സുഭ്രദകുമാരി ചൗഹാന്‍: ഹിന്ദി സാഹിത്യത്തിലെ വീരാംഗന

Web Desk
Posted on February 16, 2018, 1:58 am

സമകാലികരായ കവയിത്രികള്‍ പ്രണയത്തെയും ഭക്തിയെയും കുറിച്ച് പാടിയപ്പോള്‍ വീരരസപ്രധാനമായ കവിതകളിലൂടെ ശ്രദ്ധ നേടിയ കവയിത്രിയാണ് സുഭദ്രകുമാരി ചൗഹാന്‍. ഝാന്‍സി റാണിയെന്ന ഒരൊറ്റ കവിത മതിയാകും സുഭദ്രകുമാരി ചൗഹാന്‍ എന്ന ഹിന്ദി കവയിത്രിയെ വിലയിരുത്താന്‍.
ബ്രിട്ടീഷ് ഇന്ത്യയിലെ ആഗ്ര‑ഔധ് പ്രവിശ്യയിലെ അലഹബാദിലായിരുന്നു സുഭദ്രയുടെ ജനനം. 1904 ആഗസ്റ്റ് 16ന് ജനിച്ച ഇവര്‍ നാല്‍പ്പത്തിമൂന്നാം വയസില്‍ തന്റെ കവിതാ സപര്യ അവസാനിപ്പിച്ച് മടങ്ങി.
1921ല്‍ ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടയായി രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ഭാഗഭാക്കായി. നാഗ്പൂരില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട ആദ്യ വനിതയെന്ന ഖ്യാതിയും സുഭദ്രക്കായിരുന്നു. 1923ലും 42ലും ഇവര്‍ ജയില്‍വാസം അനുഭവിച്ചു.
ഹിന്ദി സാഹിത്യ ലോകത്ത് ഏറ്റവും ഏറെ ആലപിക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത കവിതയാണ് ഝാന്‍സി കി റാണി. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ഝാന്‍സി റാണി നടത്തിയ പോരാട്ടമാണ് ഇതിലെ ഇതിവൃത്തം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുളള സ്‌കൂളുകളില്‍ ഇതിലെ കവിതാ ശകലങ്ങള്‍ ഇന്നും പഠിപ്പിക്കുന്നുമുണ്ട്. ഇത് വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുമുണ്ട്.
നാഗ്പൂരില്‍ നിന്ന് ജബല്‍പൂരിലേക്കുളള യാത്രയ്ക്കിടെ കാറപകടത്തിന്റെ രൂപത്തില്‍ മരണം ഇവരെ തേടിയെത്തുകയായിരുന്നു. 1948 ഫെബ്രുവരി പതിനഞ്ചിനായിരുന്നു അത്. ഇവരോടുളള ബഹുമാന സൂചകമായി ഇന്ത്യന്‍ തീര സംരക്ഷണ സേനയുടെ ഒരു കപ്പലിന് സുഭദ്രകുമാരി ചൗഹാന്‍ എന്ന് പേരിട്ടു. ജബല്‍പൂരില്‍ ഇവരുടെ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. ഇവരുടെ സ്മരണക്കായി 1976 ആഗസ്റ്റ് ആറിന് ഒരു സ്റ്റാമ്പ് പുറത്തിറക്കി തപാല്‍ വകുപ്പും ഇവരെ ആദരിച്ചു.
രാജ്യം സുഭദ്രകുമാരി ചൗഹാന്റെ എഴുപതാം ചരമവാര്‍ഷികത്തില്‍ അവര്‍ക്ക് ആദരം അര്‍പ്പിച്ചു.