ശുഭം ശുഭകരം

Web Desk
Posted on March 10, 2018, 6:54 pm

വി മായാദേവി

പുറംമോടികളൊന്നുമില്ലാത്തൊരു വീട്ടിലേക്കാണ് കയറിച്ചെന്നത്. സ്വീകരിക്കാന്‍ ഉമ്മറത്തെത്തിയ യുവതിയിലും ബാഹ്യമോടികളൊന്നുമില്ല. ഇവരെ തന്നെയാണോ തേടി വന്നതെന്ന് ഒരു വേള സംശയിച്ചു.
സ്വീകരണമുറിയിലേക്ക് കടന്നപ്പോള്‍ ടെലിവിഷന്‍ സ്റ്റാന്‍ഡില്‍ അടുക്കി വച്ചിരിക്കുന്ന പുരസ്‌കാരത്തിളക്കം കണ്ണഞ്ചിപ്പിച്ചു എന്ന് പറഞ്ഞാല്‍ തെല്ലും അതിശയോക്തിയില്ല. പറഞ്ഞ് വരുന്നത് പന്തളം ശുഭ രഘുനാഥന്‍ എന്ന അനുഗ്രഹീത ഗായികയെക്കുറിച്ചാണ്. പന്തളത്തെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച ശുഭക്ക് അവകാശപ്പെടാന്‍ യാതൊരു സംഗീത പാരമ്പര്യവും ഇല്ല. അമ്മ പാട്ടുകള്‍ മൂളുമായിരുന്നു. മൂത്ത രണ്ട് സഹോദരന്‍മാര്‍ സംഗീത രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കീ ബോര്‍ഡും തബലയുമാണ് അവരുടെ തട്ടകം. അവര്‍ക്ക് പിന്നാലെ നടന്ന് താളവും രാഗവും ഒക്കെ കുട്ടി ശുഭ എങ്ങനെയോ ഉള്ളിലേക്ക് ആവാഹിച്ചു.
മൂന്നാം ക്ലാസില്‍ പഠിച്ച് കൊണ്ടിരിക്കെ സ്‌കൂളില്‍ സംഗീതാധ്യാപകനായെത്തിയ വെണ്‍മണി സുകുമാരനാണ് ശുഭയുടെ സംഗീത ജീവിതത്തിന് ശുഭകരമായ ഒരു തുടക്കമിട്ടത്. ആറാം ക്ലാസ് മുതല്‍ ശാസ്ത്രീയമായി തന്നെ സംഗീതം അഭ്യസിക്കാന്‍ തുടങ്ങി. പത്താം ക്ലാസിലൊക്കെ ആയപ്പോഴേക്കും നാടക ‑ബാലെ ട്രൂപ്പുകള്‍ക്ക് വേണ്ടി പാടാന്‍ തുടങ്ങി. ഗാനമേളകളിലും അവസരം കിട്ടി. പന്തളം ബാലന്റെ യും പ്രദീപ് കുമാറിന്റെയും ഗാന മേള ട്രൂപ്പില്‍ പോലും അന്ന് പാടാന്‍ സാധിച്ചു.
ചെറിയ ഗാനമേളകളും നാടക‑ബാലെ ഗാനങ്ങളും സംഗീത കച്ചേരികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് തിരുവനന്തപുരം സംഗീത കോളജിലെ ഗാനഭൂഷണം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുളള പരസ്യം ശ്രദ്ധയില്‍ പെട്ടത്. അപേക്ഷ നല്‍കി. അവിടെ പഠനവും ആരംഭിച്ചു.

കോഴ്‌സ് തീരാന്‍ കുറച്ച് നാളുകള്‍ മാത്രം അവശേഷിക്കെയാണ് പത്തനംതിട്ട സാരംഗ് ഓര്‍ക്കസ്ട്രയില്‍ പാടിക്കൊണ്ടിരുന്ന ഒരു ഗായികക്ക് എന്തോ അസൗകര്യമുണ്ടായത്. ഈ ട്രൂപ്പില്‍ കീബോര്‍ഡ് വായിച്ച് കൊണ്ടിരുന്ന ശുഭയുടെ സഹോദരന്‍ തിരുവനന്തപുരത്തെത്തി ശുഭയെയും കൂട്ടി ട്രൂപ്പിലെത്തി. അവിടെ നിന്ന് അവരുടെ ട്രൂപ്പിലെ സ്ഥിരം ഗായികയായി. അതിന് മുമ്പ് ഗാനമേളയില്‍ പാടിത്തുടങ്ങിയ കാലത്ത് പന്തളം ബാലന്റെ ട്രൂപ്പിലും സാന്നിധ്യമറിയിച്ചിട്ടുണ്ട് ഈ കലാകാരി. കോഴ്‌സ് പൂര്‍ത്തിയായതോടെ അടൂര്‍ ഭരത എന്ന ബാലെ ട്രൂപ്പിന് വേണ്ടി സ്ഥിരമായി ഗാനങ്ങള്‍ പാടി റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങി. കൈപ്പട്ടൂര്‍ അച്യുതന്‍, കുമരകം രാജപ്പന്‍, ആലപ്പി വിവേകാനന്ദന്‍, ആലപ്പി രംഗനാഥ്, തുടങ്ങി പല പ്രതിഭാധനരുടെയും നാടകങ്ങള്‍ക്ക് വേണ്ടി ഗാനങ്ങള്‍ ആലപിച്ചു. ഉദയകുമാര്‍ അഞ്ചല്‍, ഭരണിക്കാവ് അജയകുമാര്‍, വേണു അഞ്ചല്‍, തുടങ്ങിയവരുടെ സംഗീത സംവിധാനത്തിലായിരുന്നു ആലാപനം. നാടകഗാനങ്ങളും ബാലെഗാനങ്ങളിലും ഭക്തിഗാനങ്ങളിലും ഒരു പോലെ പാടാന്‍ അവസരം കിട്ടി. അര്‍ജുനന്‍ മാഷിന്റെയും സംഗീത സംവിധാനത്തില്‍ പാടാനായത് വലിയ ഭാഗ്യമായി ഈ കലാകാരി കരുതുന്നു.
2010ല്‍ കാളിദാസ കലാകേന്ദ്രത്തിന്റെ രമണന്‍ എന്ന നാടകത്തിലെ ഗാനാലാപനത്തിന് കേരള സംഗീത നാടക അക്കാഡമിയുടെ പുരസ്‌കാരം ലഭിച്ചു. പാട്ടുകാരി എന്ന നിലയില്‍ സര്‍ക്കാരിന്റെ ആദ്യ അംഗീകാരം. അഞ്ചല്‍ ഉദയകുമാറായിരുന്നു സംഗീത സംവിധാനം. വീണ്ടും ഒരിക്കല്‍ കൂടി ഈ കലാകാരിയെ തേടി സര്‍ക്കാരിന്റെ അംഗീകാരമെത്തി 2016ല്‍ കോഴിക്കോട് രംഗഭാഷയുടെ ‘കുടുംബനാഥന്റെ ശ്രദ്ധയ്ക്ക്’ എന്ന നാടകത്തിലെ ഗാനങ്ങള്‍ക്കായിരുന്നു ഇക്കുറി പുരസ്‌കാരം. പിന്നീട് ചെറുതും വലുതുമായ മറ്റ് നിരവധി പുരസ്‌കാരങ്ങള്‍.
ഒരിക്കല്‍ ഒരു ഗാനമേള വേദിയില്‍ കൈതപ്രം പറഞ്ഞ വാക്കുകള്‍ പുരസ്‌കാരങ്ങളെക്കാള്‍ പൊലിമയോടെ ഈ കലാകാരി ഹൃദയത്തില്‍ സൂക്ഷിക്കുന്നു. ‘നിങ്ങളെ പോലുളള ഗായകര്‍ ചലച്ചിത്ര മേഖലകളിലേക്കും കടന്ന് വരണം. അങ്ങനെ കുറേക്കൂടി വലിയ ലോകം നിങ്ങള്‍ക്ക് മുന്നില്‍ തുറക്കപ്പെടണം.’
2014ല്‍ ഒരു അവസരം കിട്ടി. അഡ്വ. അനില്‍ വി നാഗേന്ദ്രന്‍ സംവിധാനം ചെയ്ത ‘വസന്തത്തിന്റെ കനല്‍ വഴികള്‍’ എന്ന ചിത്രത്തില്‍ ’ ആളുമഗ്നി നാളമാണ് ചെങ്കൊടി‘എന്ന ഗാനമാലപിച്ചാണ് ചലച്ചിത്ര രംഗത്ത് തന്റെ സാന്നിധ്യം ഇവള്‍ അറിയിച്ചത്. ‘ട്രെയിന്‍’ എന്ന ചിത്രത്തിന് വേണ്ടി ഒരു ഗാനം തന്നെക്കൊണ്ട് നാദിര്‍ഷ പാടിച്ചെങ്കിലും ചിത്രത്തില്‍ മറ്റൊരാളാണ് ആ ഗാനം ആലപിച്ചതെന്നും ശുഭ പറയുന്നു.
സീരിയലുകളുടെ തുടക്കക്കാലത്ത് ചിലതിന് ടൈറ്റില്‍ ഗാനങ്ങളും പാടിയിട്ടുണ്ട്. സൂര്യയില്‍ സംപ്രേഷണം ചെയ്ത ‘സ്ത്രീ ജന്മം’, കൈരളിയിലെ ‘ദയ’, ചില ടെലിഫിലിമുകള്‍ എന്നിവയിലും പാടിയിട്ടുണ്ട്.


ചില ടെലിവിഷന്‍ ഷോകളില്‍ ഓഡിഷന് പോയിട്ടുണ്ടെങ്കിലും അവരുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുളള പ്രകടനം നടത്താന്‍ തനിക്ക് കഴിഞ്ഞില്ലെന്നും ശുഭ വ്യക്തമാക്കുന്നു. അത് വേറൊരു ലോകമാണ്. ആടാനും പാടാനും കഴിവുള്ളവരെയാണ് അവിടെ ആവശ്യം. തന്നെ പോലുളളവര്‍ക്ക് പറ്റിയ മേഖലയല്ലെന്ന് മനസിലാക്കി പിന്തിരിഞ്ഞു. സഹോദരന്‍മാരായ കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് സോമരാജനും തബല വാദകനായ പുഷ്പരാജനും ഈ രംഗത്ത് വഴി കാട്ടികളായി ഒപ്പമുണ്ട്. അച്ഛന്‍ ചെറുപ്പത്തിലേ മരിച്ചു. അമ്മയ്ക്കും പാട്ടിനോടും സംഗീതത്തിനോടും താത്പര്യമാണ്. ഇതിനെല്ലാം ഉപരി ഭര്‍ത്താവ് രഘുനാഥനില്‍ നിന്ന് ലഭിക്കുന്ന പിന്തുണ ചെറുതല്ലെന്ന് ശുഭ പറയുന്നു. ചെറിയൊരു വര്‍ക്ക് ഷോപ്പ് നടത്തുന്ന രഘുനാഥന്‍ ശുഭയുടെ സംഗീത യാത്രയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും നല്‍കുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന മകന്‍ ദേവദര്‍ശന്‍ അമ്മയുടെ വഴിയേ തന്നെയാണ്. നാലാം വയസില്‍ ആറ്റുകാല്‍ ഭഗവതിയുടെ ഒരു ഭക്തിഗാനം പാടിയാണ് ദേവദര്‍ശന്‍ സംഗീത ലോകത്തേക്ക് ചുവടുകള്‍ വച്ചത്. കുഴിയാനകള്‍ എന്ന നാടകത്തിന് വേണ്ടി കുയ്യാന, ‘കുയ്യാന..കുയ്യാന…’ എന്ന ഗാനം ആലപിച്ച് കഴിഞ്ഞു. ‘ഗ്രീഷ്മം’ എന്ന ആല്‍ബത്തിലേക്കും അടുത്തിടെ പാടി. ഇത്തവണത്തെ സ്‌കൂള്‍ കലോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തിന് ജില്ലാ തലത്തില്‍ സെക്കന്റ് എ ഗ്രേഡ് ലഭിച്ചിരുന്നു.

വലിയ അംഗീകാരങ്ങളും അവസരങ്ങളുമില്ലെങ്കിലും ഇപ്പോഴത്തെ ജീവിതത്തില്‍ തികച്ചും തൃപ്തയാണിവര്‍. എന്നെങ്കിലും സിനിമയുടെ ലോകത്തേക്ക് കടന്ന് ചെല്ലാനാകുമെന്നും എപ്പോഴെങ്കിലും തന്നെപ്പോലെ ഒരാള്‍ക്ക് ആ ലോകത്ത് അവസരം കിട്ടുമെന്നുമുളള ശുഭാപ്തി വിശ്വാസവും ശുഭയ്ക്കുണ്ട്.