Web Desk

വാഷിങ്ടണ്‍

August 18, 2020, 8:33 pm

കോവിഡ് മുക്തരുടെ ശരീരം പ്രതിരോധ ശേഷി നേടുമെന്ന് പുതിയ പഠനം

Janayugom Online

ലോകത്ത് കോവിഡ് വ്യാപനം വര്‍ധിച്ചു വരുമ്പോള്‍ പ്രതീക്ഷ നല്‍കുന്നതാണ് വാഷിങ്ടണിലെ പുതിയ കണ്ടെത്തല്‍. കോവിഡ് വൈറസ് ബാധിച്ചവരുടെ ശരീരത്തില്‍ ഉണ്ടാകുന്ന ആന്റിബോഡികള്‍ രോഗം വീണ്ടും വരുന്നതിനെ തടയുമെന്നാണ് യുഎസില്‍ കണ്ടെത്തിയിരിക്കുന്നത്. യുഎസിലെ സിയാറ്റിലിൽ മീൻപിടിത്ത കപ്പലിലുണ്ടായ കോവിഡ് വ്യാപനത്തില്‍ രോഗമുക്തി നേടിയ മൂന്ന് പേരില്‍ നടത്തിയ പഠനമാണ് വഴിത്തിരിവായത്. ഇവരുടെ ശരീരത്തിലെ കോവിഡിനെതിരെയുള്ള ആന്റിബോഡികള്‍ വൈറസിനെ ചെറുത്ത് നില്‍ക്കാന്‍ സഹായകമാകുമെന്ന് ഗവേഷകര്‍ കണ്ടെത്തിയതാണ് പ്രതീക്ഷ നല്‍കുന്നത്.

പതിനെട്ട് ദിവസം കടലില്‍ കഴിഞ്ഞ കപ്പലിലെ 122 ജീവനക്കാരില്‍ 104 പേരുടെയും രോഗത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. ആന്റിബോഡി (സീറോളജിക്കൽ, ആർടി–പിസിആർ (Real ​Time Poly­merase Chain Reac­tion) തുടങ്ങിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. വാക്സിനുകള്‍ രോഗബാധിതരില്‍ ഫലം കണ്ടെത്തുമെന്ന് പ്രതീക്ഷയും ഇതിലൂടെ ഉയരുകയാണ്. ശരീരം പ്രതിരോധശേഷി കൈവരിക്കുമെന്ന് ശരീരത്തിലൂണ്ടാകുന്ന ആന്റിബോഡികളുടെ സാന്നിധ്യത്തിലൂടെ മനസിലാക്കാന്‍ സാധിക്കുമെന്ന് വാഷിങ്ടണ്‍ സർവകലാശാലയിലെ അസിസ്റ്റൻ് ഡയറക്ടർ അലക്സാണ്ടർ ഗ്രെനിങർ വ്യക്തമാക്കി. വാഷിങ്ടണ്‍ സർവകലാശാല, സിയാറ്റിലെ ഫ്രഡ് ഹച്ച് കാൻസർ റിസർച്ച് സെന്റർ എന്നിവടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് പുതിയ പഠനം സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.

104 പേരില്‍ നടത്തിയ ആർടി-പിസിആർ പോസിറ്റീവ് വൈറൽ ടെസ്റ്റാണ് ഫലം കണ്ടെത്തിയത്. തുടര്‍ച്ചയായ 50 ദിവസമാണ് പരിശോധന നടന്നത്. ടെസ്റ്റില്‍ മൂന്ന് ജീവനക്കാർക്കു മാത്രമായിരുന്നു പോസിറ്റീവായിരുന്നത്. ഇവർക്ക് ഒരു തരത്തിലുള്ള രോഗ ലക്ഷണങ്ങളുമില്ലായിരുന്നു. 39 ജീനോമുകളുടെ ജീനോമിക് വിശകലനവും ഗവേഷകർ നടത്തിയിരുന്നു. ഇതിലൂടെയാണ് കോവിഡിന്റെ ഉറവിടം കണ്ടെത്തിയത്. കപ്പലിൽ ഉണ്ടായിരുന്ന 120 പേരിൽ 18 പേർക്ക് കോവിഡ് ബാധിച്ചതേയില്ല. ആന്റിബോഡികൾ ഉണ്ടായിരുന്ന മൂന്നുപേർ ഇവരുമായി ബന്ധം പുലർത്തിയിരുന്നില്ലെന്നും കണ്ടെത്തി. ആദ്യ ഘട്ടത്തില്‍ സീറോളജിക്കൽ സാംപിളിൽ ആറു പേരിലാണ് ആന്റിബോഡികള്‍ കണ്ടെത്തിയത്. എന്നാൽ പരിശോധനയുടെ രണ്ടാംഘട്ടത്തില്‍ അത് മൂന്നു പേരിൽ മാത്രമായി ചുരുങ്ങി. സീറോളജിക്കൽ അനാലിസിസിൽ, ശരിയായ തരത്തിലുള്ള ആന്റിബോഡി പരിശോധന തിരഞ്ഞെടുക്കുന്നത് നിർണായകമാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.

ENGLISH SUMMARY:study shows that covid recov­ered should be pro­tect­ed again from virus
You may also like this video