Web Desk

January 03, 2020, 2:56 pm

വെള്ളാപ്പള്ളി നടേശൻ ഈഴവ സമൂഹത്തിന്റ രക്തം കുടിക്കുന്ന ഡ്രാക്കുള; സുഭാഷ്​ വാസു

Janayugom Online

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുഭാഷ് വാസു. ഈഴവ സമൂഹത്തിന്റ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി നടേശന്‍ എന്നും ആയിരക്കണക്കിന് കോടി രൂപയാണ് യോഗം അംഗങ്ങളില്‍ നിന്നായി വെള്ളാപ്പള്ളി നടേശൻ തട്ടിയെടുത്തതെന്നും സുഭാഷ്​ വാസു വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

മദ്യ കച്ചവടമാണ് വെള്ളാപ്പള്ളി നടേശന്‍ ചെയ്യുന്നത്. എസ്എന്‍ഡിപി യിലൂടെ അനധികൃതമായി സമ്പാദിച്ച സ്വത്ത് സംരക്ഷിക്കാന്‍ വേണ്ടിയാണ് എന്‍ഡിഎയ്ക്ക്​ ഒപ്പം നില്‍ക്കുന്നത്. ആഗോള ചൂതാട്ട കേന്ദ്രമായ മക്കാവു ദ്വീപില്‍ വരെ വെള്ളാപ്പള്ളിയ്ക്കും കുടുംബത്തിനും സ്വത്തുണ്ട്​. ഇതെല്ലാം അവര്‍ അനധികൃതമായി സമ്പാദിച്ചതാണ്. വെള്ളാപ്പള്ളി നടത്തിയ വലിയ അഴിമതികളുടെയും കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളുടേയും വിവരങ്ങള്‍ ജനുവരി 16‑ന് തിരുവനന്തപുരത്ത് ടിപി സെന്‍കുമാറിനൊപ്പം പത്രസമ്മേളനം നടത്തി വെളിപ്പെടുത്തും.

തുഷാര്‍ വെള്ളാപ്പള്ളി പ്രവര്‍ത്തകരെ വഞ്ചിക്കുകയാണ്​. പത്രസമ്മേളനം നടത്തുമ്പോള്‍ മാത്രമാണ് തുഷാര്‍ പ്രസിഡന്റ്​ ആകുന്നതെന്നും ബിഡിജെഎസിന് വേണ്ടി പ്രവര്‍ത്തിച്ചത് താനാണെന്നും സുഭാഷ്​ വാസു പറഞ്ഞു​. ഒന്നാം മോദി സര്‍ക്കാറിന്റെ കാലത്ത് ബിഡിജെഎസിന് ലഭിച്ച മൂന്ന് സ്ഥാനങ്ങളില്‍ പ്രധാനപ്പെട്ട ചുമതലയിലൊന്നായ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് 2018ല്‍ലാണ് സുഭാഷ് വാസു നിയമിതനാകുന്നത്. എന്നാല്‍, അടുത്തിടെ വെള്ളപ്പാള്ളി നടേശനും സുഭാഷ് വാസുവും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരുന്നു.

Eng­lish Sum­ma­ry: Sub­ash Vasu shoots seri­ous alle­ga­tion against Vel­la­pal­ly Nate­shan and Thushar Vellapally.

you may also like this video;