October 6, 2022 Thursday

Related news

October 6, 2022
October 2, 2022
September 21, 2022
September 18, 2022
August 29, 2022
August 18, 2022
August 11, 2022
August 10, 2022
August 9, 2022
July 22, 2022

സുവാരസ് യാത്രയായി; പുതിയ തട്ടകം അത്‌ലറ്റിക്കോ മാഡ്രിഡ് !

Janayugom Webdesk
ബാഴ്സലോണ
September 24, 2020 9:56 pm

ബാഴ്സലോണയില്‍ പുതിയ പരിശീലകനായി റൊണാള്‍ഡ് കോമാന്‍ വന്നതോടുകൂടി വമ്പന്‍ അഴിച്ചുപണികള്‍ ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ എല്ലാവരെയും അമ്പരപ്പെടുത്തിയ നീക്കമായിരുന്നു ലൂയി സുവാരസ് ബാഴ്സലോണയുടെ പുറത്തേക്ക് പോകുന്നത്. ഒടുവില്‍ അത് സംഭവിച്ചു. സുവാരസ് ബാഴ്സ വിട്ടു. ബാഴ്സ വിട്ട താരം ഇറ്റാലിയന്‍ ലീഗിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക്കോ മാഡ്രിഡിലേക്കാണ് താരം എത്തിപ്പെട്ടത്. ഒരു വർഷം കൂടി ബാഴ്സയുമായുള്ള കരാർ ബാക്കി നിൽക്കേയാണ് സുവാരസ് ക്ലബ്ബ് വിടാൻ തീരുമാനിച്ചത്. കരാർ റദ്ദാക്കിയാണ് താരം പുതിയ ക്ലബ്ബിലേക്ക് പോകുന്നത്. അത്‌ലറ്റിക്കോ മാഡ്രിഡുമായി രണ്ട് സീസണുകളിലേക്കാണ് സുവാരസ് ഉടമ്പടി ചെയ്തിരിക്കുന്നത്.

ബാഴ്സലോണയിലെ തന്റെ ഭാവിപദ്ധതികളില്‍ സുവാരസിന് സ്ഥാനമില്ലെന്ന് പുതിയ പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍ വ്യക്തമാക്കിയതോടെയാണ് സുവാരസ് പുതിയ ക്ലബ്ബ് തേടാന്‍ നിര്‍ബന്ധിതനായത്. കഴിഞ്ഞ ദിവസങ്ങളില്‍ സുവാരസ് ബാഴ്സ താരങ്ങള്‍ക്കൊപ്പം പരിശീലനം നടത്തിയിരുന്നു. സുവാരസിന് പുറമെ അര്‍തുറോ വിദാല്‍, ഇവാന്‍ റാകിടിച്ച് എന്നിവര്‍ക്കും ബാഴ്സയില്‍ ഒന്നും ചെയ്യാനില്ലെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. റാകിടിച്ച് സെവിയ്യയിലേക്ക് മടങ്ങിയപ്പോള്‍, വിദാല്‍ ഇന്റര്‍ മിലാനിലേക്ക് പറന്നു.

33കാരനായ താരം ആറ് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ബാഴ്സലോണയുടെ പടിയിറങ്ങുന്നത്. 2014ല്‍ ലിവര്‍പൂളില്‍ നിന്ന് സുവാരസ് ബാഴ്സലോണയിലെത്തിയത്. മെസി-സുവാരസ്-നെയ്മര്‍ ത്രയം ബാഴ്സലോണയ്ക്ക് വേണ്ടി ഒരുമിച്ച് കളിച്ചത് ബാഴ്സലോണയുടെ സുവര്‍ണ്ണ കാലഘട്ടം തന്നെയായിരുന്നു. ബാഴ്സയ്ക്കുവേണ്ടി 191 മത്സരത്തില്‍ നിന്ന് 147 ഗോള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ബാഴ്സലോണയ്‌ക്കൊപ്പം നാല് ലാലിഗ, നാല് കോപ്പാ ഡെല്‍റേ, ഓരോ ചാമ്പ്യന്‍സ് ലീഗ്,യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ് എന്നിവ സുവാരസ് നേടിയിട്ടുണ്ട്.

Eng­lish summary:Suarez left Barcelona

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.