Web Desk

കൊച്ചി:

January 30, 2021, 8:01 pm

ആഗോള താപനം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രളയത്തിന് വഴിവെക്കുമെന്ന് പഠനം

Janayugom Online

ആഗോള താപനത്തിന്റെ ഭാഗമായുള്ള കാലാവസ്ഥാ മാറ്റം കേരളം ഉൾപ്പെടുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭാവിയിൽ പ്രളയത്തിന് കാരണമായേക്കുമെന്ന് പഠനം. ട്രോപിക്കൽ മേഖലയിലെ മഴ ബെൽറ്റ് സ്ഥാനഭ്രംശം സംഭവിക്കുന്നതാണ് കാരണം. 27 കാലാവസ്ഥാ പ്രവചന മാതൃകൾ അടിസ്ഥാനമാക്കി നടത്തിയ പഠനം കഴിഞ്ഞ 18 ന് നേച്വർ ക്ലൈമറ്റ് ചേഞ്ചിലാണ് പ്രസിദ്ധീകരിച്ചത്. ഒൻപത് വിദേശ കാലാവാസ്ഥാ ശാസ്ത്രജ്ഞർ ചേർന്നാണ് ഈ വിഷയത്തിൽ പഠനം നടത്തിയത്. 2100 ഓടെ ഭൂമധ്യരേഖാ സംയോജന മേഖല (Inter trop­i­cal Con­ver­gence Zone ITCZ) ഇപ്പോഴത്തെ സ്ഥാനത്തേക്കാൾ കൂടുതൽ വടക്കോട്ട് മാറുമെന്നാണ് അനുമാനിക്കുന്നത്.

എന്താണ് മഴ ബെൽറ്റ്

ഭൂമധ്യരേഖാ സംയോജന മേഖല (ITCZ) എന്നറിയപ്പെടുന്ന ന്യൂനമർദ മേഖലയെയാണ് മഴ ബെൽറ്റ് എന്നറിയപ്പെടുന്നത്. ഭൂമധ്യരേഖയോട് ചേർന്ന് ഭൂമിക്ക് ചുറ്റം അരഞ്ഞാണം പോലെ കാണപ്പെടുന്ന മേഖലയാണിത്. ഉത്തരാർധ, ദക്ഷിണാർധ ഗോളത്തിലെ കാറ്റിന്റെ പ്രവാഹങ്ങൾ സംഗമിക്കുന്നതിനാലാണ് ഇതിന് (Inter trop­i­cal Con­ver­gence Zone ITCZ) എന്ന പേര് ലഭിച്ചത്.

ഡിസംബർ മുതൽ ജനുവരി വരെയുള്ള ശീതകാലത്ത് ഇന്ത്യയിൽ നിന്ന് തെക്ക് ഭൂമധ്യരേഖാ പ്രദേശത്തോട് ചേർന്നാണ് ഭൂമധ്യരേഖാ സംയോജന മേഖല കാണപ്പെടുന്നത്. ദക്ഷിണാർധ ഗോളത്തിലെ വേനൽക്കാലമായതിനാലാണിത്. ഫെബ്രുവരി മുതൽ ഇത് വടക്കോട്ട് നീങ്ങിത്തുടങ്ങും. മാർച്ച്- മെയ് മാസങ്ങളിൽ ശ്രീലങ്കക്ക് സമീപം വരെയും ജൂൺ‑ജൂലൈ മാസങ്ങളിൽ വടക്കേ ഇന്ത്യയ്ക്ക് മുകളിലും എത്താറുണ്ട്. മൺസൂൺ, വേനൽ മഴ എന്നിവയെ ഇത് സ്വാധീനിക്കുന്നു.

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇപ്പോഴത്തെ പൊസിഷനിൽ നിന്ന് കൂടുതൽ വടക്കോട്ട് നീങ്ങുന്ന മഴ ബെൽറ്റിന്റെ സ്ഥാനം കിഴക്കൻ ആഫ്രിക്ക, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിലാകും. ഉത്തരാർധ ഗോളത്തിലെ താപനം ദക്ഷിണാർധ ഗോളത്തേക്കാൾ വർധിക്കുന്നതാണ് ഇതിനു കാരണം. ആർട്ടിക് സമുദ്രത്തിലെ ഐസ് ഉരുകുന്നതും ഹിമാലയത്തിലെ മഞ്ഞുരുക്കവും കൂടുന്നത് കാലാവസ്ഥയെ ബാധിക്കുന്ന അൽബെഡോ പ്രതിഭാസം (Albe­do effect) കുറയാൻ ഇടയാക്കും. വെളുത്ത മഞ്ഞുമേഖലകൾ സൗരോർജത്തെ അന്തരീക്ഷത്തിലേക്ക് തന്നെ പ്രതിഫലിപ്പിക്കുന്നതാണ് അൽബെഡോ പ്രതിഭാസം. ഐസ് ഇല്ലാതാകുന്നതോടെ അന്തരീക്ഷം കൂടുതൽ ചൂടാകുന്നതിനു കാരണമാകും. കേരളത്തിൽ തുടർച്ചയായി പ്രളയം ആവർത്തിക്കുന്നത് ഉത്തരാർധ ഗോളത്തിൽ ചൂട് കൂടുന്നതാണോ എന്ന ഗവേഷണവും നടക്കുന്നുണ്ട്.

ENGLISH SUMMARY: Study shows glob­al warm­ing could lead to floods in south­ern states

YOU MAY ALSO LIKE THIS VIDEO