവ്യാധി ഉണ്ടാകാനിടയുണ്ടെന്നും ഇത് കോവി‍ഡ് 19 വ്യാപനത്തിന് ഇടയാക്കുമെന്നും വൈറോളജിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കി.

മൃഗങ്ങളില്‍ കണ്ടെത്തിയ വൈറസ് മനുഷ്യരിലേക്ക് വ്യാപിക്കാന്‍ ഇടയുണ്ടെന്നും ഫ്ളൂവിന്റെ ലക്ഷണങ്ങളാണെങ്കിലും മരണസംഖ്യ അധികമായിരിക്കുമെന്നും അമേരിക്കന്‍ ഗവേഷകനായ പീറ്റര്‍ ഡസാഖ് ‘ന്യൂയോര്‍ക്ക് ടൈംസി‘ല്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു. 2018ല്‍ ലോകാരോഗ്യ സംഘടനയുടെ യോഗത്തിലാണ് ഗവേഷകര്‍ ഈ വൈറസിന് ‘ഡീസീസ്-എക്‌സ്’ എന്ന് പേര് നല്‍കിയത്. ഇപ്പോള്‍ ലോകമാകെ ഭീതി പരത്തുന്ന കോവിഡ്-19 തന്നെയാണ് ഇതെന്നാണ് വിദഗ്ദ്ധരുടെ അനുമാനം. വവ്വാലുകളുടെ കോശങ്ങള്‍ക്ക് അസാമാന്യമായ പ്രതിരോധശേഷി ഉള്ളതുമൂലം വൈറസ് ബാധിച്ചാലും അവയ്ക്ക് രോഗം പിടിപെടില്ല. മൃഗങ്ങളിലും മനുഷ്യരിലുമാണ് വൈറസ് മാരകമാകുക.

വവ്വാലുകളുടെ ജൈവിക ആവാസവ്യവസ്ഥ നശിക്കുന്നതോടെ അവയിലുണ്ടാകുന്ന മാനസികസമ്മര്‍ദ്ദത്തെ തുടര്‍ന്ന് സ്രവങ്ങളിലൂടെയും കാഷ്ഠത്തിലൂടെയും കൂടുതല്‍ വൈറസുകളെ പുറന്തള്ളുകയും വലിയ തോതില്‍ വ്യാപനത്തിന് ഇടയാക്കുകയും ചെയ്യുന്നതായി നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസിലെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. വന്യജീവികളും പക്ഷികളുമായി മനുഷ്യരുടെ സമ്പര്‍ക്കം വര്‍ദ്ധിച്ചത് അപകടം വിളിച്ചുവരുത്തുന്നതായി വിദഗ്ദ്ധര്‍ പറയുന്നു. ദക്ഷിണ പൂര്‍വേഷ്യയിലും ചൈനയിലും നിലവിലുള്ള മാര്‍ക്കറ്റുകളില്‍ ഇറച്ചി ആവശ്യത്തിനായി പക്ഷികളെയും മൃഗങ്ങളെയും പ്രദര്‍ശിപ്പിക്കുന്നത് പതിവാണ്. ശുചിത്വം തീരെയില്ലാത്ത ഇത്തരം ചന്തകളിലൂടെയാകാം വൈറസ് വ്യാപനം ഉണ്ടായതെന്നും വിദഗ്ദ്ധര്‍ അനുമാനിക്കുന്നു.

ENGLISH SUMMARY: Study report about virus spreads through birds and animals

YOU MAY ALSO LIKE THIS VIDEO